Orthodox Seminary Bi Centenary: Press Meet
കോട്ടയം: കേരളത്തിന്‍റെ സാംസ്കാരിക വിദ്യാഭ്യാസ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ച പഴയസെമിനാരി ദ്വിശതാബ്ദി സമാപനവും സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നവംബര്‍ 26ന് 10 മുതല്‍ നടത്തും. 25ന് ഉച്ചയ്ക്ക് രണ്ടിന് വേദശാസ്ത്ര സെമിനാറില്‍ അമേരിക്കയിലെ ഓര്‍ത്തഡോക്സ് വേദശാസ്ത്രജ്ഞരായ ഫാ. ഡോ. ജോണ്‍ ബേര്‍, ഫാ. ഡോ. സ്റ്റെഫാന്‍ വൊയ്തോവിച്ച് ഡീന്‍സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. ബിജേഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. രാവിലെ 10നുള്ള വേദശാസ്ത്ര സമ്മേളനത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്യും. പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ടി. ജെ. ജോഷ്വാ അനുഗ്രഹ പ്രഭാഷണം നടത്തും. ദ്വിശതാബ്ദി സമ്മേളനം 11.30ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം നിര്‍വ്വഹിക്കും. പരി. ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ശ്രേഷ്ഠ റ്റിക്കോണ്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, വൈദിക ട്രസ്റ്റ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. സജി അമയില്‍, പി. ആര്‍. ഒ ഫാ. കെ. എം. സഖറിയാ, ഡീക്കന്‍ ജോബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.
പഴയസെമിനാരി ദ്വിശതാബ്ദി നിറവില്‍
കേരളത്തിന്‍റെ സാംസ്ക്കാരിക നവോത്ഥാനത്തിലും, വിദ്യാഭ്യാസ-സാമൂഹിക-സഭാചരിത്രത്തിലും നിര്‍ണ്ണായക പങ്കാളിത്തം വഹിച്ച സ്ഥാപനമാണ് കോട്ടയത്തെ പഠിത്തവീട് എന്നറിയപ്പെടുന്ന പഴയ സെമിനാരി. ഇരുനൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന പഠിത്തവീട് ‘ദ്വിശതാബ്ദി’ (1815-2015) ആഘോഷ നിറവിലാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെയും അച്ചടി മാധ്യമത്തിന്‍റെയും പ്രാരംഭം കുറിച്ചത് പഴയ സെമിനാരിയിലാണ്. 1813 ല്‍ പണി ആരംഭിച്ച് 1815 ല്‍ പഠനം ആരംഭിച്ച പഴയ സെമിനാരി എന്ന പഠിത്തവീടിന്‍റെ സ്ഥാനം കേരള സാംസ്കാരിക ചരിത്രത്തില്‍ സുപ്രധാനമാണ്. ഏ. ഡി. 1809ല്‍ കണ്ടനാട് പള്ളിയില്‍ കൂടിയ മലങ്കരയിലെ പള്ളി യോഗതീരുമാനപ്രകാരമാണ് കേണല്‍ മണ്‍ട്രോയുടെ സഹായത്തോടെ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ (പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍) സെമിനാരി ആരംഭിക്കുന്നത്. തിരുവിതാംകൂര്‍ റീജന്‍റ് മഹാറാണി ഗൗരി ലക്ഷ്മീഭായി സെമിനാരി പണിയുവാനുള്ള സ്ഥലം കരമൊഴിവായി നല്‍കി. ഗുരുകുല ശൈലിയിലുള്ള മല്പാന്‍ വീടുകളുടെയും ആധുനിക പാശ്ചാത്യ വിദ്യാലയങ്ങളുടെയും സമന്വയമായിരുന്നു പഴയ സെമിനാരിയിലെ വിദ്യാഭ്യാസ മാതൃക. ഇത് പഠിത്തവീട് എന്നും സിറിയന്‍ സെമിനാരി എന്നും സിറിയന്‍ കോളജ് എന്നും അറിയപ്പെട്ടു. ഇന്നിത് പഴയ സെമിനാരി എന്ന് പ്രശസ്തമാണ്. 1965ല്‍ കല്‍ക്കട്ട, സെറാംമ്പൂര്‍ സര്‍വകലാശാലയോടു അഫിലിയേറ്റു ചെയ്തതോടെ സെമിനാരി അക്കാദമിക്ക് മേഖലയില്‍ പ്രശസ്തമായി. ഒരു ‘ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ അക്കാദമി’ എന്ന ലക്ഷ്യത്തിലേക്കാണ് അക്കാദമിക് തലത്തില്‍ സെമിനാരി നീങ്ങുന്നത്. പൗരസ്ത്യ ഓര്‍ത്തഡോക്സ് ആദ്ധ്യാത്മീകതയും സമഗ്രമായ ക്രിസ്തീയ വിജ്ഞാനവും സമന്വയിപ്പിച്ച് പുതിയ നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടുവാന്‍ വൈദികരേയും വേദശാസ്ത്രജ്ഞരേയും സജ്ജീകരിക്കുക എന്ന നിര്‍ണ്ണായക ധര്‍മ്മം സെമിനാരി ഏറ്റെടുക്കുകയാണ്. പഴയ സെമിനാരി സ്ഥാപകന്‍ സഭാജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ (-1816), സഭാതേജസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ (1833-1909), മലങ്കരസഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ (1858-1934), ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് (1922-1996) എന്നീ പിതാക്കന്മാരുടെ കബറിടങ്ങള്‍ അനേകര്‍ക്ക് ആദ്ധ്യാത്മിക ചൈതന്യം പകരുന്നു. മലങ്കര സഭയുടെ അഭിമാന കേന്ദ്രമായ പഴയസെമിനാരിയിലേക്ക് അനേക വിശ്വാസികള്‍ ഇപ്പോള്‍ തീര്‍ത്ഥാടകരായി എത്തുന്നുണ്ട്.
സഭാ ചരിത്രത്തെ നയിക്കുന്ന പഴയ സെമിനാരി
ഫാ. ഒ. തോമസ് (പ്രിന്‍സിപ്പാള്‍)
ഏകദേശം രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള നമ്മുടെ സഭയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങളുണ്ട്. എന്നാല്‍ അത്രയും പഴക്കമുള്ള സ്ഥാപനങ്ങള്‍ നമുക്കില്ല. ഉള്ളതില്‍ ഏറ്റം പഴക്കം ചെന്ന സ്ഥാപനമാണ് പഴയസെമിനാരി എന്ന പഠിത്തവീട്. കോട്ടയം കോളേജ് എന്നൊരുകാലത്ത് അറിയപ്പെട്ടിരുന്നു. എന്തുകൊണ്ടെന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറില്‍ ആദ്യം ആരംഭിച്ചത് പഴയസെമിനാരിയുടെ മണ്ണിലാണ്. 1813ല്‍ പണിതുടങ്ങി 1815ല്‍ പൂര്‍ത്തിയാക്കിയ ഈ സ്ഥാപനം ഇപ്പോള്‍ 200 വര്‍ഷം പിന്നിടുന്നു. ഈ സ്ഥാപനം ഉണ്ടായതിനുശേഷമുള്ള സഭയുടെ ചരിത്രം അഭേദ്യമായി ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതും ഒരു വസ്തുതയാണ്. ഇട്ടൂപ്പ് റമ്പാന്‍, പിന്നീട് പുലിക്കോട്ടില്‍ ഒന്നാമന്‍ (സഭാ ജ്യോതിസ്സ്) തിരുമേനിയാണ് സെമിനാരിയുടെ സ്ഥാപകന്‍. ആ പിതാവിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 200-ാം ചരമ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്നേദിവസം നിര്‍വ്വഹിക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിന്‍റെ നവോത്ഥാനത്തിന് വഴിതെളിച്ചു എങ്കില്‍ അതിന്‍റെ അമരത്തു നില്‍ക്കുന്നത് കോട്ടയത്തെ ഈ പഠിത്തവീടാണ്. ഇവിടെയാണ് ആംഗ്ലേയഭാഷയുടെ ആദ്യാക്ഷരങ്ങള്‍ മനുഷ്യമനസ്സുകളില്‍ കോറിയിടുവാന്‍ തുടങ്ങിയത്. ഈ ഉദ്യമത്തില്‍ പാശ്ചാത്യ മിഷനറിമാരുടെ സഹായം ആദ്യം ഉണ്ടായിരുന്നുവെങ്കിലും, വിശ്വാസകാര്യങ്ങളില്‍ സഭയെ നവീകരിക്കുന്നതിനുള്ള അവരുടെ ഉദ്യമത്തെ ചെറുക്കുവാന്‍ ഇടയായതിനാല്‍ അവരുമായുള്ള സഖ്യം 1840 ഓടുകൂടി ഉപേക്ഷിച്ചു. അതിനുശേഷമാണ് കോട്ടയത്തെ സി. എം. എസ് കോളേജ് ആരംഭിച്ചത്. പഴയസെമിനാരിയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതിന് 200 വര്‍ഷം പഴക്കമായെങ്കിലും സി. എം. എസ് കോളേജിന് അക്കാര്യങ്ങളില്‍ അത്രയും പഴക്കം അവകാശപ്പെടാനാവില്ല. പിന്നീടുള്ള പഴയസെമിനാരിയുടെ ചരിത്രം വൈദികപരിശീലനത്തിലും, മലങ്കര മെത്രാപ്പോലീത്താമാരുടെ ആസ്ഥാനമെന്ന നിലയിലും തിളങ്ങിനില്‍ക്കുന്നു. സ്ഥാപകനായ പുലിക്കോട്ടില്‍ (ഒന്നാമന്‍) മാര്‍ ദീവന്നാസ്യോസ് ഒരുവര്‍ഷമേ ഇവിടെ താമസിച്ചുള്ളൂ. 1816ല്‍ അദ്ദേഹം കാലം ചെയ്തു. പുന്നത്ര മാര്‍ ദീവന്നാസ്യോസ്, ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ്, പുലിക്കോട്ടില്‍ രണ്ടാമന്‍ അഥവാ ദീവന്നാസ്യോസ് അഞ്ചാമന്‍, സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, ദേവലോകം അരമനയാകുന്നതുവരെ പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവായും ദീര്‍ഘനാളുകള്‍ ഇവിടെ താമസിച്ച് സഭാഭരണം നിര്‍വ്വഹിച്ചവരാണ്. ആ ഘട്ടം കഴിഞ്ഞപ്പോള്‍ പഴയസെമിനാരി ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി എന്നനിലയില്‍ വൈദിക വിദ്യാഭ്യാസത്തിന്‍റെ പൗരാണികവും ആധുനികവുമായ ശൈലികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠിത്തവീടായി മാറി. പരിശുദ്ധ ബസ്സേലിയോസ് മാത്യൂസ് പ്രഥമന്‍ ബാവാതിരുമേനി, അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി, പണ്ഡിതാഗ്രേസരനായ അഭിവന്ദ്യ പൗലൂസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ സെമിനാരിക്ക് നേതൃത്വം നല്‍കിയവരാണ്. ഇപ്പോഴത്തെ പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം മെത്രാപ്പോലീത്താമാരും ഈ സെമിനാരിയുടെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. അതുകൊണ്ടാണ് സഭയുടെ ചരിത്രം ഇന്നും പഴയസെമിനാരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു എന്നു നേരത്തേ സൂചിപ്പിച്ചത്. ഇപ്പോള്‍ വൈദിക പരിശീലനത്തിന് നാഗ്പ്പൂരില്‍ ഒരു സെമിനാരിയുണ്ടായിട്ടുണ്ട്. സഭയുടെ ഉത്തരേന്ത്യന്‍ മിഷനും ദേശീയ സ്വഭാവവും, കരുപ്പിടിപ്പിക്കുന്നതില്‍ നാഗ്പൂര്‍ സെന്‍റ് തോമസ് സെമിനാരിക്കും ഒരു വലിയ പങ്കുവഹിക്കാനുണ്ടാവും.സെമിനാരി ദ്വിശതാബ്ദിയോടനുബന്ധിച്ച് ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കുകയുണ്ടായി. 2014 ഫെബ്രുവരി 2-ാം തീയതി കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ദ്വിശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം നടത്തി. അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ നാമധേയത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശ്രേയസ്സ് എന്ന ഹോസ്റ്റല്‍, തിരുവചനഭാഷ്യം പരിഷ്ക്കരിച്ച പതിപ്പ്, ഇന്‍ഡ്യന്‍ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയ പഴയസെമിനാരിയുടെ പോസ്റ്റല്‍ സ്റ്റാംപ്, സെറാംപൂര്‍ കോണ്‍വൊക്കേഷന്‍, ഡിജിറ്റല്‍ ലൈബ്രറി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വൈദികരുടെ സംഗമം തുടങ്ങിയവ ദ്വിശതാബ്ദി പരിപാടികളില്‍ ചിലതു മാത്രമാണ്. മുന്‍ പ്രിന്‍സിപ്പാള്‍ ബഹു. ജേക്കബ് കുര്യന്‍ അച്ചനാണ് ഈ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയത്.ദ്വിശതാബ്ദി പരിപാടികള്‍ക്ക് ഔപചാരികമായി സമാപനം കുറിക്കുന്ന ഒരു ചടങ്ങ് നവംബര്‍ 26ന് നടക്കുന്നുവെങ്കിലും ഇനിയും പൂര്‍ത്തീകരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ബാക്കി നില്‍ക്കുന്നുണ്ട്. നാലുകെട്ട് (200 വര്‍ഷം മുന്‍പുണ്ടായ കെട്ടിട സമുച്ചയം) നല്ലനിലയില്‍ പുനരുദ്ധരിച്ച് ചരിത്രസ്മാരക മന്ദിരമാക്കി മാറ്റേണ്ടിയിരിക്കുന്നു. പ്രിന്‍സിപ്പാള്‍, സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ക്യാമ്പസില്‍ തന്നെ താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് (ശ്രേയസ്സ് ഫെയ്സ് കക), പഴയസെമിനാരിയുടെ സമഗ്രചരിത്രം, സഭാവിജ്ഞാനകോശത്തിന്‍റെ പരിഷ്ക്കരിച്ച പതിപ്പ്, ദ്വിശതാബ്ദി സുവനീര്‍, പഴയസെമിനാരി ക്യാംപസിന്‍റെ സൗന്ദര്യാസ്വാദകമായ നിലയിലുള്ള പുതുക്കം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യുവാനുണ്ട്. 200 വര്‍ഷത്തെയും ഇനിയുമുള്ള സഭയുടെ ചരിത്രവും പഴയസെമിനാരിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സഭാമക്കളുടെ മുഴുവനായ പ്രാര്‍ത്ഥനയും സഹായ സഹകരണങ്ങളും എന്നാളും സെമിനാരിയ്ക്കാവശ്യമുണ്ട്. ദൈവത്തിന്‍റെ അളവറ്റ കൃപയും സെമിനാരിയുടെ സ്ഥാപകന്‍ ഉള്‍പ്പെടെ ഇവിടെ കബറടങ്ങിയ പിതാക്കന്മാരുടെ മദ്ധ്യസ്ഥതയും, സഭാവിശ്വാസികളുടെ നിര്‍ലോഭമായ സഹായങ്ങളുമാണ് സെമിനാരിയെ എന്നും നയിക്കുന്നത്. പരിശുദ്ധ കാതോലിക്കാബാവാ തിരുമേനി പരി. എപ്പിസ്ക്കോപ്പന്‍ സുന്നഹോദസ്, സെമിനാരി ഗവേണിംഗ് ബോര്‍ഡ്, മാനേജിംഗ് കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി എല്ലാറ്റിനുമുപരി വൈദികസെമിനാരി ദിനപ്പിരിവിലൂടെ നമ്മുടെ ഇടവകകള്‍, സെമിനാരി സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ കാലാകാലങ്ങളില്‍ തന്നുകൊണ്ടിരിക്കുന്ന കൈത്താങ്ങലുകള്‍ക്ക് വളരെ നന്ദി. ഈ ചടങ്ങില്‍ നിങ്ങള്‍ എല്ലാവരും വന്നുസംബന്ധിച്ചതിലും കൃതജ്ഞതയുണ്ട്. മേലിലും സഹായം സഹകരണങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.


