Launching of the Academic Activities of Dr Paulos Mar Gregorios Chair. M TV Photos
ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് വിശ്വമാനവികതയ്‌ക്ക് നൽകിയ സംഭാവനകൾ അതുല്യം
കോട്ടയം: ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് സമഭാവനയിലും സഹാനുഭൂതിയിലും സഹവർത്തിത്വത്തിലുമൂന്നിയ വിശ്വമാനവികത വളർത്തിയെടുക്കാൻ നൽകിയ സംഭാവനകൾ അതുല്യമാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എംജി സർവകലാശാലയിലെ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ചെയറിന്റെ അക്കാദമിക പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രിഗോറിയോസ് തിരുമേനി പ്രവർത്തനമേഖല രാജ്യാന്തര തലത്തിലേക്കുയർത്തിയതുവഴി ഇന്ത്യയുടെ സാംസ്‌കാരിക അബാസഡറായി മാറുകയായിരുന്നു. ജാതി-മത-വർഗ-സംസ്കാര വ്യത്യാസങ്ങളില്ലാതെ സഹവസിക്കാൻ പ്രേരിപ്പിക്കുന്ന വിശ്വമാനവികതയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ ഉദാത്ത ലക്ഷ്യം കൈവരിക്കാൻ വളരെയേറെ ശ്രമങ്ങൾ അനിവാര്യമാണ്. സർവകലാശാല ഏറ്റെടുത്ത ഈ അക്കാദമിക ദൗത്യം അഭിനന്ദനീയമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്‌റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് രചിച്ച പാശ്ചാത്യ-പൗരസ്‌ത്യ തത്വചിന്തകൾ എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. മാർ ഗ്രിഗോറിയോസിന്റെ ഇതര രചനകൾ സർവകലാശാല ലൈബ്രറിക്കു സമ്മാനിച്ചു. കൊച്ചി നാഷനൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. റോസ് വർഗീസ്, എംജി പ്രൊ വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ, സിൻഡിക്കറ്റംഗങ്ങളായ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ജോർജ് വർഗീസ്, പ്രൊഫ. സണ്ണി കെ. ജോർജ്, റജിസ്‌ട്രാർ എം.ആർ. ഉണ്ണി, പഠനപീഠാധ്യക്ഷൻ ഫാ. ഡോ. കെ.എം. ജോർജ്, ചെയർ കോ-ഓർഡിനേറ്റർ പ്രൊഫ. സുരേഷ് മാത്യു, ഗാന്ധിയൻ പഠന മേധാവി ഡോ. റോയി സി. മാത്യു, പിആർഒ ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.




