സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാൾ ആഘോഷിച്ചു

pazhanji_perunnal_2015_3 pazhanji_perunnal_2015_4

പഴഞ്ഞി ∙ യെൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ച സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാളിനു പതിനായിരങ്ങളെത്തി. വിശ്വാസതീക്ഷ്ണതയിൽ പള്ളിയിലെ ശുശ്രൂഷകളിലും ആഘോഷങ്ങളിലും പങ്കെടുത്ത വിശ്വാസികൾ ഓർമപെരുനാളിന്റെ പ്രധാന വഴിപാടായ മുട്ടുകുത്തലിലും പങ്കെടുത്തു. പള്ളിയിൽ ഒരുക്കിയ പൊതുസദ്യയിലും പങ്കെടുത്താണു നാനാജാതിമതസ്ഥരായ നാട്ടുകാർ മടങ്ങിയത്.

ഇന്നലെ രാവിലെ പഴയ പള്ളിയിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യകാർമികനായി മൂന്നിന്മേൽ കുർബാന അർപ്പിച്ചു. ഫാ. സക്കറിയ കൊള്ളന്നൂർ, ഫാ. ഏബ്രഹാം തോമസ് എന്നിവർ സഹകാർമികരായി. ഒൻപതിനു പുതിയ പള്ളിയിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. വൈദികരായ വി.എം. ശാമുവേൽ, ജോസി, ജിസ് ജോൺസൺ, ബിജുലാൽ എന്നിവർ സഹകാർമികത്വം വഹിച്ചു. സഭയിലെ ഒട്ടേറെ വൈദികരും ശുശ്രൂഷയിൽ പങ്കെടുത്തു.

ഉച്ചയോടെ ആരംഭിച്ച പ്രാദേശിക കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകൾ പള്ളിയിലെത്തി സമാപിച്ചതോടെ പ്രദക്ഷിണം ആരംഭിച്ചു. പതാകയേന്തി ട്രസ്റ്റി സി.ഐ. സിംജോ പ്രദക്ഷിണം നയിച്ചു. ഇതിനു പിന്നിലായി പള്ളി കമ്മിറ്റിക്കാരും ഇടവകാംഗങ്ങളും അണിനിരന്നു. പള്ളികളിൽ ധൂപപ്രാർഥനയ്ക്കുശേഷം ആരംഭിച്ച പ്രദക്ഷിണത്തിനു മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി. വിവിധ കുരിശുപള്ളികളിൽ ധൂപപ്രാർഥനയ്ക്കുശേഷം പ്രദക്ഷിണം പള്ളിയിലെത്തി സമാപിച്ചു. തുടർന്നു പതിനായിരങ്ങൾ പങ്കെടുത്ത പൊതുസദ്യയും നടന്നു.