പഴഞ്ഞി കത്തീഡ്രലില്‍ മുട്ടുകുത്താന്‍ വിശ്വാസി സമൂഹം

പഴഞ്ഞി: പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹം തേടി നൂറ് കണക്കിനാളുകള്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ മുട്ടുകുത്തല്‍ നേര്‍ച്ച വഴിപാട് ആരംഭിച്ചു. പള്ളിപ്പെരുന്നാളിനോട നുബന്ധിച്ചാണ് കത്തീഡ്രലിന്റെ അകത്തും പുറത്തും ഭക്തര്‍ കുടുംബസമേതം മുട്ടുകുത്തല്‍ നേര്‍ച്ചയ്ക്ക് എത്തുന്നത്. 
രാവിലെയും വൈകീട്ടുമാണ് പള്ളിക്ക് പുറത്ത് ചുറ്റും വിരിച്ച മണലില്‍ കൈകുഞ്ഞുങ്ങളുമായി മുട്ടുകുത്താനെത്തുന്നത്. സന്ധ്യാപ്രാര്‍ത്ഥനയ്്ക്ക് ശേഷം കത്തീഡ്രലിന് അകത്തും വഴിപാട് അര്‍പ്പിക്കും. കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച കത്തീഡ്രലാണ് പഴഞ്ഞി. 
കോതമംഗലത്തേയ്ക്ക് വഴിപാട് അര്‍പ്പിക്കാന്‍ പോയ പെങ്ങാമുക്ക് സ്വദേശി വറീതിന് പരിശുദ്ധന്റെ കബറിടത്തില്‍ നിന്ന് കിട്ടിയ തിരുശേഷിപ്പ് മുട്ടുകുത്തി പഴഞ്ഞിയില്‍ സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് പെരുന്നാള്‍ ദിനങ്ങളിലെ നേര്‍ച്ച അനുഷ്ഠാനം. 
രണ്ട്, മൂന്ന് തിയ്യതികളിലാണ് പ്രധാന പെരുന്നാള്‍. പെരുന്നാളിന് മുന്നോടിയായി രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന കത്തീഡ്രലില്‍ ആരംഭിച്ചു. പരിശുദ്ധനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയിലും അനേകരാണ് എത്തുന്നത്.

പഴഞ്ഞി പെരുനാൾ വിശേഷം; സ്വർണം പൂശിയ കുരിശ് വഴിപാടായി ലഭിച്ചു; നാസിക് ഡോൾ വേണ്ടെന്ന് പൊലീസ്.

പഴഞ്ഞി∙ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്വർണം പൂശിയ വലിയ കുരിശ് വഴിപാടായി ലഭിച്ചു. പടിഞ്ഞാറെ അങ്ങാടി അയ്യംകുളങ്ങര പാപ്പച്ചനാണ് പള്ളിയിലേക്ക് സ്വർണം പൂശിയ കുരിശ് നൽകിയത്. പള്ളിയിൽ ഇതോടെ സ്വർണം പൂശിയ കുരിശുകളുടെ എണ്ണം നാലായി. പെരുനാൾ ദിവസം നടക്കുന്ന പ്രദക്ഷിണത്തിന് ഇത്തവണ ഈ കുരിശും ഉണ്ടാകും. പഴഞ്ഞിയിലെ പുതിയ പള്ളിയിലേക്ക് മൂന്ന് ലക്ഷം രൂപയുടെ വലിയൊരു ഫാനും വഴിപാടായി അടുത്ത ദിവസം എത്തും. പെരുനാൾ കഴിയുന്നതോടെ പള്ളിയുടെ പഴയ ഓഫിസ് കെട്ടിടം നിൽക്കുന്ന സ്ഥലത്ത് പുതുതായി മുഖമണ്ഡപം വഴിപാടായി പണിയാനും പദ്ധതിയുണ്ട്. കത്തീഡ്രലായി ഉയർത്തിയതിന് ശേഷം നടക്കുന്ന ആദ്യ പെരുനാളിന് പള്ളിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

കുന്നംകുളം പൊലീസും പെരുനാൾ കമ്മിറ്റികളും പള്ളി ഭാരവാഹികളും തമ്മിലുള്ള യോഗം നടന്നു. പെരുനാളിന് നാസിക് ഡോൾ പൂർണമായും ഒഴിവാക്കണമെന്ന് കുന്നംകുളം സിഐ വി.എ. കൃഷ്ണദാസ്, എസ്ഐ ടി.പി. ഫർഷാദ് എന്നിവർ പറഞ്ഞു. പെരുനാൾ ആഘോഷങ്ങൾ പൊതുജനങ്ങൾക്ക് തടസമുണ്ടാകാതെ നടത്തണമെന്നും ഓരോ കമ്മിറ്റിക്കാരും അഞ്ച് പേരെ നിശ്ചയിച്ച് ആഘോഷങ്ങൾ നിയന്ത്രിക്കണമെന്നും പൊലീസ് പറഞ്ഞു. പെരുനാളിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പള്ളിയിൽ സിസി ടിവി ക്യാമറ സ്ഥാപിക്കണമെന്ന

പൊലീസ് നിർദേശിച്ചു. പെരുനാളിന് എത്തുന്ന ആനകളുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് നിർദേശം ഉയർന്നു. പെരുനാളിന് എത്തുന്ന ആനകളുടെ രേഖകൾ 30നകം പള്ളിയിൽ എത്തിക്കണമെന്ന് പള്ളി ഭരണസമിതി പെരുനാൾ കമ്മിറ്റിക്കാർക്ക് നിർദേശം നൽകി.

പെരുനാളിന് തിരക്കൊഴിവാക്കാനായി വൺവേ കർശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. വികാരി ഫാ. സൈമൺ വാഴപ്പിള്ളി, സഹവികാരി ഫാ.മാത്യു വർഗീസ് കൊളങ്ങാട്ടിൽ, ട്രസ്റ്റി സി.ഐ. സിംജോ എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച പെരുനാൾ സന്ധ്യാനമസ്കാരം 6.30ന് ആരംഭിക്കും. ഒൻപതോടെ പ്രദക്ഷിണം പള്ളിയിലേക്ക് തിരിച്ചെത്തും വിധമാണ് ക്രമീകരണങ്ങൾ നടത്തുന്നത്. മുൻപ് രണ്ട് വരിയായിട്ടാണ് പ്രദക്ഷിണം നടത്തിയിരുന്നത്. ഇത് മൂലം മണിക്കൂറുകളോളം കഴിഞ്ഞാണ് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിയിരുന്നത്. ഇതൊഴിവാക്കാനായി രണ്ട് വരിയായുള്ള പ്രദക്ഷിണം ഒഴിവാക്കി കൂട്ടമായി നടക്കുന്ന രീതിയിൽ പ്രദക്ഷിണം ക്രമീകരിക്കുമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു.
 വിദേശത്തുള്ളവർക്കും പെരുനാൾ ലൈവായി ആസ്വദിക്കാനായി ഇത്തവണ പള്ളിയുടെ വെബ് സൈറ്റായwww.pazhanji cathedral.com എന്ന സൈറ്റിലൂടെ പെരുനാൾ ലൈവായി സംപ്രേഷണം ചെയ്യും.