പഴഞ്ഞിയിൽ ഓർമപ്പെരുനാൾ കൊടിയേറി

pazhanjo_perunnal_2015

പഴഞ്ഞി ∙ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസിന്റെ ഓർമപ്പെരുനാളിന് വികാരി ഫാ. സൈമൺ വാഴപ്പിള്ളി കൊടിയേറ്റി. സഹവികാരി ഫാ. മാത്യു വർഗീസ് കൊളങ്ങാട്ടിൽ സഹ കാർമികത്വം വഹിച്ചു. പള്ളിക്കു സമീപത്തെ ഗീവർഗീസ് സഹദാ ചാപ്പലിലെ പെരുനാളിന് ശേഷം പ്രദക്ഷിണമായെത്തിയാണ് കൊടിയേറ്റിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് പെരുനാൾ. പെരുനാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

പള്ളിയിൽ കൊടിയേറ്റിയതോടെ പ്രദേശത്തെ നാൽപതോളം കമ്മിറ്റികളുടെ നേതൃത്വത്തിൽ അങ്ങാടികളിൽ കൊടിയേറ്റും. വെള്ളിയാഴ്ച ഏഴിന് സന്ധ്യ നമസ്കാരം, തുടർന്ന് വാദ്യമേളങ്ങളും കൊടിയും കുരിശുമായി അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, രാത്രിയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ പുലർച്ചെ പള്ളിയിലെത്തി സമാപിക്കും. ശനിയാഴ്ച ഏഴിന് ഗീവർഗീസ് മാർ യൂലിയോസ് മുഖ്യ കാർമികനായി. പഴയ പള്ളിയിൽ മൂന്നിന്മേൽ കുർബാന അർപ്പിക്കും.

ഒൻപതിന് പുതിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാർമികനായി അഞ്ചിന്മേൽ കുർബാന അർപ്പിക്കും. ഉച്ചയോടെ വീണ്ടും ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ വൈകിട്ട് കൂട്ടമേളത്തോടെ പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയും ഉണ്ടാകും. ഞായറാഴ്ച കുർബാനയ്ക്കുശേഷം ലേലം വിളിയും നടക്കും.