കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ കുവൈറ്റ് സന്ദർശിക്കുന്നു.
ഒക്ടോബർ 16-ന് ഹവല്ലി അൽ-ജീൽ അൽ-ജദീദ് സ്കൂളിൽ വെച്ച് നടക്കുന്നസെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ, ഒരുവർഷം നീണ്ടുനിന്ന സണ്ഡേസ്ക്കൂൾ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം എന്നിവയ്ക്ക് മുഖ്യാതിഥിയായി എത്തിച്ചേരുന്ന പരിശുദ്ധകാതോലിക്കാ ബാവാ ഒക്ടോബർ 13 മുതൽ 16 വരെ കുവൈറ്റിൽ ഉണ്ടായിരിക്കും.
13-നു വൈകിട്ട് കുവൈറ്റിലെ നാല് ഓർത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് അബ്ബാസിയാ മറീനാ ഹാളിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന ഉണ്ടായിരിക്കും. കുവൈറ്റ് മഹാഇടവക സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനത്തിലും പരിശുദ്ധ ബാവാ തിരുമേനി പങ്കെടുക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ ചടങ്ങുകളിൽ പങ്കെടുക്കും.