തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

01-680x1024

ആമുഖം

കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതി വിധി രേഖയുടെ സ്കാൻ ആണ് ഇന്ന് പുറത്ത് വിടുന്നത്. ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതി വിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും അറിയപ്പെടാറുണ്ട്.  പലവിധ കാരണങ്ങൾ കൊണ്ട് ഈ കോടതി വിധി പ്രധാനമാണ്. അതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ കോടതി കേസുണ്ടാകാൻ കാരണമായ കാരണം മനസ്സിലാകണം. അത് ആദ്യം മനസ്സിലാക്കി ഈ രേഖയുടെ വിശദാംശങ്ങളിലേക്ക് പോകാം.

കേസിന്റെ പശ്ചാത്തലം

1877വരെ മലങ്കര സഭയുടെ മെത്രാപോലീത്ത (എന്താണെന്ന് മനസ്സിലാകാത്തവർ  സ്ഥാനം കൊണ്ട് സഭയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള മുതിർന്ന പുരോഹിതൻ എന്ന് മനസ്സിലാക്കിയാൽ മതി) ആയിരുന്നമാത്യൂസ് മാർ അത്താനാസ്യോസ് (ഈ ലിങ്കിൽ കാണുന്ന  13th Mar Thoma: His Grace the Most Rev. Mathews Mar Athanasius Metropolitan എന്ന കുറിപ്പ് വായിക്കുക)  കാലം ചെയ്തു.

മാത്യൂസ് മാർ അത്താനാസ്യോസ്, മലങ്കര സഭയിൽ ഏകദേശം 1830കൾ മുതലെങ്കിലും ആരംഭിച്ച് നവീകരണ ആശയങ്ങളേയും അതിനെ പിന്തുണയ്ക്കുന്നവരുടേയും പ്രധാന നേതാവായിരുന്നു. എന്നാൽ നവീകരണ ആശയങ്ങളോട് എതിർപ്പുള്ള വലിയൊരു വിഭാഗം ജനങ്ങളും പുരോഹിതരും ബിഷപ്പുമാരും ഒക്കെ അക്കാലത്ത് തന്നെ സഭയിൽ ഉണ്ടായിരുന്നു. 1877ൽ മാത്യൂസ് മാർ അത്താനാസ്യോസ് മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ബന്ധുകൂടെയായ തോമസ് മാർ അത്തനെഷ്യസിനെ (14th Mar Thoma: His Grace the Most Rev. Thomas Mar Athanasius Metropolitan എന്ന കുറിപ്പ് വായിക്കുക) തന്റെ പിൻഗാമിയായി നിയമിച്ചു. എന്നാൽ നവീകരണക്കാരെ എതിർത്തിരുന്നവർക്ക് ഇത് സ്വീകാര്യമായിരുന്നില്ല. അവർ തങ്ങളുടെ നേതാവായ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിനെ മലങ്കര മെത്രാപ്പോലിത്ത ആയി അംഗീകരണം എന്ന് വാദിച്ചു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് ഇത് സംബന്ധിച്ച് ഒരു കേസ് ആലപ്പുഴ ജില്ലാകൊടതിയിൽ 1879ൽ ഫയൽ ചെയ്തു. ഈ കെസിൽ ആലപ്പുഴ ജില്ലാകൊടതി വാദിക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെ 1884ൽ തോമസ് മാർ അത്തനെഷ്യസസും കൂട്ടരും തിരുവിതാംകൂർ ഹൈക്കോടതിയിൽ അപ്പീൽ പോയി. എന്നാൽ ആ അപ്പീൽ തള്ളി പോയി. ഈ വിധിക്കെതിരെ തോമസ് മാർ അത്തനെഷ്യസസും കൂട്ടരും തിരുവിതാംകൂർ റോയൽ കോടതിയിൽ 1886-ൽ മൂന്നാം നമ്പറായി അപ്പീൽ ഫയൽ ചെയ്തു. ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവുഎ. സീതാരാമയ്യൻഇ. ഓംസ്‌ബി എന്നിവർ വാദം കേട്ടു. മൂന്നുവർഷത്തോളം നീണ്ടു നിന്ന വിശദമായ വാദം ആയിരുന്നു ഈ കേസിൽ നടന്നത്. വാദത്തിന് ശെഷം ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, എന്നിവർ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായും, ഇ. ഓംസ്‌ബി മാത്യൂസ് മാർ അത്താനാസ്യോസിന് അനുകൂലമായും നിലപാട് എടുത്തു. അതനുസരിച്ച് 1889ൽ തിരുവിതാംകൂർ മഹാരാജാവ് ഭൂരിപക്ഷ ബഞ്ചിന്റെ തീരുമാനം അംഗീകരിച്ച് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഈ വിധിയാണ് ഇപ്പോൾ 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി എന്ന പേരിൽ അറിയപ്പെടുന്നത്. ആ വിധിയുടെ പകർപ്പിന്റെ സ്കാനാണ് നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

ഈ വിധി മലങ്കര സഭയിൽ നിരവധി പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കി. ചിലതൊക്കെ പെട്ടെന്നുണ്ടായ പ്രത്യാഖ്യാതം ആയിരുന്നു. വേറെ ചിലത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഉണ്ടായ പ്രത്യാഖാതം താഴെ പറയുന്നത് ആയിരുന്നു

നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന മാത്യൂസ് മാർ അത്താനാസ്യോസും അദ്ദേഹത്തൊട് ചേർന്ന് നിൽക്കുന്നവരും വിഘടിച്ച് നവീകരണ സുറിയാനി സഭ ആയി തീർന്നു. ഈ സഭ പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭ എന്ന പേർ സ്വീകരിച്ചു. ഇപ്പോൾ മാർത്തോമ്മാ സഭ എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.

എന്നാൽ 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധിയിൽ അന്ത്യോക്കൻ പാത്രിയർക്കിസിനെ ആണ് മലങ്കര സഭയുടെ ആത്മീയ തലവൻ ആയി വിധിച്ചത്. ഇത് അല്പകാലത്തിനുള്ളീൽ തന്നെ പിന്നെയും പ്രശ്നങ്ങൾ തുടങ്ങാൻ ഇടയാക്കി. അതിനെ തുടർന്ന് 1912 ഓടെ പിന്നെയും പിളർപ്പുണ്ടായി. അന്തോഖ്യൻ പാത്രിയർക്കിസിന്റെ മലങ്കര സഭയുടെ മേൽ ഉള്ള അധികാരം അംഗീകരിക്കുന്നവർ യാകോബായ വിഭാഗമായും അത് അംഗീകരിക്കാത്തവർ  ഓർത്തഡോക്സ് വിഭാഗമായും പിളർന്നു. ഇതിൽ നിന്ന് പിന്നെയും ഒരു വിഭാഗം മാർപ്പാപ്പയുടെ അപ്രമാദിത്വം അംഗീകരിച്ച് മലങ്കര കത്തോലിക്ക സഭയായി തീർന്നു. യാക്കോബായ സഭയും ഓർത്താഡൊക്സ് സഭയും ഇതുമായി ബന്ധപ്പെട്ട വിവിധ സംഗതികളിൽ നിരവധി കെസുമായി ഇപ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കുന്നു.

ഈ സ്കാനിന്റെ ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ

വിധിയുടെ ചുരുക്കം മുകളിലെ ആമുഖത്തിൽ നിന്ന് മനസ്സിലാകുമല്ലോ. എന്നാൽ ഈ പൊതുസഞ്ചയ രേഖയുടെ ഉള്ളടക്കം അതിൽ ഒതുങ്ങുന്നില്ല. വിധി പ്രഖ്യാപിക്കുന്നത് വരെയുള്ള മലങ്കര സഭയുടെ ചരിത്രം വിവിധ തെളിവുകളും മറ്റും ആധാരമാക്കി  വിശദമായി ഉപന്യസിക്കുന്നു. 170 ഓളം താളുള്ള വിധിയിൽ വളരെയധികം ചരിത്ര രേഖകളേയും ചരിത്രവസ്തുതകളേയും പരാമർശിക്കുന്നൂണ്ട്. മലങ്കര സഭയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ പരാമർശിക്കുന്നൂണ്ട്. സഭയ്ക്കുണ്ടായ വസ്തുവകകളെ പറ്റി പരാമർശിക്കുന്നൂണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ഒരു ചരിത്ര രെഖ കൂടാണ് ഈ കൊടതി വിധിയുടെ രേഖ എന്ന് നിസംശയം പറയാം. അതിന്റെ ഉള്ളടക്കം വായിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കുമായി ഈ പൊതുസഞ്ചയ രേഖയുടെ സ്കാൻ പങ്ക് വെക്കുന്നു.

 

രേഖ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രേഖയിലെ ഭാഷയും എഴുത്തും എല്ലാം 125 വർഷം പുറകിലത്തെ ആണ്. അതിനാൽ ഇന്നത്തെ മലയാള ഗദ്യം മാത്രം വായിച്ച് ശീലിച്ചവർക്ക് ഭാഷയും എഴുത്തും അല്പം പ്രശ്നം സൃഷ്ടിച്ചേക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ മിക്കവാറും ഒക്കെ തീരും.

ലിപിയുടെ തലത്തിൽ ശ്രദ്ധിക്കേണ്ട സംഗതികൾ

സംവൃതോകാരം/കേവലവ്യജ്ഞനം

ആ കാലത്തെ എഴുത്തിൽ സംവൃതോകാരം സൂചിപ്പിക്കാനും കേവലവ്യഞ്ജനം ഉപയൊഗിക്കാനും പൊതുവെ ചിഹ്നം ഒന്നും ഉപയോഗിക്കാറില്ല. ചിലർ അകാരമായും ചിലർ ഉകാരമായും ഒക്കെ എഴുതിയിരുന്നു. ഇന്ന് നമ്മൾ അതിനായി ചന്ദ്രക്കലയും മറ്റും ഉപയോഗിക്കുന്നു.  ഈ രേഖയിൽ മിക്ക സ്ഥലത്തും സംവൃതോകാരത്തിനായി ഉകാരം ഉപയൊഗിച്ചിട്ടുണ്ടെങ്കിലും ചില സ്ഥലത്ത് അകാരവും കാണാം. ഇത്തരം വാക്കുകൾ കാണുമ്പോൾ സന്ദർഭം അനുസരിച്ച് ചന്ദ്രക്കല ചേർത്ത് വായിച്ച് അർത്ഥം മനസ്സില്ലാക്കുക.

 

ഈ കാരം

പഴയ മലയാളമെഴുത്തിൽ “ഈ” എന്ന അക്ഷരത്തിന് വേറൊരു രൂപം കൂടെ ഉണ്ട്. ംരം (അനുസ്വാരം ര അനുസ്വാരം)  എന്നതാണ് ആ രൂപം. ഉദാഹരണമായി ഈ വാക്ക് നോക്കുക e ഇത് ഇന്നത്തെ നമ്മൂടെ രീതി വെച്ച് ഈ അപ്പീൽ എന്ന് വായിക്കണം.    ഈ രേഖയിൽ മൊത്തം “ഈ” മുകളിലെ രൂപത്തിൽ ആണ് എഴുതിയിരിക്കുന്നത്. അതിനാൽ വായനയിൽ ഇക്കാര്യം മനസ്സിൽ വെക്കുക.

മലയാള അക്കങ്ങൾ

ഇന്ന് അങ്ങനെ ഉപയൊഗത്തിൽ ഇല്ലെങ്കിലും അക്കാലത്ത് മലയാളമെഴുത്തിൽ ഭൂരിപക്ഷവും  മലയാള അക്കങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഈ രേഖയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മലയാള അക്കങ്ങൾ അറിയാത്തവർക്കായി അക്കങ്ങൾ ഇവിടെ എഴുതാം.

  • ൦   – 0, ൧ – 1, ൨ – 2, ൩ – 3, ൪ – 4, ൫ – 5, ൬ – 6, ൭ – 7, ൮ – 8, ൯ – 9

ഇതനുസരിച്ച് 1889 എന്ന് എഴുതാൻ മലയാള അക്കത്തിൽ  ൧൮൮൯ എന്ന് എഴുതും.

കൊല്ല വർഷം (മലയാള വർഷം) ഉപയൊഗം

ആ കാലത്ത് മലയാളനാട്ടിലെ വിവിധ കാര്യങ്ങൾക്ക് കൊല്ല വർഷ കലണ്ടർ ആയിരുന്നു ഉപയൊഗിച്ചിരുന്നത്. ഉദാഹരണത്തിന്  കൊല്ലവർഷ കാലഗണനാ രീതി അനുസരിച്ച് ഇന്ന് (29 ആഗസ്റ്റ് 2015) കൊല്ലവർഷം 1191 ചിങ്ങം 13 ശനി ആണ്. കൊല്ലവർഷ കാലഗണനാ രീതിയിലുള്ള വർഷം ക്രിസ്തുവർഷത്തിലേക്ക് ആക്കാൻ 825 കൂട്ടിയാൽ മതി. ഉദാഹരണം കൊല്ലവർഷം 1064 എന്ന് പറഞ്ഞാൽ ക്രിസ്തുവർഷം 1889 ആണ്.  (ഇത് ഏകദേശ എളുപ്പ പണിയാണ്. ചിലപ്പോൾ ഒരു വർഷത്തിന്റെ കുറവോ കൂടുതലോ ഉണ്ടായേക്കാം. കൃത്യമായ മാസവും തീയതിയും അറിഞ്ഞാലേ കൃത്യമായി കണക്ക് കൂട്ടാൻ പറ്റൂ.)

സ്കാൻ ലഭ്യമായതിന്റെ കഥ

ഈയടുത്ത് ഈ ബ്ലൊഗിലൂടെ കുറച്ചധികം പൊതുസഞ്ചയ രേഖകൾ വിട്ടത് ശ്രദ്ധയിൽ പെട്ട സ്വതന്ത്ര ഗവേഷകനായ ജോയ്സ് തോട്ടയ്ക്കാട് മൂലമാണ് ഇന്ന് ഇപ്പോൾ ഈ സ്കാൻ ലഭ്യമായത്.  ഫാ. കെ. കെ. ജോര്‍ജ് പ്ലാപ്പറമ്പിലിന്റെ (തോട്ടയ്ക്കാട്) ഗ്രന്ഥശേഖരത്തില്‍ നിന്നും ആണ് ജോയ്സ് തോട്ടയ്ക്കാട് ഈ പൊതുസഞ്ചയ രേഖ കണ്ടെടുത്ത് ഫോട്ടോ എടുത്ത് അയച്ചു തന്നത്. ഹൈ റെസലൂഷൻ ഫൊട്ടോകൾ ആണ് അയച്ച് തന്നതിനാൽ പിന്നീട് പ്രൊസസ് ചെയ്യേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഇത്തരം പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതൽ പേർക്ക് മനസ്സിലാകുന്നു എന്നത് ശ്ലാഘനീയമാണ്. ഈ രേഖയുടെ കാര്യത്തിൽ ആ‍വശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്ന ജോയ്സ് തോട്ടയ്ക്കാടിന് പ്രത്യേക നന്ദി.

ഡൗൺലോഡ് കണ്ണികൾ

ഈ പൊതുസഞ്ചയ രേഖയുടെ താഴെ പറയുന്ന രണ്ട് തരത്തിലുള്ള പതിപ്പ് നിങ്ങളുടെ ഉപയൊഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു.

– Shiju Alex (http://shijualex.in/)

cover_matter (6).pmd

സെമിനാരിക്കേസിലെ റോയല്‍ കോടതി വിധി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിനെ വായിച്ചു കേള്‍പ്പിക്കുന്ന സഭയുടെ അസോസിയേഷന്‍ സെക്രട്ടറിയും മെത്രാപ്പോലീത്തായുടെ വ്യവഹാര കാര്യസ്ഥനുമായിരുന്ന ഇ. എം. ഫിലിപ്പോസ്. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണച്ഛായാ ചിത്രം. ലോക പ്രശസ്ത ചിത്രകാരനായ രാജാ രവിവര്‍മ്മ വരച്ച ചിത്രം.

Pulikkottil Joseph Mar Dionysius (പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ II, 1833–1909): Profile, Mini Site

Mathews Mar Athanasius Metropolitan

Thomas Mar Athanasius Metropolitan

1889-ലെ റോയല്‍കോടതി വിധി: ആഘോഷിക്കാന്‍ എന്തിരിക്കുന്നു by ഡോ. എം. കുര്യന്‍ തോമസ്