മെഡിക്കല്‍ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി ഓര്‍ത്തഡോക്സ് സഭ

OMF

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം മെഡിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആതുരസേവനരംഗത്ത് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരി സോഫിയാ സെന്‍ററില്‍ ചേര്‍ന്ന ആതുരസേവന രംഗത്തെ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ്, മെഡിക്കല്‍ ഫോറം സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് പുന്നൂസ് എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. കെ.സി. മാമ്മന്‍, ഡോ. കെ.പി. ജോര്‍ജ്ജ് , ഡോ. സോജന്‍ ഐപ്പ് (കോലഞ്ചേരി മെഡിക്കല്‍ മിഷന്‍), ഡോ. അലക്സ് പോള്‍ (പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി), ഡോ. സി.പി. ജോയി (പി.എം.ഐ. ഹോസ്പിറ്റല്‍ പുതുപ്പള്ളി), ഡോ. കോശി ഫിലിപ്പ് (തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ഡോ. സിബി തരകന്‍ (വിപാസന), ഡോ. ഷാജി. കെ. തോമസ് (കിംസ് ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു. വൈദ്യശാസ്ത്രരംഗത്ത് സംഭവിച്ചിരിക്കുന്ന ധാര്‍മ്മിക അധഃപതനവും വാണിജ്യവത്ക്കരണവും സൃഷ്ടിക്കുന്ന പ്രതിസന്ധി തരണം  ചെയ്യാന്‍ പ്രൈമറി മെഡിക്കല്‍ കെയര്‍ രംഗത്ത് സഭയും സന്നദ്ധ സംഘങ്ങളും സജീവമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ച് മേഖലകളിലായി ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

MOF