മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ 16-ാമത് ശ്രാദ്ധപെരുന്നാള്‍ സമാപിച്ചു

dioscoros_orma

റാന്നി: റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടന്നുവന്ന ഗീവറുഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാള്‍ സമാപിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് എന്നിവരും, സഭയിലെ റമ്പാന്മാര്‍, കോര്‍-എപ്പിസ്കോപ്പാമാര്‍, ക്യാസ്ത്രീകള്‍, വൈദീകര്‍, ശെമ്മാശ്ശന്മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രഭാഷണം നടത്തി. ഗീവറുഗീസ് മാര്‍ ദീയസ്കോറോസ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ഫണ്ട്, വിദ്യാഭ്യാസ അവാര്‍ഡുകള്‍ എന്നിവയുടെ വിതരണവും നടന്നു. 16-ാം ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം മെത്രാസനത്തില്‍ നിന്നെത്തിയ പാവനസ്മരണറാലിക്ക് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ സ്വീകരണം നല്‍കി. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ആശ്രമ സുപ്പീരിയര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്.