തിരുവിതാംകോട് അരപ്പള്ളിയിൽ നിന്നും റമ്പാച്ചൻ പടിയിറങ്ങുന്നു

barslibi_ramban barslibi_ramban_1

തക്കല ∙ രാജ്യാന്തര മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ തിരുവിതാംകോട് അരപ്പള്ളി (സെന്റ് മേരീസ് ഒാർത്തഡോക്സ് സിറിയൻ ദേവാലയം) വികാരിയും മാനേജരുമായ റവ. ബർസ്ലീബി റമ്പാൻ പതിനൊന്ന് വർഷത്തെ ആത്മ സമർപ്പണത്തോടെയുള്ള സ്തുത്യർഹമായ സേവനത്തിനു ശേഷം പടിയിറങ്ങുന്നു. വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ തിരുകരങ്ങളാൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയത്തെ ഇന്നത്തെ നിലയിൽ ലോകശ്രദ്ധയിൽ കോണ്ടുവന്നത്ത് തിരുവിതാംകോട് റമ്പാച്ചൻ എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമം മൂലമാണ്.

കന്യാകുമാരി ജില്ലയിലെ തക്കലയിലെ തിരുവിതാംകോട് ഗ്രമത്തിലെ ഈ ദേവാലയം 2007–ൽ രാജ്യാന്തര മാർത്തോമൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തിയതിനെ തുടർന്ന് മലങ്കര ഒാർത്തഡോക്സ് സഭയ്ക്കു മാത്രമല്ല ആഗോളതലത്തിൽ എല്ലാവർക്കും അഭിമാനിക്കാവുന്ന വിധത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകർ എത്തുന്നിടമായി മാറി. മാർത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ദേവാലയത്തിൽ ചരിത്രം നിലനിർത്തുന്ന പൈതൃക കേന്ദ്രം, പൗരാണിക രീതിയിൽലുള്ള കൽകൊടിമരം, കൽവിളക്കുകൾ, പൈതൃക വാസ്തു ശിൽപത്തിന്റെ മാതൃകയിൽ പണിത ധ്യാനമന്ദിരം എന്നിവ റമ്പാച്ചന്റെ ദീർഘവീക്ഷണത്തോടുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്.

തിരുവിതാംകോട് ഗ്രാമത്തിലെ എല്ലാ മനുഷ്യരുടെയും ആത്മീയ ഉന്നതിക്കു വേണ്ടി കൗൺസിലിങ്, ധ്യാനം, ആതുര സേവനപ്രവർത്തനങ്ങൾ എന്നിവയിലൂടെ ജാതി മത ഭേദ മന്യേ ജനങ്ങളെ സ്നേഹിക്കുകയും അവരുടെ എല്ലാ ആവശ്യങ്ങളിലും പ്രയാസങ്ങളിലും പങ്കുചേരാനും ആശ്വാസം പകരാനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന റമ്പാച്ചൻ പള്ളിയിൽ എത്തിച്ചേരുന്ന എല്ലാവർക്കും ആത്മീയ ഗുരുവും മാർഗദർശിയുമായി ഈ കാലമത്രയും പ്രവർത്തിച്ചിരുന്നു.

പതിനാലിന് വൈകിട്ട് 4ന് പൗരാവലിയും വിശ്വാസസമൂഹവും നൽകുന്ന യാത്രയയപ്പ് സമ്മേളനം തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തായും തീർത്ഥാടനകേന്ദ്രം വർക്കിങ് പ്രസിഡന്റുമായ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. പ‍തിനഞ്ചിന് അരപ്പള്ളിയുടെ പടികൾ ഇറങ്ങുന്ന റവ. ബർസ്ലീബി റമ്പാൻ പീരുമേട്ടിൽ മലങ്കര എസ്റ്റേറ്റിന്റെ മാനേജരായി പുതിയ ദൗത്യം ഏറ്റെടുക്കും.

Source