നിയോഗ സാഫല്യവുമായി ചാൾസ് കൊറയ

chals_koraya

Charles Correa,

by മലയാള മനോരമ ലേഖകൻ കൈദ് നജ്മി 2000ൽ തയ്യാറാക്കിയ അഭിമുഖം

 

പരുമല പള്ളിയുടെ പുനർരൂപകൽപനയ്ക്കുള്ള അവസരം ലഭിച്ചപ്പോൾ ലോകപ്രശസ്ത വാസ്തുശിൽപി ചാൾസ് കൊറയ അന്നു വിനീതമായി വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യങ്ങളിലൊന്ന്.’ ഇന്ന്, പള്ളിയുടെ കൂദാശവേളയിൽ, ആ ശ്രമകരമായ ദൗത്യം പൂർണതയിലെത്തിയ തിന്റെ സാഫല്യമാണു കൊറയയിൽ:

ഭോപ്പാലിലെ ഭാരത് ഭവൻ, സബർമതിയിലെ ഗാന്ധി സ്മാരകം, ജയ്പൂരിലെ നെഹ്റു മ്യൂസിയം, ഡൽഹിയിലെ എൽ ഐ സി സെന്റർ തുടങ്ങി കോവളത്തെ ഐ ടി ഡി സി ഹോട്ടൽ, പാലക്കാട്ടെ മലബാർ സിമന്റ്സ് ടൗൺഷിപ്പ് വരെ എത്രയോ വാസ്തുശിൽപ വിസ്മയങ്ങൾ കൊറയ ഭാരതത്തിനു സമ്മാനിച്ചു.

പരുമല പള്ളിയുടെ രൂപകൽപന നൽകിയ സംതൃപ്തിയെക്കുറിച്ച് അനുഭവങ്ങളെക്കുറിച്ച്

പരുമല പള്ളിയിൽ ആദ്യമെത്തിയ ദിവസം ഓർക്കുന്നുണ്ടോ?

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പള്ളിയിൽ തിരക്കോടു തിരക്ക്. സൂചി വീഴാൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞിരുന്ന ആ ജനക്കൂട്ടത്തിന്റെ ഭക്തി കണ്ടു ഞാൻ അദ്ഭുതപ്പെട്ടുപോയി. തങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുകിട്ടുന്നതിനുവേണ്ടിയാണ് പരുമലയിൽ ഇത്രയധികം ഭക്തജനങ്ങൾ വരുന്നതെന്ന് എനിക്കാരോ പറഞ്ഞുതന്നിരുന്നു. പരുമല അവർക്കെല്ലാമാണെന്ന് എനിക്കും തോന്നി. ശരിക്കും പറഞ്ഞാൽ ജനങ്ങളുടെ ഭാവി നിർണയിക്കുന്ന ഒരു സുപ്രധാന ഘടകം. അധ്യാത്മികശക്തിയുടെ വൻ ഊർജമാണ് എനിക്ക് അവിടെ കാണാനായത്.

∙ **പരുമല പള്ളിയുടെ രൂപം ആവിഷ്ക്കരിക്കുന്നതിനു മുൻപു കേരളത്തിലെ പുരാതന ക്രൈസ്തവ പള്ളികളെക്കുറിച്ചു പഠിക്കണമെന്നു തോന്നിയിരുന്നോ? ഇത്തരമൊരു രൂപ കൽപന തയാറാക്കുന്നതിൽ പാരമ്പര്യരീതികളും പ്രാദേശികമായ നിർമാണ രീതികളും എത്രമാത്രം സഹായിച്ചു?**

തീർച്ചയായും കേരളത്തിലെ പള്ളികളെക്കുറിച്ചും മറ്റും വളരെയധികം ആളുകളുമായി സംസാരിച്ച് ഒരു രൂപം മനസിൽ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ റോമിനെക്കാൾ ക്രൈസ്തവപാരമ്പര്യം അവകാശപ്പെടാവുന്നവരാണു കേരളത്തിലെ ക്രിസ്ത്യാനികൾ. കാരണം റോമിൽ സെന്റ് പോൾ എത്തുന്നതിനു മുൻപുതന്നെ സെന്റ് തോമസ് കേരളത്തിലെത്തിയിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ക്നായിത്തോമ്മ അന്നിവിടെ നിലനിന്നിരുന്ന ‘കോപ്റ്റിക് ഡിസൈനിൽ ആകൃഷ്ടനായിരിക്കണം. മൂന്നു മദ്ബഹകളിലുമായി സമന്വയിച്ചു നിൽക്കുന്ന ആരാധനാക്രമമായിരുന്നു അത്. അതിനു മുൻപുള്ള കാലഘട്ടത്തിലേക്കു പോകാൻ കാര്യമായ ശ്രമം ഞാൻ നടത്തിയെങ്കിലും വിജയിച്ചില്ല. അതുകൊണ്ടു കോപ്റ്റിക് ഡിസൈന്റെ സൗന്ദര്യ രീതികൾക്കു മാറ്റം വരുത്താതെ അവയിൽ നിന്നുകൊണ്ടുതന്നെ പുതിയൊരു സങ്കേതം വികസിപ്പിച്ചെടുക്കുകയായിരുന്നു.

പഴയ സമ്പ്രദായവും പുതിയ സമ്പ്രദായവും തമ്മിൽ സമ്മേളിപ്പിച്ച തെങ്ങനെയായിരുന്നു?

കോപ്റ്റിക് രീതി നിലനിർത്തുകയായിരുന്നു ആദ്യം ചെയ്തത് പഴയ മദ്ബഹയും കബറിടവും അതേപടി നിലനിർത്തി. ഇതിനെ വലയം ചെയ്തായിരുന്നു പുതിയ പള്ളിയുടെ നിർമാണം.

പഴയ പള്ളിയുടെ സൗന്ദര്യാംശങ്ങൾ പുതിയ രൂപഘടനയിൽ കണ്ടെത്താൻ കഴിയുമോ?

ചരിത്രത്തിലെ ബിംബങ്ങൾ അതേപടി പകർത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം. ഇതിഹാസകഥകളും വിശ്വാസങ്ങളുമെല്ലാം മനസിലിട്ടു പരുവപ്പെടുത്തി നിലവിലുള്ള സാങ്കേതിക വിദ്യകളുടെയും മറ്റും സഹായത്തോടെ അതിനു നിയതമായൊരു രൂപം നൽകുകയാണ് ആർക്കിടെക്ട് ചെയ്യുന്നത്. പരുമല പള്ളിയുടെ നിർമാണത്തിലും ഇത്തരം വിശ്വാസങ്ങളും ചട്ടക്കൂടുകളും ഞാൻ മാറ്റിമറിച്ചിട്ടില്ല.

ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പുതിയ പള്ളിയുടെ രൂപഘടന ആസ്വദിക്കുകയെന്നതു ശ്രമകരമായൊരു ദൗത്യമായിരിക്കില്ലേ?

(ചിരിക്കുന്നു) തീർച്ചയായും ഇല്ല. പള്ളിയുടെ രൂപഘടനയും വിശ്വാസങ്ങളുടെയും മറ്റും പ്രതീകാത്മക ചിത്രീകരണവും തീർത്തും ലളിതമാണ്.

കേരളത്തിൽ ഒരു കെട്ടിടം നിർമിക്കുമ്പോൾ ആദ്യം ചിന്തിക്കുന്നതു മേൽക്കൂരയെക്കുറിച്ചായിരിക്കും. പുതിയ പള്ളിയുടെ കാര്യത്തിൽ കനത്ത മഴ പ്രശ്നമാകില്ലെന്നുണ്ടോ?

മഴയെ പ്രതിരോധിക്കാനുള്ള ഉദ്ദേശത്തിൽ ആദ്യത്തെ രൂപകൽപനയിലുണ്ടായിരുന്ന ആശയം ഓടിട്ട മേൽക്കൂരയായിരുന്നു, പരിപാലിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഈ ആശയത്തിനു സഭയിൽ നിന്ന് അനുമതി ലഭിച്ചില്ല അവസാനം, കാലാവസ്ഥയ്ക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന. കിഴക്കോട്ടു ദർശനമായുള്ള ഇഷ്ടികയും കോൺക്രീറ്റും ചേർത്ത ഘടന ഞങ്ങൾ സ്വീകരിക്കുകയായിരുന്നു.

താങ്കൾ ഉദ്ദേശിച്ചതുപോലെ തന്നെയായിരുന്നോ പള്ളി പുനർനിർമിക്കപ്പെട്ടത്?

അതെ ഏത് ആരാധനാലയം നിർമിക്കുമ്പോഴും ആ ആരാധനാലയവുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ഭക്തിയും വികാരങ്ങളും ആർക്കിടെക്റ്റിന്റെ മനസിലുണ്ടായിരിക്കണം. അങ്ങനെയുള്ള നിർമ്മാണ പ്രക്രിയ ശ്രമകരവുമാണ്. അവരുടെ വിശ്വാസരീതികളെ തെറ്റായി അവതരിപ്പിക്കുകയാണെങ്കിൽ അതിനെതിരെ തീക് ഷണമായി പ്രതികരിക്കുന്ന മനസാണ് ഏതു വിശ്വാസിയുടേതും… പരുമല പള്ളിയുടെ നിർമാണ ജോലി വൈഷമ്യമേറിയതായിരുന്നു. സഭയ്ക്കും പിന്നെ എനിക്കും. 12 വർഷം നീണ്ടുവല്ലോ നിർമാണം പുനർ നിർമിതിയുടെ ചുമതല വഹിച്ച എൻജിനീയർ എ എം മാത്യുവിന്റെ പേരു പ്രത്യേകം എടുത്തുപറയണം. പള്ളിയുടെ പുനർനിർമ്മാണ പ്രക്രിയയിൽ സ്വയം സമർപ്പിക്കുകയായിരുന്നുഅദ്ദേഹം. പുനർ നിർമിക്കപ്പെട്ടുകഴിഞ്ഞ പള്ളിയിൽ അദ്ദേഹത്തിന്റെ കർമസാഫല്യം നമുക്കു കണ്ടറിയാൻ കഴിയും.

∙ **ദാദറിലെ പോർച്ചുഗീസ് പള്ളിക്കു പുറമേ അങ്ങു രൂപകൽപന ചെയ്ത മറ്റു ദേവാലയങ്ങൾ ഏതൊക്കെയാണ്? പരുമല പള്ളിയുടെ രൂപകൽപന അവയിൽ നിന്നു വ്യത്യസ്തമാകുന്നതെങ്ങനെ?**

പൂണെയിലെ സെന്റ് പാട്രിക്സ് പള്ളി ഞാനാണു രൂപകൽപന ചെയ്തത്. മേൽക്കൂരയിലെ ‘ ആകാശജാലക’ങ്ങളിലൂടെ പുറത്തെ സൂര്യവെളിച്ചം ഉള്ളിലെത്തിക്കുന്ന രീതി ഞാനാദ്യമായി കൊണ്ടുവരുന്നതു പരുമലയിലെ രൂപകൽപനയിലാണ്.

(മലയാള മനോരമ ലേഖകൻ കൈദ് നജ്മി 2000ൽ തയ്യാറാക്കിയ അഭിമുഖം)

കൊറയ കോറിയിട്ടത്…

കാഞ്ചൻജംഗ, ഹിമാലയനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്ന്. ഇതേപേരുള്ള ഒരു ഫ്ളാറ്റ് സമുച്ചയം കൊണ്ടാണു ലോകപ്രശസ്ത ആർക്കിടെക്ട് ചാൾസ് കൊറിയ മുംബൈ നഗരത്തിൽ തന്റെ കയ്യൊപ്പു പതിച്ചത്. മുബൈ നഗരത്തിലെ ഉയർന്ന വരുമാനക്കാർക്കുള്ള ഈ ഫ്ളാറ്റ് തന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ചു നിർമിക്കാനാകുമോ എന്ന സംശയം കൊറിയയ്ക്കുണ്ടായിരുന്നു. എന്നാൽ കാലാവസ്ഥാനിയന്ത്രണം, സ്ഥലക്രമീകരണം, പുറംകാഴ്ച ഇവയെല്ലാം അദ്ദേഹത്തിന്റെ താൽപര്യത്തിനൊത്തുതന്നെ സംയോജിപ്പിക്കാനായി ഈ കെട്ടിടത്തിൽ. 1983ലാണ് ഈ അപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തത്. പ്രവിന മേഹ്ത അസോസിയേറ്റ് ആർക്കിടെക്ടായും ശീർഷൽ പട്ടേൽ സ്ട്രക്ചറൽ എൻജിനീയറായും ഈ പ്രോജക്ടിൽ ചാൾസ് കൊറിയയ്ക്കൊപ്പം പ്രവർത്തിച്ചു.

മുംബൈയിലെ കാലാവസ്ഥയും ഫ്ളാറ്റിനു കണ്ടെത്തിയ സ്ഥലവും തമ്മിൽ ഇണക്കിക്കൊണ്ടുപോവുക എന്നതു വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തുറമുഖവുമായതിനാൽ കാഴ്ചയ്ക്ക് അതിസുന്ദരമായിരുന്നു ഇവിടം. പക്ഷേ, അസ്തമനസൂര്യന്റെ കൊടുംചൂടും മഴയും കഠിനമായി കെട്ടിടത്തെ ആക്രമിക്കുകയും ചെയ്യും. ബംഗ്ലാവുകളുടെ ശൈലി പിന്തുടർന്നാൽ ഈ പ്രശ്നങ്ങളെ വലിയൊരു പരിധിവരെ നേരിടാമെന്ന് കൊറിയ മനസ്സിലാക്കി. വലിയ ബംഗ്ലാവുകൾക്കു ചുറ്റുമുള്ള വരാന്തകളാണ് അദ്ദേഹത്തെ ആകർഷിച്ചത്. വീടിന്റെ പ്രധാന ഭാഗങ്ങളെ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്നതു കൂടാതെ, പൂന്തോട്ടത്തെ ആകർഷകമാക്കുക എന്ന ധർമം കൂടി വരാന്തകൾ നിർവഹിക്കുന്നുണ്ട്. ടെറസ് ഗാർഡൻ എന്ന ആശയം ഈ ഫ്ളാറ്റിൽ പ്രാവർത്തികമാക്കാൻതന്നെ അദ്ദേഹം തീരുമാനിച്ചു.

ആകർഷകമായ ഘടനയും കാലാവസ്ഥയും പരിഗണിച്ച് കിഴക്കിനെയും പടിഞ്ഞാറിനെയും അഭിമുഖീകരിക്കുന്ന അപ്പാർട്ട്മെന്റുകളായാണ് ചാൾസ് കൊറിയ കാഞ്ചൻജംഗയെ വരച്ചത്.

രണ്ട് മുതൽ ആറ് കിടപ്പുമുറികൾ വരെയുള്ള 32 ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഈ കെട്ടിട സമുച്ചയത്തിലുള്ളത്. 21×21 മീറ്റർ വിസ്തൃതിയുള്ള ഈ കെട്ടിടത്തിന് 28 നിലകളുണ്ട്.

മൂന്നോ നാലോ കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റുകളാണു കൂടുതലും. അതിലും കൂടുതൽ മുറികൾ വേണ്ടവർക്കായി ‘ഡ്യൂപ്ലേ’ രീതിയിൽ മുറികൾ കൂട്ടിയെടുത്തിരിക്കുന്നു. ആദ്യം പൊതുവായ ഒരു ഭാഗം നിർമിച്ച് അതിനു ചുറ്റുമാണ് അപ്പാർട്ട്മെന്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

ടെറസ് ഗാർഡൻ എന്ന അദ്ഭുതം

Kanchanjunga Apartments

അപ്പാർട്ട്മെന്റിന്റെ പ്രധാന ഭാഗങ്ങളെ വെയിലും മഴയും ശല്യപ്പെടുത്താതിരിക്കാൻ ഓരോ അപ്പാർട്ട്മെന്റിന്റെയും കിഴക്കും പടിഞ്ഞാറുമായി വരാന്തയോ ബാത്റൂമോ

നിർമിച്ചിരിക്കുന്നു. ഓരോ അപ്പാർട്ട്മെന്റിന്റെയും ഏറ്റവും പ്രധാന ആകർഷണം വലിയ ടെറസ് ഗാർഡനാണ്. കാന്റിലിവർ ചെയ്താണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഓരോ അപ്പാർട്ട്മെന്റിലും ക്രോസ് വെന്റിലേഷനു സഹായിക്കുന്ന ഏറ്റവും പ്രധാന ഭാഗവും ടെറസ് തന്നെ. രണ്ട് ഫ്ളോറുകളുടെ ഉയരത്തിലാണ് ഒരു ടെറസ് ഗാർഡൻ നിർമിച്ചിരിക്കുന്നത് എന്നത് ഡിസൈനിന്റെ പ്രത്യേകതയായി എടുത്തുപറയേണ്ടതാണ്.

ഫ്ളാറ്റിന്റെ പുറംകാഴ്ചയ്ക്കും ഫ്ളാറ്റിനുള്ളിൽനിന്നു പുറത്തേക്കുള്ള കാഴ്ചയ്ക്കും ഒരുപോലെ ആകർഷകമാകത്തക്കവിധം നിറപ്പകിട്ടായാണ് ടെറസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

അകത്തളത്തിന്റെ നിറസമൃദ്ധിയെക്കുറിച്ചുള്ള ഒരു സൂചന കൂടിയായി നിറമുള്ള ചുവരുകളെ കണക്കാക്കാം.ജ്യാമിതീയരൂപങ്ങളുടെ പ്രചോദനത്താൽ, വളരെ ലളിതമായി നിർമിച്ചിരിക്കുന്ന എക്സ്റ്റീരിയർ പോലെയല്ല ഈ കെട്ടിടത്തിന്റെ ഉൾഭാഗം. സങ്കീർണമായ ഡിസൈനുകൾ ഉൾപ്പെടുത്തിത്തന്നെയാണ് ഇതിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്.

മുംബൈയുടെ അത്യാധുനിക മുഖത്തോടു യോജിക്കുന്ന, സമകാലിക ശൈലിയിൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ കെട്ടിടം ഡിസൈൻ ചെയ്തു എന്നതാണ് ഏറ്റവും അദ്ഭുതകരമായ വസ്തുത.

ചാൾസ് കൊറിയ

ഇന്ത്യൻ ആർക്കിടെക്ചറിന്റെ പരമാചാര്യൻ എന്നു വിശേഷിപ്പിക്കാം ചാൾസ് കൊറിയയെ. 1930ൽ ഹൈദരാബാദിൽ ജനിച്ച അദ്ദേഹത്തിന്റെ സംഭാവനയാണ് മുംബൈയുടെ പുതിയ മുഖം. നാഷണൽ കമ്മിഷൻ ഓഫ് അർബനൈസേഷന്റെ ചെയർമാൻ, അർബൻ ഡിസൈൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. പത്മശ്രീയും പത്മവിഭൂഷണും നൽകി ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചു.