25 വര്‍ഷമായി ടിവി കണ്ടിട്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

25 വര്‍ഷമായി ടിവി കണ്ടിട്ട്, ഇന്റെര്‍നെറ്റ് ഉപയോഗിക്കാറില്ല, പത്രം വായന 10 മിനിറ്റ്; മനസ്സ് തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

pope_francis_2015

വത്തിക്കാന്‍ സിറ്റി: 1990 ജൂലൈ 15നുശേഷം ഒരു ടി.വി പരിപാടിയും കണ്ടിട്ടില്ലെന്നും ഇന്റെര്‍നെറ്റ് ഉപയോഗിക്കാറില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനിയന്‍ പത്രമായ ലാ വോസ് ഡെല്‍ പ്യുബ്‌ളോക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ രസകരമായ കുറെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കന്യകയായ മേരിക്ക് (യേശുവിന്റെ മാതാവ്) നല്‍കിയ വാഗ്ദാനപ്രകാരമാണ് താന്‍ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തിയതെന്നും ടെലിവിഷന്‍ തനിക്കുളളതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അവസാനമായി ടിവിയില്‍ കണ്ട പരുപാടി ഏതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ ടീമായ സാന്‍ ലോറന്‍സോയുടെ കളിപോലും പിന്നീട് ടിവിയില്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ തന്റെ കൂടെയുളള സ്വിസ് ഗാര്‍ഡുമാരില്‍നിന്ന് സാന്‍ ലോറന്‍സോയുടെ വിവരങ്ങളെല്ലാം അറിയാറുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

പോപ്പായതിന് ശേഷം തെരുവുകളില്‍കൂടിയുള്ള നടപ്പും പിസ കടകളില്‍നിന്നുള്ള പിസ കഴിക്കലുമുള്‍പ്പെടെ തനിക്ക് പ്രിയപ്പെട്ട പലതും നഷ്ടമായതായും പോപ്പ് കൂട്ടിച്ചേര്‍ത്തു. രാവിലെ നാല് മണിക്ക് എഴുനേല്‍ക്കുന്ന തനിക്ക് ദിവസവും ആയിരകണക്കിന് കാര്യങ്ങളാണ് ചെയ്ത് തീര്‍ക്കേണ്ടതെന്നും രാത്രി ഒന്‍പത് മണിയാകുമ്പോഴേക്കും ഉറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്‌ളിക്ക 10 മിനിറ്റ് വായിക്കുന്നതു മാത്രമാണ് പത്രവായന എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഒരു മണിക്കൂര്‍ പുസ്തക വായനയില്‍ മുഴുകാറുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Source