ചന്ദനപ്പള്ളി പെരുന്നാളിനു ഇന്ന് സമാപനമാകും

chandanapally_perunnal_2015_8

ചന്ദനപ്പള്ളി പെരുന്നാളിനു ഇന്ന് സമാപനമാകും;
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസലക്ഷങ്ങൾ പങ്കു കൊള്ളും.
———————–
മനോജ്‌ ചന്ദനപ്പള്ളി
ഓൺലൈൻ റിപ്പോർട്ടർ
———————–
ഒരു ഗ്രാമത്തിന്റെ സ്വത്വവും തലമുറകളുടെ വിശ്വാസത്തിന്റെ സാക്ഷ്യവുമായി ചന്ദനസുഗന്ധം പരത്തുന്ന ഒരു ദേവാലയം .ചന്ദനപ്പള്ളി വലിയപള്ളി.
കണ്ണീരിൽ കുതിർന്ന അർത്ഥനകളുമായി ചന്ദനപ്പള്ളി പുണ്യാളച്ചന്റെ സന്നിധിയിലേക്ക്‌ വിശ്വാസലക്ഷങ്ങളാണു ഓരോ പെരുനാൾ കാലത്തും എത്തിച്ചേരുന്നത്‌. ചന്ദനപ്പള്ളിയിലെ സഹദായോടുള്ള വിശ്വാസതീക്ഷണത വെളിപ്പെടുത്തുന്ന കാഴ്ചകൾക്കാണു ഗ്രാമം ഈ ദിനങ്ങളിൽ സാക്ഷ്യമാകുക. തങ്ങളുടെ ആഗ്രഹങ്ങളും അഭിലാക്ഷങ്ങളും പുണ്യാളച്ചന്റെ മുന്നിൽ സമർപ്പിച്ച്‌ അഭയപ്പെടുംബോൾ തങ്ങളെ ഒരുനാളും കൈവെടിയില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു.കർത്താവിന്റെ സന്നിധിയിൽ തങ്ങളുടെ അപേക്ഷകൾ പുണ്യവാൻ സമർപ്പിച്ച്‌ നന്മകൾ ഒരുക്കുമെന്നതാണു ഇതുവരെയുള്ള അവരുടെ അനുഭവസാക്ഷ്യങ്ങളും. കഠിന പ്രയാസങ്ങളിലും രോഗപീഠകളിലും ആകുലചിന്തകളിലുംപെട്ട്‌ ഉഴലുന്നവർക്ക്‌ ആശ്വാസത്തിന്റെ പനിമഞ്ഞാണു ചന്ദനപ്പള്ളി പുണ്യാളച്ച നോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയാൽ ലഭിക്കുന്നത്‌.സന്താപ കണ്ണീരോടെ പുണ്യാളച്ചന്റെ ഈ മണ്ണിൽ എത്തി പ്രാർത്ഥിച്ചാൽ സന്തോഷകണ്ണീരോടെ മാത്രമേ ഇവിടെനിന്നു തിരികെ പോകാനാകൂ.ഇതാണു ഇവിടുത്തെ വിശ്വാസത്തിന്റെ ആഴം.ജാതി മത വർഗ്ഗ വിവേചനമില്ലാത്ത മത മൈത്രിയുടെ സംഗമഭൂമിയാണു ചന്ദനപ്പള്ളി എന്ന വിശ്വാസ പട്ടണം.ഇവിടുത്തെ ഓരോ ചടങ്ങിലും ഗ്രാമം മുഴുവൻ ഒരുമയോടെ നീങ്ങുന്ന കാഴ്ചമാത്രമാണു കാണാനാകുക.തീർത്ഥാടനത്തിനായി കാൽനടയായും മറ്റുമായി നാനാ ദേശത്തുനിന്നുമെത്തുന്ന വിശ്വാസികളെ നിറഞ്ഞമനസ്സോടെ തങ്ങളുടെ സഹദായുടെ മണ്ണിലേക്കവരെ സ്വീകരിക്കുന്നു.നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ഇവിടെ കുടിയേറിപാർത്ത ക്രൈസ്തവർക്ക്‌ ആരാധനക്കായി വേണ്ട സൗകര്യങ്ങൾ ഒരുക്കിയതും അക്കാലത്തെ ഹിന്ദു സഹോദരന്മാരായിരുന്നു.ഇന്നും പെരുന്നാൾ ദിനത്തിൽ ഹൈന്ദവരുടെ പങ്കാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ദേയമാണു ഈ നാട്‌.ലോകത്തിനു മുന്നിൽ നല്ല സാക്ഷ്യമാവുകയാണു വിശുദ്ധന്റെ അത്ഭുത സാന്നിദ്ധ്യമുള്ള ഈ ഗ്രാമം.തന്മൂലം മത മൈത്രിയുടെ സംഗമഭൂമിയായി ചന്ദനപ്പള്ളി അഭിമാനത്തോടെയാണു നിലകൊള്ളുന്നത്‌. മേടമാസം അടുക്കുന്നതോടെ ചന്ദനപ്പള്ളിക്കാർക്ക്‌ വലിയ ഉത്സാഹവും ആവേശവുമാണു. പെരുന്നാളിന്റെ ഓർമ്മതന്നെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണു അവരിൽ നിറക്കുന്നത്‌. ചന്ദനപ്പള്ളി ഗ്രാമം മാത്രമായി ഒതുങ്ങുന്നില്ല ആ സന്തോഷം.തൊട്ടടുത്ത ഇടത്തിട്ട, കൊടുമൺ,അങ്ങാടിക്കൽ,തട്ട,കുടമുക്ക്‌,വള്ളിക്കോട്‌ , കൈപ്പട്ടൂർ,നെരിയാപുരം,നെടുമൺകാവ്‌ തുടങ്ങി സമീപഗ്രാമങ്ങളിലേക്കും ഈ സന്തോഷം പകർന്നുകാണാനാകും.ലോകത്തിന്റെ ഏതു ദേശത്തായാലും പെരുന്നാൾകാലത്ത്‌ ഉപജീവനാർത്ഥം നാടുവിട്ട തങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം സഹദായുടെ പെരുന്നാൾ കൂടാനെത്തുമെന്നത്‌ അവരുടെ സന്തോഷത്തിനു മാറ്റുകൂട്ടുന്നു.അത്തരത്തിൽ നോക്കിയാൽ പെരുന്നാൾ ഒരർത്ഥത്തിൽ ഒത്തു ചേരലിന്റെ ദിനങ്ങൾകൂടിയാണു.ഗ്രാമത്തിന്റെ ഒരുമയും ഭക്തിയുടെ നേർക്കാഴ്ചയും ദൈവാനുഗ്രഹത്തിന്റെ വേദിയുമാണു ചന്ദനപ്പള്ളി പെരുന്നാൾ എന്നു തന്നെ പറയാം.ആചാര അനുഷ്ടാനങ്ങളിൽ തനതുപാരംബര്യം കാത്തുസൂക്ഷിക്കുന്ന ദേവാലയ സന്നിധി തേടി ജനലക്ഷങ്ങളാണു ഓരോ പെരുന്നാൾകാലത്തും എത്തുന്നതു. പെരുന്നാൾ കാലത്തെ ഏറ്റവും വൈശിഷ്ട്യമായ ചടങ്ങാണു ചെംബെടുപ്പ്‌.ചന്ദനപ്പള്ളിയുടെ ചരിത്രവുമായി ഇഴചേർന്നു പോകുന്നതാണു ഈ ചടങ്ങ്‌.ലോകത്താദ്യമായി ചെംബെടുപ്പ്‌ എന്ന അനുഷ്ടാനം ആരംഭിച്ചത്‌ ചന്ദനപ്പള്ളി വലിയപള്ളിയിലാണെന്നതാണു ചരിത്രം.The st.Thomas Christian encyclopedia യിലും Dr.George menachery യുടെയും ഡോ.സാമുവൽ ചന്ദനപ്പള്ളിയുടേയും പ്രീത്‌ ജി ജോർജ്ജിന്റേയും ഇതുസംബദ്ധിച്ച പുസ്തകങ്ങളിലും ചന്ദനപ്പള്ളി പള്ളിയുടേയും ചെംബെടുപ്പിന്റേയും ചരിത്രപശ്ചാത്തലം പരാമർശ്ശിക്കപ്പെട്ടിട്ടുള്ളതായി കാണാം. ചന്ദനപ്പള്ളി ചെംബെടുപ്പിനെ അനുസ്മരിച്ച്‌ ഇന്ന് കേരളത്തിലെ വിശുദ്ധ ഗീവർഗ്ഗിസ്‌ സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഒട്ടുമിക്ക പള്ളികളിലും പെരുന്നാളിനോടനുബന്ധിച്ച്‌ ചെംബെടുപ്പ്‌ എന്ന ഈ ചടങ്ങ്‌ നടത്തിവരുന്നതായി കാണാം. നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ചന്ദനപ്പള്ളി പള്ളി അഗ്നിക്കിരയായപ്പോൾ പുതിയ ഒരു ദേവാലയം പണിയാൻ തീരുമാനിച്ചു.പള്ളിയുടെ നിർമ്മാണത്തിനുള്ള തടികൾ തേടി പള്ളിയിൽ നിന്നും ഒരുപറ്റം ആളുകൾ കൊടുമൺ കുട്ടിവനത്തിൽ പോയി.വെട്ടിയിട്ട തടിമരങ്ങൾ പള്ളിയിലെത്തിക്കാൻ അവർക്ക്‌ സാധിച്ചില്ല.മുട്ടിന്മേൽ നിന്നവർ തങ്ങളുടെ പുണ്യാളച്ചനെ ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിച്ചു.വിശ്വാസത്തോടെയുള്ള അവരുടെ പ്രാർത്ഥന സഫലമായി….പൊടുന്നനവേ ആകാശത്ത്‌ വൻ കാർമേഖങ്ങൾ രൂപപ്പെട്ടു വൻ മഴ പെയ്തു.കുത്തിയൊഴുകിവന്ന മഴ വെള്ളത്തിൽ വെട്ടിയിട്ട തടിമരങ്ങൾ ചേർത്ത്‌ കെട്ടി ചങ്ങാടമാക്കി…അവർ സഹദാ ഗീതങ്ങൾ പാടി വലിയപള്ളിക്ക്‌ സമീപമായി ഒഴുകുന്ന വലിയ തോടിൻ കരയിൽ എത്തിച്ച്‌ പുതിയപള്ളിക്ക്‌ തുടക്കമിട്ടു.പള്ളി പണിക്ക്‌ എത്തിയവർക്ക്‌ നാനാജാതി മതസ്ത്ഥർ കൊണ്ടുവന്ന അരി സമീപത്തെ വലിയ തോടിൻ കരയിൽ രണ്ട്‌ വലിയ ചെംബുകളിലായി പാകം ചെയ്തു.പാകം ചെയ്ത്‌ തയ്യാറാക്കിയ ചോറു ചെംബോടുകൂടി കുരിശുമാത്രുകയിൽ മുളംതണ്ടിൽ ചേർത്ത്‌ ബന്ധിച്ച്‌ ആഘോഷപൂർവ്വം നാനാജാതിമതസ്ത്ഥർ ചേർന്ന് സഹദായുടെ അപദാനങ്ങൾ പാടി പള്ളിക്ക്‌ സമീപത്തെ കുതിരപ്പുരയിൽ എത്തിച്ച്‌ അന്നദാനം നടത്തി.തുടർന്ന് എല്ലാ വർഷവും പോയകാലത്തെ ഒരുമയുടെ നല്ല സ്മരണ പുതുക്കുന്ന ചടങ്ങായി ഇത്‌ മാറി.പിന്നീട്‌ ചെംബെടുപ്പ്‌ എന്ന പേരിൽ ഇത്‌ അറിയപ്പെട്ടു. ഇന്നും പള്ളിക്ക്‌ സമീപത്തെ വലിയതോട്ടിൻ കരയിലാണു പുണ്യാളച്ചന്റെ നേർച്ച ചോർ പാകപ്പെടുത്തി എടുക്കുന്നത്‌.ഇവിടെ വേവിക്കുന്ന നേർച്ച ചോറാണു കുതിരപ്പുരയിലേക്ക്‌ എഴുന്നള്ളിക്കുന്നതും. ആദ്യകാലങ്ങളിലെ പെരുന്നാളുകളിൽ ഇങ്ങനെ നാനാ ദേശങ്ങളിൽ നിന്നും വിശ്വാസികൾ സമർപ്പിക്കുന്ന അരി പൂർണ്ണമായും പാവങ്ങൾക്ക്‌ വിതരണം ചെയ്യുക പതിവായിരുന്നു.ഇന്നും ആ പതിവ്‌ നിലനിർത്തിവരാറുണ്ട്‌.കാർഷിക സമൃദ്ധിയുടെ പോയ കാലങ്ങളിൽ നിലങ്ങളിൽ നിന്നും കൊയ്ത്‌ എടുക്കുന്ന നെല്ലിൽ ഒരു പങ്ക്‌ പുണ്യാളച്ചനായി കരുതിസൂക്ഷിച്ച്‌ പെരുന്നാൾ കാലത്ത്‌ നൽകുന്ന ഒരു പതിവ്‌ സംസ്കാരവും ഗ്രാമങ്ങളിൽ നിലനിന്നിരുന്നു.ഇതിൽ ഏറെ കൗതുകകരമായത്‌ ഇന്നും വലിയപള്ളി പെരുന്നാളിനു ചെംബിൽ ആദ്യം അരി സമർപ്പണം ചെയ്ത്‌ വരുന്നത്‌ അങ്ങാടിക്കൽ വടക്കുള്ള മേക്കാട്ടു തറവാട്ടിൽ നിന്നുള്ള ഹിന്ദു കാരണവരാണു. കാരണവരുടെ അഭാവത്തിൽ ആ കുടുബത്തിലെ തെരഞെടുക്കപ്പെട്ട പ്രതിനിധികളാകും ഈ ചടങ്ങ്‌ അനുഷ്ടിക്കുക. പരംബരാഗതമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരമാണിത്‌.കുതിരകുളബടി ശബ്ദം കേട്ടുണരുന്ന ചന്ദനപ്പള്ളി എന്ന ഗ്രാമം പൗരാണികതയുടേയും സാംസ്കാരികാനുരൂപണത്തിന്റേയും നേർക്കാഴ്ചയാണു കാട്ടിതരുന്നത്