സഹദാ എന്ന സുറിയാനി പദത്തിന്റെ അര്‍ഥം ”രക്തസാക്ഷി” എന്നാണ്. അതായത് സത്യവിശ്വാസസംരക്ഷണത്തിനുവേണ്ടി ധീരതയോടെ പോരാടി മരണം വരിക്കുന്ന ധന്യാത്മാവ് എന്നര്‍ഥം. ക്രിസ്തീയസഭാ ചരിത്രത്തില്‍ പീഡനകാലത്ത് അനേകം സ്ത്രീപുരുഷന്മാര്‍ രക്തസാക്ഷികളായിത്തീര്‍ന്നിട്ടുണ്ട്. രക്തസാക്ഷികളുടെ രക്തം സഭയ്ക്കു വളമായിത്തീര്‍ന്നു. ആയിരക്കണക്കിനു രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും, സ്വന്തം പേരിനോട് ‘സഹദാ’ എന്ന വിശേഷണം ചേര്‍ത്തു പരാമര്‍ശിക്കപ്പെടുന്നവര്‍ ഒന്നോ രണ്ടോ പേര്‍മാത്രം.
രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ജസ്റ്റിന്‍ (യുസ്തീന്‍) അറിയപ്പെടുന്നത് ‘ജസ്റ്റിന്‍ മാര്‍ട്ടിയര്‍’ എന്നാണ്. അതുപോലെ വിശുദ്ധനായ ഗീവര്‍ഗീസിന്റെ നാമത്തോടു സഹദാ എന്ന വിശേഷണം എപ്പോഴും ചേര്‍ത്തുകാണാം. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തെ ‘വലിയ സഹദാ’ എന്നാണു വിശേഷിപ്പിക്കുന്നത്. ബിസന്റൈന്‍ സഭകളുടെ ആസ്ഥാനമായ കുസ്തന്തീനോപ്പോലീസില്‍ ഒരു കാലത്ത് അഞ്ചോ ആറോ ദേവാലയങ്ങള്‍ ഇദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിരുന്നു. അവയില്‍ ഏറ്റം പഴക്കമുള്ള ദേവാലയം കുസ്തന്തീനോസ് ചക്രവര്‍ത്തിതന്നെ നിര്‍മിച്ചതായി കരുതപ്പെടുന്നു.
ആറാം നൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി അര്‍മിനിയായിലെ ബിസാനെസ് എന്ന സ്ഥലത്ത് ഒരു ദേവാലയം നിര്‍മിക്കുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളില്‍ കുരിശുയുദ്ധങ്ങള്‍ക്കുശേഷം (പതിനൊന്നാം നൂറ്റാണ്ട്) വിശുദ്ധ ഗീവര്‍ഗീസിനനോടുള്ള ആദരവും അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള വിശ്വാസവും വളരെയേറെ വര്‍ധിക്കുവാനിടയായി. പടയാളിയായിരുന്നു ഈ പരിശുദ്ധന്റെ മധ്യസ്ഥത യുദ്ധവിജയത്തിനു കാരണമായി എന്നുള്ള വിശ്വാസം സൈനികരുടെ മനസ്സില്‍ വേരുറച്ചു. അങ്ങനെ അദ്ദേഹം സൈനികരുടെ പ്രത്യേക മധ്യസ്ഥനായിത്തീര്‍ന്നു. റിപ്പബ്ളിക് ഓഫ് ജനോവ, ഇംഗണ്ട്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ ‘കാവല്‍പിതാവാണ്’ (ഗ്ഗന്റന്ധത്സഗ്നn Sന്റദ്ധnന്ധ)വിശുദ്ധ ഗീവര്‍ഗീസ്. ഫ്രാന്‍സിലും ഇംഗണ്ടിലും ചില സൈനികവ്യൂഹം അദ്ദേഹത്തിന്റെ പേരില്‍ത്തന്നെയുണ്ട്.
കേരളത്തില്‍ പുരാതനായ പല ദേവാലയങ്ങളും ഗീവര്‍ഗീസിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടവയാണ്. ഇടപ്പള്ളി, കടമറ്റം, എടത്വാ, പുതുപ്പള്ളി, ചന്ദനപ്പള്ളി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനു മുന്‍പുതന്നെ വിശുദ്ധ സഹദാ ഇവിടെ സമാദരിക്കപ്പെട്ടിരുന്നു. പിന്നീടുണ്ടായ ലത്തീന്‍ സ്വാധീനം ഗീവര്‍ഗീസ് സഹദായുടെ പ്രാധാന്യം വര്‍ധിപ്പിക്കുവാന്‍ പ്രേരകമാകുകയും ചെയ്തു. ഇന്ന്, ജാതിമതഭേദമന്യേ സര്‍വരാലും സഹദാ സമാദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥത തേടുന്നവര്‍ പതിനായിരക്കണക്കായി ഉയര്‍ന്നിരിക്കുന്നു.
ജീവചരിത്രം: കപ്പദോക്യയിലെ ഒരു പ്രഭു കുടുംബത്തില്‍ ക്രിസ്തീയ മാതാപിതാക്കളുടെ മകനായി ക്രിസ്തുവര്‍ഷം 283ല്‍ ഗീവര്‍ഗീസ് ഭൂജാതനായി എന്നാണു വിശ്വസനീയമായ പാരമ്പര്യം. അതല്ല, പലസ്തീനില്‍ ലിഡാ അഥവാ ഡിയോസ് പോലീസ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണു ജനിച്ചതെന്നും വ്യത്യസ്തഭാഷ്യമുണ്ട്. പിതാവ് ഡയോക്ളീഷന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഒരംഗമായിരുന്നു. പിതാവിന്റെ മരണശേഷം മാതാവിനോടൊന്നിച്ചു പലസ്തീനിലേക്കു താമസം മാറ്റി. കാരണം, മാതാവ് പലസ്തീനില്‍നിന്നുള്ളവളായിരുന്നു. മാതാവിന്റെ സ്വത്തിനു ഗീവര്‍ഗീസ് അവകാശിയായി.
അരോഗദൃഢഗാത്രനായ ഈ യുവാവ് വളരെ പെറുപ്പത്തില്‍ത്തന്നെ (പതിനേഴാം വയസ്സില്‍ എന്നു പാരമ്പര്യം) സൈനികസേവനത്തിനായി സ്വയം സമര്‍പ്പിച്ചു. കര്‍മനൈപുണ്യംകൊണ്ടും വിശിഷ്ടസേവനംകൊണ്ടും തെളിമയാര്‍ന്ന സ്വഭാവവൈശിഷ്ട്യംകൊണ്ടും സൈന്യത്തില്‍ പടിപടിയായി ഉയര്‍ച്ച കൈവരിച്ചു. ഡയോക്ളീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ യുവ സൈനികമേധാവി ഉന്നതമായ പല ഉത്തരവാദിത്തങ്ങളും വഹിച്ചു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും നയതന്ത്രബന്ധങ്ങള്‍ നടത്തുവാനും നിയുക്തനായി. ഈ സന്ദര്‍ശനങ്ങളും ദൌത്യനിര്‍വഹണങ്ങളും ക്രിസ്തീയസാക്ഷ്യം വഹിക്കുവാന്‍ അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി. ഊര്‍മിയയില്‍ (ഇന്നത്തെ ഇറാന്‍) എത്തിയപ്പോള്‍ അവിടത്തെ സഭയെ സംഘടിപ്പിക്കുവാന്‍ അദ്ദേഹം യത്നിച്ചു. ഇംഗണ്ടും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. ഡയോക്ളീഷന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച ‘ക്രിസ്തീയ വിരുദ്ധ വിളംബര’ത്തെക്കുറിച്ച് അവിടെവച്ചു ഗീവര്‍ഗീസ് അറിഞ്ഞു. അസ്വസ്ഥചിത്തനായ അദ്ദേഹം തിരികെചെന്ന്, യാതൊരു സങ്കോചവും കൂടാതെ തന്റെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചു ചക്രവര്‍ത്തിയെ അറിയിച്ചു. അതുമാത്രമല്ല, രാജകീയവിളംബരത്തിന്റെ ഒരു കോപ്പി വലിച്ചുകീറി തന്റെ പ്രതിഷേധം പ്രകടമാക്കുകയും ചെയ്തു. തന്റെ സൈനിക സ്ഥാനമാനങ്ങള്‍ എല്ലാ വലിച്ചെറിഞ്ഞു ചക്രവര്‍ത്തിയുടെ നയത്തിനെതിരായി സംസാരിച്ചു.
ഈ സംഭവത്തെക്കുറിച്ചു സഭാചരിത്രകാരനായ യൌസേബിയോസ് പരാമര്‍ശിക്കുന്നുണ്ട്. ഒരു സൈനിക ഉദ്യോഗസ്ഥന്‍ ചക്രവര്‍ത്തിയുടെ പീഡകള്‍ക്കെതിരായി സംസാരിച്ചുവെന്നും, രക്തസാക്ഷിമരണം വരിച്ചുവെന്നുമുണ്ട്. പക്ഷേ, ആ ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞിട്ടില്ല. അതു വി.ഗീവര്‍ഗീസിനെപ്പറ്റിയാണെന്നാണു പണ്ഡിത ലോകത്തിന്റെ അഭിപ്രായം. സ്വന്തം സ്ഥാനമാനങ്ങളെക്കാള്‍ വലുതായി ക്രിസ്തീയവിശ്വാസത്തെ പരിഗണിച്ച പരിശുദ്ധനാണു ഗീവര്‍ഗീസ് എന്നു തെളിയുന്നു. ക്രിസ്തീയസാക്ഷ്യം വഹിക്കുവാന്‍ പദവികളും ലൌകികനേട്ടങ്ങളും അദ്ദേഹം പരിത്യജിച്ചു. കഷ്ടതയുടെയും സഹനത്തിന്റെയും പാത അദ്ദേഹം തിരഞ്ഞെടുത്തു.
കുദ്ധനായ ചക്രവര്‍ത്തി ഗീവര്‍ഗീസിനെ ബന്ധനസ്ഥനാക്കി, നിഷ്ഠുരമായ പീഡനമുറകള്‍ അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടു. പക്ഷേ, ഗീവര്‍ഗീസ് അചഞ്ചലനായി പാറപോലെ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷി മരണത്തെക്കുറിച്ചു വ്യത്യസ്ത പാരമ്പര്യങ്ങള്‍ സഭയിലുണ്ട്. ഒരു ചക്രത്തിനുമേല്‍ മൂര്‍ച്ചയേറിയ അനേകം കത്തികള്‍ ഘടിപ്പിച്ചു ഗീവര്‍ഗീസിനെ അതില്‍ ബന്ധിച്ചശേഷം ചക്രം അതിവേഗത്തില്‍ കറക്കി. ”എന്റെ ദൈവം വലിയവന്‍” എന്നു സാക്ഷിച്ചുകൊണ്ടു നിരപായം അദ്ദേഹം ചക്രത്തില്‍ നിന്നെഴുന്നേറ്റുവന്നു. പിന്നീട് അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞു. എന്നാല്‍ ഒരു വങ്ങല്‍പോലും ഏല്‍ക്കാതെ പ്രസന്നവദനനായി അദ്ദേഹം പുറത്തുവന്നു. ഒടുവില്‍ അദ്ദേഹത്തെ വാള്‍കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു. അതു ക്രിസ്തുവര്‍ഷം 303 ഏപ്രില്‍ 23ന് ആയിരുന്നു എന്നാണു പാരമ്പര്യം. അന്ത്യനിമിഷത്തില്‍ അദ്ദേഹം മുട്ടുകുത്തി ഉയരത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: ”രക്ഷകനായ യേശുവേ, എന്റെ മധ്യസ്ഥതയില്‍ ശരണപ്പെടുന്നവര്‍ക്ക്, അങ്ങ് എക്കാലവും ആശ്വാസദായകനായിരിക്കണമേ.” ആ പ്രാര്‍ഥനയില്‍ വെളിപ്പെടുന്ന സത്യം, അനുഗ്രഹത്തിന്റെയും ആശ്വാസത്തിന്റെയും ഉറവിടം യേശുക്രിസ്തുവാണ്. സഹദായുടെ മധ്യസ്ഥത അവ സംപ്രാപ്യമാക്കുവാന്‍ സഹായിക്കുന്നു. അതു പ്രാര്‍ഥനയുടെ ഒരനുഭവമാണ്.
അദ്ദേഹം സൈനികനായി പ്രവര്‍ത്തിച്ചിരുന്നകാലത്തു സംഭവിച്ചതായി പറയപ്പെടുന്ന കഥയാണ് സര്‍പ്പത്തെ സംഹരിച്ചത്. ഒരു നാടുവാഴിയുടെ പുത്രിയെ കൊല്ലുവാന്‍ ഒരു മഹാസര്‍പ്പം ഒരുമ്പെട്ടു. അതുകണ്ട ഗീവര്‍ഗീസ് തല്‍ക്ഷണം, കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ തന്റെ കയ്യിലിരുന്ന കൂര്‍ത്ത കുന്തം സര്‍പ്പത്തിന്റെ പിളര്‍ന്ന വായില്‍ കുത്തിക്കയറ്റി അതിനെ വകവരുത്തി. അങ്ങനെ പ്രഭുകുമാരിയെ മൃത്യുവക്ത്രത്തില്‍നിന്ന് അദ്ദേഹം രക്ഷപ്പെടുത്തി. പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന ഐതിഹ്യങ്ങളിലാണ് ഈ കഥ ഉള്‍ക്കൊള്ളുന്നത്.
പതീകാത്മകമായി ആ സംഭവത്തെ നമുക്കു വിലയിരുത്താം. തിന്മയുടെ പ്രതീകമാണ് ഉഗ്രസര്‍പ്പം. വെളിപ്പാടു പുസ്തകത്തില്‍ അപ്രകാരമുള്ള ഒരു ഉഗ്രസര്‍പ്പത്തെപ്പറ്റി പരാമര്‍ശിക്കുന്നു. തിന്മയെ പരാജയപ്പെടുത്തുവാനുള്ള ധര്‍മമാണ് ഓരോ ക്രിസ്തീയ വിശ്വാസിക്കുമുള്ളത്. ഈ സത്യം വാചാലമാക്കുന്നതാണു സര്‍പ്പത്തെക്കുറിച്ചുള്ള ഈ പാരമ്പര്യം. വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തമായ ആയുധത്താല്‍ നാം തിന്മയെ പരാജയപ്പെടുത്തണം.
ഒരു പട്ടാള ഉദ്യോഗസ്ഥനുപോലും ക്രിസ്തീയ സാക്ഷ്യം അന്യമല്ല എന്ന സത്യം വിശുദ്ധ ഗീവര്‍ഗീസ് വെളിപ്പെടുത്തുന്നു. ഓരോ വിശ്വാസിയും അവന്റെ ഹൃദയത്തില്‍ ഒരു രക്തസാക്ഷിയായിരിക്കണം. വിശ്വാസത്തിനുവേണ്ടി എന്തു ത്യാഗവും വരിക്കുവാന്‍ സന്നദ്ധമാകേണ്ടതുണ്ട്. വൈദികശ്രേണിയില്‍ എങ്ങും എത്തിച്ചേരാതെ ഒരു അത്മായന്‍ എന്ന നിലയില്‍ – പ്രത്യേകിച്ചും ഒരു സൈനികമേധാവി ആയിരിക്കെ – വിശുദ്ധിയുടെയും രക്തസാക്ഷിത്വത്തിന്റെയും ഔന്നത്യം കൈവരിക്കുവാന്‍ സാധിച്ചതു നമുക്കു പ്രചോദനമാകേണ്ടതാണ്.