അര്‍മേനിയന്‍ വംശഹത്യയുടെ 100-ാം വാര്‍ഷികത്തില്‍ പരിശുദ്ധ കരേക്കിന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക ക്ഷണപ്രകാരംപരിശുദ്ധ കാതോലിക്കാ ബാവായും പ്രതിനിധി സംഘവും പങ്കെടുക്കും
കോട്ടയം : അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 22 മുതല്‍ 25 വരെ അര്‍മേനിയയിലെ വഗര്‍ഷപട്ടില്‍ നടക്കുന്ന അര്‍മേനിയന്‍ വംശഹത്യയുടെ 100-ാം സ്മരണ വാര്‍ഷികത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും പ്രതിനിധി സംഘവും പങ്കെടുക്കും. അര്‍മേനിയന്‍ സഭാ ആസ്ഥാനത്തേക്കുള്ള പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രഥമ സന്ദര്‍ശനമാണിത്. അര്‍മേനിയന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കരേക്കിന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, സോപാന അക്കാഡമി ഡയറക്ടര്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, പരി.കാതോലിക്കാ ബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ.തോമസ് സക്കറിയ, ഡീക്കന്‍ സന്തോഷ് ബാബു തുടങ്ങിയവരാണ് നാലംഗ പ്രതിനിധി സംഘത്തില്‍ ഉള്ളത്.
മലങ്കര ഓര്‍ത്തഡോക്‍സ് സഭയുമായി വിശ്വാസ ഐക്യമുള്ള സഭയാണ് അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ.മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന ദേവലോകം അരമനകെട്ടിടം കൂദാശ ചെയ്തത് 1963 ല്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായിരുന്ന പരിശുദ്ധ വസ്ഖന്‍ ഒന്നാമന്‍ കാതോലിക്കാ ബാവയാണ് .
20-ാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയയില്‍ നടന്നത്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന അര്‍മേനിയയില്‍ 15 ലക്ഷം ക്രിസ്ത്യാനികളെയാണ് സൈന്യം തിരഞ്ഞുപിടിച്ച് കൊന്നത്.