അര്‍മേനിയയില്‍ നടന്നതു വംശഹത്യ: മാര്‍പാപ്പ

pope_francis_2015

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോകയുദ്ധകാലത്ത് നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയന്‍ നരഹത്യയുടെ 100_ാം വാര്‍ഷികത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ കുര്‍ബാനയുടെ തുടക്കത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. അര്‍മേനിയന്‍ ആരാധനാക്രമത്തിലുള്ള കുര്‍ബാനയില്‍ അര്‍മേനിയന്‍ സഭാ മേലധ്യക്ഷന്മാരും പങ്കെടുത്തു. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അര്‍മേനിയയില്‍ 15 ലക്ഷം പേരെ സെന്യം കൊലപ്പെടുത്തിയതായാണ് ചരിത്രം എന്നാല്‍ ഈ കണക്കുകള്‍ പെരുപ്പിച്ചതാണെന്നും വംശഹത്യ നടത്തിയിട്ടില്ലെന്നും അവര്‍ ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടതാണെന്നുമാണ് തുര്‍ക്കിയുടെ വാദം. ആദ്യമായാണ് ഒരു മാര്‍പാപ്പ വംശഹത്യയെന്ന പരസ്യപ്രഖ്യാപനം നടത്തുന്നത്. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ പരമാധ്യക്ഷനായ കെരെകിന്‍ രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായും നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായിരുന്നു. 2013ല്‍ അര്‍മേനിയന്‍ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് പാപ്പ ഇതേ പരാമര്‍ശം നടത്തിയപ്പോള്‍ തുര്‍ക്കി ശക്തമായി പ്രതിഷേധിച്ചിരുന്നു.

ചില രാജ്യങ്ങളും ചരിത്ര പണ്ഡിതന്മാരും വംശഹത്യയെന്നു വിശേഷിപ്പിച്ചിരുന്നെങ്കിലും തുര്‍ക്കിയെ പിണക്കാതിരിക്കാന്‍ അമേരിക്കയോ ഇറ്റലിയോ മുന്‍ മാര്‍പാപ്പമാരോ തുറന്ന പരാമര്‍ശത്തിനു മുതിര്‍ന്നിരുന്നില്ല. ‘ഓട്ടോമാന്‍ സാമ്രാജ്യം കൊന്നൊടുക്കിയ നിരപരാധികളായ അര്‍മേനിയക്കാരെ ആദരിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ് അവരെ ഈ അവസരത്തില്‍ സ്മരിക്കുന്നു തിന്മയെ മൂടി വയ്ക്കുന്നത് രക്തം വാര്‍ന്നൊലിക്കുന്ന മുറിവ് വച്ചുകെട്ടാതിരിക്കുന്നതു പോലെയാണ് പാപ്പ പറഞ്ഞു.