മൗനത്തിന്റെ ലാവണ്യം by ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ

പാഠം 1

mar_ivanios

മൗനം കേവലം സംസാരിക്കാതിരിക്കുന്നതല്ല. സ്വർഗ്ഗത്തിലെ ഭാഷയാണ് മൗനം എന്നു പറയാറുണ്ട്. ഇത് നമ്മിൽ ഉണർത്തുന്ന ഒരു സന്ദേഹം സ്വർഗ്ഗീയമാലാഖമാരുടെ നിരന്തര സ്തുതികളെക്കുറിച്ചാണ്. ഒമ്പതു വൃന്ദം മാലാഖമാർ അട്ടഹസിക്കുകയാണെന്ന് പറയുന്നു. സ്വർഗ്ഗം ശബ്ദമുഖരിതമാണ്. എവിടെയാണ് നിശ്ശബ്ദത എന്നു നാം ചിന്തിച്ചുപോകും.

എന്താണ് മൗനം? അത് മനസ്സിനെ അടക്കലാണ്. നിരവധിയായ വിചാരങ്ങൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ മനസ്സ്. ദുഷ്ടചിന്തകൾ അതിനെ മലിനപ്പെടുത്തുന്നുണ്ട്. ചിന്തകൾക്ക് കാരണം ഇന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളാണ്. ഇന്ദ്രിയജയം ആത്മാവിന്റെ ഫലമാകുന്നത് അത് മനസ്സടക്കത്തിലേക്ക് നയിക്കുന്നതുകൊണ്ടുമാണ്. ലൗകിക ചിന്തകൾ നമ്മുടെ മനസ്സിലുണ്ടാക്കുന്ന അസ്വസ്തതകളെ പുറന്തള്ളുന്നതിന് ഒരു ദൈവിക ചിന്തയെ കടത്തിവിടുന്നത് പൗരസ്ത്യ ആധ്യാത്മികതയിൽ പതിവാണ്. ഉദാഹരണത്തിന് യേശുനാമ പ്രാർത്ഥനപോലെ. മനസ്സിൽ മുറീഞ്ഞുപോകാത്ത ദൈവസാന്നിധ്യബോധം ഉണ്ടാകുന്നതാണ് മൗനം. സത്യത്തെക്കുറിച്ച് ബോധമുള്ളവർ വ്യർത്ഥകാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയില്ലല്ലോ! ഇതരവിചാരങ്ങളില്ലാതെ ദൈവസ്തുതികൾ മാത്രം പാടുന്നതാണ് സ്വർഗ്ഗത്തിലെ മൗനം. അത് ഹൃദയത്തിൽ രൂപപ്പെടണം.

മറ്റൊരു വിധത്തിൽ ദൈവത്തോടുള്ള സംഭാഷണമാണ് മൗനം. അത് ദൈവസംസർഗ്ഗത്തിന്റെ അടയാളമാണ്. അത് നിരന്തരമായ ദൈവസ്തുതികളാൽ നിറഞ്ഞിരിക്കുന്ന ഹൃദയത്തിന്റെ ഭാഷയാണ്. പിതാക്കന്മാരുടെ ഒരു പ്രാർത്ഥനചൊല്ലി നമുക്ക് പൂർത്തീകരിക്കാം.

“കർത്താവേ എന്റെ ആത്മാവിനെ നിന്റെ ദയകൊണ്ടും, എന്റെ അറിവിനെ നിന്റെ വിശ്വാസം കൊണ്ടും, എന്റെ വിചാരങ്ങളെ നിന്റെ വിശുദ്ധികൊണ്ടും, എന്റെ വായ് നിന്റെ സ്തുതിപ്പുകൾ കൊണ്ടും എന്റെ നാവിനെ നിന്റെ സ്തോത്രങ്ങൾ കൊണ്ടും നിറയ്ക്കേണമേ.”