ആ മനുഷ്യന്‍ ഞാന്‍ തന്നെ 

samundar_sing

ജിജോ സിറിയക്‌

 

ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഇതാ ഒരു മനുഷ്യപുത്രന്റെ ഉയിര്‍പ്പിന്റെ കഥ.
ഇത് സമുന്ദര്‍ സിങ്. തന്റെ കത്തിക്ക് ഇരയായി ജീവന്‍ വെടിഞ്ഞ മലയാളിയായ
ഒരു കന്യാസ്ത്രീയുടെ ശവകുടീരത്തിനു മുന്നില്‍ കൈ കൂപ്പുന്നത് അയാളാണ്.
മധ്യപ്രദേശിലെത്തി സമുന്ദര്‍ സിങ്ങിനെ നേരില്‍ കണ്ട്, അപൂര്‍വമായ
ആ മാനസാന്തരത്തിന്റെ കഥ ഇവിടെ പകര്‍ത്തുന്നു…
അയാളുടെ പേര് സമുന്ദര്‍ സിങ് എന്നായിരുന്നു. കഴിഞ്ഞ ഫിബ്രവരി 25ന് മധ്യപ്രദേശിലെ മിര്‍ജാപുര്‍ ഗ്രാമത്തിലാണ് ഞാനയാളെ കണ്ടുമുട്ടിയത്. മലയാളിയായ സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടതിന്റെ 20ാം വാര്‍ഷികദിനമായിരുന്നു അന്ന്. റാണിയുടെ കബറിടത്തിനുമുന്നില്‍ ഒരു വെള്ള പനിനീര്‍പ്പൂവുമായി കുമ്പിട്ടുനിന്ന് പ്രാര്‍ഥിക്കുകയായിരുന്നു സമുന്ദര്‍ സിങ്. ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. ഇടയ്ക്ക് ആ ശരീരം വിറയ്ക്കുന്നത് ഞാന്‍ കണ്ടു. വിറയ്ക്കുന്ന കൈകളിലിരുന്ന് ആ വെളുത്തപുഷ്പവും വിറച്ചു.

ആ വിറയല്‍ തണുപ്പുകൊണ്ടല്ല. ഈ കല്ലറയ്ക്കുള്ളില്‍ അന്ത്യനിദ്ര കൊള്ളുന്ന റാണി മരിയയുടെ നെഞ്ചിനുനേരേ 20 വര്‍ഷംമുമ്പ് കത്തി ഉയര്‍ത്തിയത് ഇപ്പോള്‍ പൂവേന്തുന്ന ഇതേ കൈകളാണ്‍ അന്ന് കൈകള്‍ ഒട്ടും വിറച്ചിരുന്നില്ല. ഒന്നും രണ്ടുമല്ല, 54 വട്ടമാണ് സമുന്ദറിന്റെ കഠാര റാണിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങിയത്!

1995 ഫിബ്രവരി 25നായിരുന്നു ആ സംഭവം. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര്‍ റാണി മരിയ (51) ഉദയനഗറില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെട്ടത്. ബസ്സിനുള്ളിലിട്ട് തുരുതുരെ കുത്തിയശേഷം പുറത്തേക്ക് അവരെ വലിച്ചിടുകയായിരുന്നു. വിജനമായ നച്ചന്‍ബോറ മലനിരകളിലൂടെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ സമുന്ദറിനെ കൂടാതെ കൊലപാതകം ആസൂത്രണംചെയ്ത ജീവന്‍ സിങ്, ധര്‍മേന്ദ്ര സിങ്എന്നിവരുമുണ്ടായിരുന്നു.

പുല്ലുവഴി വട്ടാലില്‍ പൈലിയുടെയും ഏലീശ്വായുടെയും മകളായിരുന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സംന്യാസിനിയായിരുന്ന റാണി മരിയ. മധ്യപ്രദേശിലെ ഉദയനഗറിലും പരിസരത്തും നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘സമ്മാന’മായിരുന്നു ആ വധശിക്ഷ. കാളകള്‍ക്കൊപ്പം തോളില്‍ നുകംപേറി ഉഴുതിരുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് സിസ്റ്റര്‍ സ്വയംപര്യാപ്തതയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുത്തു. നാട്ടുമുതലാളിമാരില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങി കൃഷിചെയ്ത് നശിച്ചവരായിരുന്നു ഗ്രാമീണരിലേറെയും. ബാങ്ക് വായ്പ ലഭ്യമാക്കിയും പുത്തന്‍ കൃഷിരീതികള്‍ പരിചയപ്പെടുത്തിയും റാണി അവരെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു. സഹകരണസംഘവും സ്വാശ്രയസംഘവുമൊക്കെ രൂപവത്കരിക്കാന്‍ അവരെ പ്രാപ്തരാക്കി. ശുചിത്വമുള്ള ജീവിതരീതി സിസ്റ്റര്‍ അവരെ പരിശീലിപ്പിച്ചു. കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകക്ലാസ്സുകള്‍ നടത്തി. മുതലാളിമാര്‍ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിച്ചവര്‍ക്ക് നിയമസഹായം നല്‍കി. സ്വാഭാവികമായി ഇത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. അതിന്റെ അനന്തരഫലമായിരുന്നു നിഷ്ഠുരമായ ആ കൊലപാതകം.

സമുന്ദറും കൂട്ടാളികളും പിടിയിലായി. കേസില്‍ ശിക്ഷിക്കപ്പെട്ടത് സമുന്ദര്‍ സിങ് മാത്രം; അതും ജീവപര്യന്തം. ഗൂഢാലോചന നടത്തിയവര്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു. അവര്‍ പിന്നെ സമുന്ദറിനെ തിരിഞ്ഞുനോക്കിയില്ല. ഭാര്യയും അയാളെ ഉപേക്ഷിച്ചു. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ഇരുളില്‍ അന്തര്‍മുഖനായി സമുന്ദര്‍ കഴിഞ്ഞുകൂടി.

2002 ആഗസ്ത് 21 സമുന്ദറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു ദിനമാണ്. അന്ന് രാഖീബന്ധനായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ സമുന്ദറിനെ കാണാന്‍ ഒരു അതിഥിയെത്തി. അത് റാണിയുടെ അനുജത്തി സിസ്റ്റര്‍ സെല്‍മിയായിരുന്നു. അവര്‍ സ്വന്തം സഹോദരിയുടെ നെഞ്ചില്‍ കത്തിയിറക്കിയ കൈകളില്‍ രാഖികെട്ടി സമുന്ദറിനെ സഹോദരനായി സ്വീകരിച്ചു. റാണിയുടെ ചോരവീണ ആ കൈകളില്‍ ചുംബിച്ചു. ഉലഞ്ഞുപോയ സമുന്ദര്‍ സെല്‍മിയുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് മാപ്പുചോദിച്ചു. അലറിക്കരഞ്ഞുകൊണ്ട് അയാള്‍ ആവര്‍ത്തിച്ചു: ”ക്ഷമിക്കൂ സഹോദരീ… എന്നോട് ക്ഷമിക്കൂ!”

”ഞാന്‍ നിന്നോട് പണ്ടേ ക്ഷമിച്ചതാണല്ലോ”, സെല്‍മി പറഞ്ഞു: ”ദൈവവും നിന്നോട് ക്ഷമിച്ചിട്ടുണ്ടാകും. നീ ഇനി തളരരുത്. ഞങ്ങളെല്ലാം എന്നും നിനക്കായി പ്രാര്‍ഥിക്കുന്നുണ്ട്!”.

സെല്‍മി നല്‍കിയ മധുരം എല്ലാവര്‍ക്കും പങ്കുവെച്ച് ജയിലറയിലേക്ക് മടങ്ങുമ്പോള്‍ സമുന്ദര്‍ ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. ജയിലില്‍ കഴിയുന്നവരുടെ ശുശ്രൂഷ നിയോഗമായി സ്വീകരിച്ച സ്വാമിയച്ചനെന്നറിയപ്പെടുന്ന ഫാ. സച്ചിദാനന്ദാണ് ആ കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കിയത്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആഴമേറിയ അനുഭവമാണ് തനിക്കുകിട്ടിയതെന്ന് അതേക്കുറിച്ച് സെല്‍മി പിന്നീട്പറഞ്ഞു.

സമുന്ദറിന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. 2003 ഫിബ്രവരി 24ന് ജയിലില്‍ റാണി മരിയയുടെ അമ്മ ഏലീശ്വയും സഹോദരന്‍ സ്റ്റീഫനും സമുന്ദറിനെ തേടിയെത്തി. സിസ്റ്റര്‍ സെല്‍മിയും ഒപ്പമുണ്ടായിരുന്നു. മകളെ കൊന്നവന്റെ കൈകളില്‍ ഏലീശ്വ ചുംബിച്ചു.”എന്റെ മകളുടെ രക്തംവീണ കൈകളാണിത്. ഇതില്‍ ചുംബിക്കുക എന്റെ ആഗ്രഹമായിരുന്നു!”, ആ അമ്മയുടെ വാക്കുകള്‍ കേട്ട് സമുന്ദര്‍ പൊട്ടിക്കരഞ്ഞു.

പിറ്റേന്ന് റാണി മരിയയുടെ എട്ടാം ചരമവാര്‍ഷികമായിരുന്നു. അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ റാണി മരിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു.

സമുന്ദറിന് മാപ്പുനല്‍കിയതായി കുടുംബാംഗങ്ങള്‍ എഴുതിനല്‍കി. നിയമത്തിന്റെ നൂലാമാലകള്‍ കടന്ന് 2006 ആഗസ്ത് 22ന് അയാള്‍ ജയില്‍മോചിതനായി. പിറ്റേന്നുതന്നെ ഉദയനഗറിന് സമീപം മിര്‍ജാപുരിലുള്ള റാണി മരിയയുടെ കബറിടത്തില്‍ സമുന്ദര്‍ എത്തി. ഒരു നിലവിളിയോടെ അയാള്‍ നിലത്തുവീണ് പ്രണമിച്ചു. പിന്നീട് നച്ചന്‍ബോര്‍ മലനിരകളില്‍ താനവളെ കുത്തിക്കൊന്ന സ്ഥലത്തുള്ള സ്മാരകത്തില്‍പോയി പ്രാര്‍ഥിച്ചു. കോണ്‍വെന്റിലെത്തി സിസ്റ്റേഴ്‌സിനോട് മാപ്പുചോദിച്ച്, അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് അയാള്‍ മടങ്ങിയത്.

റാണി മരിയ പിറന്ന വീടുകാണാന്‍ സമുന്ദര്‍ സ്വാമിയച്ചനൊപ്പം കേരളത്തിലും വന്നു. 2007 ജനവരി 20ന് ബൈബിളിലെ ധൂര്‍ത്തപുത്രനെപ്പോലെ അയാള്‍ കുമ്പിട്ട ശിരസ്സോടെ പുല്ലുവഴിയിലെ വട്ടാലില്‍ തറവാട്ടിലെത്തി. അവശനായിരുന്ന റാണി മരിയയുടെ പിതാവ് പൈലിയുടെയും ഏലീശ്വായുടെയും മുമ്പില്‍ അയാള്‍ മുട്ടുകുത്തി സമസ്താപരാധങ്ങള്‍ക്കും മാപ്പിരന്നു. തങ്ങളുടെ പൊന്നോമനയെ കൊന്നവന്റെ ശിരസ്സില്‍ ആ വൃദ്ധദമ്പതികള്‍ വിറയ്ക്കുന്ന കരം ചേര്‍ത്ത് അനുഗ്രഹിച്ചു. റാണിയുടെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും സ്‌നേഹത്തോടെ അയാളെ ഊട്ടി. ധാരാളം വിഭവങ്ങളുള്ള സദ്യയായിരുന്നു അത്. എല്ലാവരുടെയും സ്‌നേഹപ്രകടനങ്ങള്‍ സമുന്ദറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. പിന്നെ ചുണ്ടോടുചേര്‍ത്തുവെച്ച സ്വന്തം കൈ കടിച്ചുമുറിച്ചു. അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഏലീശ്വ വിലക്കി: ”അരുത് മകനേ… ഞങ്ങളെല്ലാവരും ക്ഷമിച്ചല്ലോ. ഇനി നീ കരഞ്ഞാല്‍ ഞങ്ങള്‍ക്ക് വിഷമമാകും. നീയും ഞങ്ങളുടെ മോനല്ലേ?”

അതോടെ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനായി. പിന്നീട് ഒരുവട്ടംകൂടി സമുന്ദര്‍ സ്വാമിയച്ചനൊപ്പം പുല്ലുവഴിയില്‍ വന്നുമടങ്ങി.
ആ സമുന്ദറിനെയാണ് ഞാനിപ്പോള്‍ വീണ്ടും ശവകുടീരത്തിനുമുന്നില്‍ പുഷ്പവുമായി കാണുന്നത്. ഇപ്പോള്‍ സമുന്ദര്‍ കൃഷിചെയ്ത് ജീവിക്കുകയാണ്. അയാള്‍ക്ക് പശുക്കളും എരുമകളുമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം കോണ്‍വെന്റിലെത്തും. ഉദയനഗര്‍ സ്‌നേഹസദന്‍ കോണ്‍വെന്റിലിപ്പോള്‍ മദറായിരിക്കുന്നത് സിസ്റ്റര്‍ സെല്‍മിയാണ്. സഹോദരി കൊല്ലപ്പെട്ട അതേ സ്ഥലത്ത് ജോലിചെയ്യണമെന്ന അവരുടെ ആഗ്രഹം കോണ്‍വെന്റ് അധികൃതര്‍ അനുവദിക്കുകയായിരുന്നു. അവരെ കാണാന്‍ചെല്ലുമ്പോള്‍ തന്റെ വയലില്‍നിന്നുള്ള ഗോതമ്പോ ഫലങ്ങളോ എന്തെങ്കിലും സമുന്ദര്‍ ഈ സഹോദരിക്കായി കരുതുന്നു.

ഈ ഫിബ്രവരി 25ന് നടന്ന അനുസ്മരണച്ചടങ്ങിലും തന്റെ വയലില്‍നിന്നുള്ള വിഭവങ്ങള്‍ സമുന്ദര്‍ കാഴ്ചയായി സമര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാല്‍ക്കല്‍വീണ് അയാള്‍ ഒരിക്കല്‍ക്കൂടി തന്റെ തെറ്റിന് മാപ്പിരന്നു. പുല്ലുവഴിയില്‍നിന്ന് ചടങ്ങിനെത്തിയവരുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച ‘റാണി മരിയ ഫൗണ്ടേഷ’നില്‍ ആദ്യ അംഗമായതും സമുന്ദറാണ്.

”ഇപ്പോള്‍ എന്തുതോന്നുന്നു?”, എന്റെ ചോദ്യത്തിന് അല്പസമയത്തെ മൗനത്തിനുശേഷമാണ് സമുന്ദര്‍ മറുപടി പറഞ്ഞത്. ”ചിലപ്പോള്‍ കുറ്റബോധം മനസ്സില്‍ നിറയും. മരിച്ചാലോ എന്നുതോന്നും. പിന്നെ വിചാരിക്കും, എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്ന്. ഞാനതിലൊരു ഉപകരണം മാത്രം. റാണി മരിയയുടെ രക്തത്തില്‍ സ്‌നാനം ചെയ്യപ്പെട്ടയാളാണ് ഞാന്‍. നല്ലതുചെയ്താല്‍ ഹൃദയത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകുമെന്ന് പഠിച്ചു. ഞാന്‍ അമ്പലത്തിലും പള്ളിയിലുമൊക്കെ പ്രാര്‍ഥിക്കും. എല്ലാവരും സഹോദരങ്ങളാണ്. എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണ്‍”

വീണ്ടും പുല്ലുവഴിക്ക് പോകണം, അമ്മ വയ്യാതെ കിടക്കുകയാണ്. കാണണമെന്നുണ്ട്. എനിക്കൊപ്പം അന്ന് റാണി മരിയയെ കൊല്ലാന്‍ പദ്ധതിയിട്ടവരും മാനസാന്തരപ്പെട്ട് പുല്ലുവഴിയിലെ വീട്ടിലെത്തണം, പിന്നെ റാണി മരിയ എത്രയും പെട്ടെന്ന് വിശുദ്ധയാകണം. ഇതിനായി എന്നും ഞാന്‍ ഭഗവാനോട് പ്രാര്‍ഥിക്കുന്നുണ്ട്. റാണിക്കൊപ്പം ഞാനും ഓര്‍മിക്കപ്പെടുമല്ലോ… വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ സമുന്ദര്‍ പറഞ്ഞുനിര്‍ത്തി.

മടങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ഇതും ഈസ്റ്ററാണ്. ദൈവപുത്രന്റെയല്ല, ഒരു പാവം മനുഷ്യപുത്രന്റെ. ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന വാക്കിന് ഇതിലുമധികം അര്‍ഥം നമുക്ക് മറ്റെവിടെ കണ്ടെത്താന്‍ കഴിയും?