സുറിയാനി ക്രിസ്ത്യാനികളെ മാപ്പിള എന്ന് അഭിസംബോധന ചെയ്യണം: 1914-ലെ മദ്രാസ് ഹൈക്കോടതി വിധി

mammen_mappila

സുറിയാനി ക്രിസ്ത്യാനികളെ മാപ്പിള എന്ന് അഭിസംബോധന ചെയ്യണം: 1914-ലെ മദ്രാസ് ഹൈക്കോടതി വിധി

സുറിയാനി ക്രിസ്ത്യാനികളെ ‘മാപ്പിള’ എന്ന് അഭിസംബോധന ചെയ്യണം:
മദ്രാസ് ഹൈക്കോര്‍ട്ട് വിധി

ആര്‍ത്താറ്റ് (പാലൂര്‍) പള്ളിയില്‍ നിന്ന് മൂന്ന് നാഴിക ദൂരെ (ഉദ്ദേശം അഞ്ചു കിലോമീറ്റര്‍) മാര്‍തോമ്മാശ്ലീഹായുടെ പേരില്‍ ഇപ്പോള്‍ പ്രസിദ്ധമായ പാലയൂര്‍ പള്ളിയുടെ (1810 വരെ ചാവക്കാട് പള്ളി എന്ന് രേഖ) അടുത്ത് ‘പാവര്‍ട്ടി’ എന്ന ദിക്കില്‍ റോമന്‍ കത്തോലിക്കാ സുറിയാനിക്കാര്‍ക്ക് ഒരു പള്ളിയും ഹൈസ്ക്കൂളുമുണ്ട്. പള്ളിവക ഒരു ലേലക്കുറിയില്‍ പ്രസിദ്ധപ്പെട്ട ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കരുമാഞ്ചേരി കാരണവര്‍ കൃഷ്ണന്‍നായര്‍ മുതല്‍ ചില നായര്‍ പ്രമാണികള്‍ ചേര്‍ന്നിരുന്നു. കുറി അവര്‍ ലേലം വിളിച്ചതിനാല്‍, നിശ്ചിത സമയത്ത് പള്ളിയില്‍ നിന്നും കുറി പണയാധാരം തയ്യാറാക്കി കൊടുത്തു. അതില്‍ പള്ളികൈക്കാരന്മാരായ സുറിയാനി ക്രിസ്ത്യാനികളില്‍ കൊമ്പന്‍ പൗലൂസ് വറീയത് മുതല്‍പേരുടെ പേരുകളോട് ചേര്‍ത്തു ‘മാപ്പിള’ എന്ന് സ്ഥാനപ്പേര്‍ വച്ചിരുന്നു. നായര്‍ പ്രമാണിമാര്‍ മാപ്പിള എന്ന് ചേര്‍ത്ത ഭാഗങ്ങള്‍ വെട്ടി താഴെ യാദാസ്ത് എഴുതി പണയാധാരം രജിസ്റ്റര്‍ ചെയ്തു. ‘മാപ്പിള’ എന്ന പേര്‍ വെട്ടിയതിനാല്‍ പള്ളിയില്‍ നിന്നും കുറി വക സംഖ്യ കൊടുത്തില്ല. അതിനാല്‍ 1087-ന് 1912 ജൂലൈ 1-ാം തീയതി നായര്‍ പ്രമാണികള്‍ ചാവക്കാട് മുന്‍സിഫ് കോര്‍ട്ടില്‍ (ബ്രിട്ടീഷ് മലബാര്‍) 498-ാം നമ്പര്‍ ആയി ഒരു വ്യവഹാരം ഫയലാക്കി. സുറിയാനി ക്രിസ്ത്യാനികള്‍ വാദികളേക്കാള്‍ കീഴ്ജാതിക്കാരാണെന്നും അതിനാല്‍ ‘മാപ്പിള’ എന്ന പദം ആധാരത്തില്‍ എഴുതിയത് ന്യയരഹിതമാണെന്നും കുറി പണയാധാരപ്രകാരമുള്ള സംഖ്യ കിട്ടേണ്ടതാണെന്നും വാദിച്ചു.
പ്രതികളായ സുറിയാനി ക്രിസ്ത്യാനികള്‍ വാദികളേക്കാള്‍ എത്രയോ ഉന്നതജാതിക്കാരാണെന്നും ആധാരത്തില്‍ ‘മാപ്പിള’ എന്ന പദങ്ങള്‍ മനഃപൂര്‍വ്വം വെട്ടിക്കളഞ്ഞത് തങ്ങളുടെ അഭിമാനത്തെ ക്ഷതപ്പെടുത്താന്‍ മാത്രമായിരുന്നുവെന്നും കാണിച്ച് പള്ളികൈക്കാരന്മാര്‍ പത്രിക ബോധിപ്പിക്കുകയും കുറി വക സംഖ്യ കോര്‍ട്ടില്‍ കെട്ടിവയ്ക്കുകയും ചെയ്തു.

ആര്‍ത്താറ്റ് ഇടവകയില്‍ നിന്ന് കോട്ടപ്പടി പെന്‍ഷ്യന്‍സ് രജിസ്ട്രാര്‍ എ. ജി. തോമസ് അവര്‍കളെയും കുന്നംകുളം കാക്കശ്ശേരി ഇട്ടി മാണി മാത്തു അവര്‍കളെയും തിരുവിതാംകൂറില്‍ നിന്ന് കെ. സി. മാമ്മന്‍ മാപ്പിള അവര്‍കളെയും മറ്റു ചിലരെയും ഈ കേസില്‍ സാക്ഷികളായി വിസ്തരിക്കുകയുണ്ടായി.

ചരിത്രപരമായ പല രേഖകളും പരിശോധിച്ചതിന്‍റെ ഫലമായി മുന്‍സിഫ് മി. എം. ആര്‍. ശങ്കരവാരിയര്‍ അന്യായം തള്ളി പ്രതികള്‍ക്ക് ചിലവ് കൊടുപ്പാന്‍ കല്‍പിച്ച് താഴെപ്പറയുംപ്രകാരം വിധിച്ചു. അതിന്‍റെ വിവര്‍ത്തനം “പ്രതികളുടെ സമുദായാംഗങ്ങള്‍ക്ക് ‘മാപ്പിള’ (മഹാപിള്ള) എന്ന അഭിധാനത്തിന് അവകാശമുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. ആ അഭിധാനം അവരുടെ ജാതിപ്പേരിന്‍റെ ഒരംശമായിത്തീര്‍ന്നിട്ടുണ്ടെന്നാണ് തെളിവുകൊണ്ടു കാണുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പേരോടുകൂടി ‘മാപ്പിള’ എന്ന് ചേര്‍ക്കുന്നത് ഒരു പുതിയ കണ്ടുപിടുത്തമോ പരിഷ്ക്കാരമോ അല്ലെന്നും അത് പുരാതനകാലം മുതല്‍ക്കുതന്നെ നിലനിന്നു വരുന്ന ഒരു സമ്പ്രദായമാണെന്നും സംശയരഹിതമായി തെളിയുന്നുണ്ട്. ഒരു സുറിയാനി ക്രിസ്ത്യാനിയെ ‘മാപ്പിള’ എന്ന അഭിധാനം ചേര്‍ത്തു വിളിക്കുന്നതില്‍ ഒരു നായര്‍ക്ക് യാതൊരു അഭിമാനക്ഷതവുമില്ല. അതുകൊണ്ട് പ്രതികളുടെ ഈ വാദത്തോട് ഞാന്‍ അനുകൂലിക്കുന്നു.’

അതിങ്കല്‍ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ വാദികള്‍ 1913-ല്‍ 642-ാം നമ്പര്‍ ആയി അപ്പീല്‍ ബോധിപ്പിച്ചു. ഡിസ്ട്രിക്റ്റ് ജഡ്ജി മി. എ. എഡ്ജിങ്റ്റന്‍ സായ്പ്പ് ഐ.സി.എസ്. ബാര്‍ അറ്റ് ലോ, മുന്‍സിഫിനോട് യോജിക്കുകയും പ്രതികള്‍ക്ക് കോര്‍ട്ട് ചെലവ് കൊടുപ്പാന്‍ കല്‍പിച്ച് താഴെ പറയുംപ്രകാരം അഭിപ്രായം പ്രസ്താവിക്കുകയും ഉണ്ടായി.

അതിന്‍റെ വിവര്‍ത്തനം: ‘സുറിയാനി ക്രിസ്ത്യാനികള്‍ ഒരു വിധത്തിലും നായന്മാരേക്കാള്‍ താണവരല്ല (ലോഗന്‍ സായിപ്പിന്‍റെ മലബാര്‍ മാനുവല്‍). വാദികളുടെ ഒരു ആധാരത്തില്‍ നിന്ന് ‘നായര്‍’ എന്ന പദം വെട്ടിക്കളയുമ്പോള്‍ വാദികള്‍ക്ക് ഏതുപ്രകാരം അപമാനം കൈവരുമെന്ന് അവര്‍ സമ്മതിക്കുന്നുവോ അതേപ്രകാരം തന്നെ പ്രതികളുടെ ഒരു ആധാരത്തില്‍ നിന്ന് ‘മാപ്പിള’ എന്ന പദം വെട്ടിക്കളയുമ്പോള്‍ അവര്‍ക്കും അഭിമാനക്ഷയമായിരിക്കുമെന്ന് നിസ്സംശയം പറയാമെന്ന് താഴെപ്പറയുന്ന പഴഞ്ചൊല്ലിനാല്‍ സമര്‍ത്ഥിച്ചു. ‘പുലച്ചിക്ക് വെച്ചത് പുലയനും പറ്റും’, അല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വഴി ഒപ്പം തരിക (ജൃശീൃ്യ ഇീൗിരശഹ 18-ാം ആഴ്ചത്തെ റിപ്പോര്‍ട്ട്, പു. 301).

വാദികള്‍ ആ വിധിയിന്മേല്‍ 1914-ല്‍ 1533-ാം നമ്പര്‍ ആയി മദ്രാസ് ഹൈക്കോര്‍ട്ടില്‍ രണ്ടാം അപ്പീല്‍ ഫയലാക്കി. 1915 നവംബര്‍ 9-ാം തീയതി ബഹു. ജസ്റ്റീസ് സദാശിവയ്യരും ജസ്റ്റീസ് നാപ്പിയര്‍ സായിപ്പും പ്രഥമവിചാരണയില്‍ അപ്പീല്‍ തള്ളിക്കളയുകയും ചെയ്തു.
അങ്ങനെ സുറിയാനി ക്രിസ്ത്യാനികളെ ‘മാപ്പിള’ എന്ന് അഭിധാനം ചെയ്യണമെന്ന് വിധിമൂലം സ്ഥാപിക്കുകയുണ്ടായി.

(ഫാ. ഡോ. ജോസഫ് ചീരന്‍ രചിച്ച പാലൂര്‍-കുന്നംകുളം ഇടവകകള്‍ ചരിത്രവും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍ നിന്നും, പേജ് 316-318)