ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി!

prayer

കടുത്ത വേദനയുമായി മല്ലിടുമ്പോഴും അവര്‍ തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്, ആശുപത്രിക്കിടക്കയിലും സ്കൂളിനെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമോര്‍ത്ത് അവര്‍ അസ്വസ്ഥയാകുകയാണ് .

പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നത് അക്രമികള്‍ക്ക് മാപ്പ് കിട്ടാന്‍ വേണ്ടി. ചികിത്സയ്ക്കിടയിലും ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അതീന്ദ്രനാഥ് മോണ്ടാല്‍ പറയുന്നു.

72 വയസ്സുകാരിയായ കന്യാസ്ത്രീ കഴിഞ്ഞ ദിവസമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബംഗാളിലെ രാണാഘട്ട് ജീസസ്​ ആന്റ്​ മേരി കോണ്‍വെന്റില്‍ വച്ച് മോഷ്ടാക്കളാണ് കന്യാസ്ത്രീയെ ആക്രമിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സിസിടിവി ദൃശ്യങ്ങളിലുള്ള അക്രമികളുമായി രൂപസാദൃശ്യമില്ലെന്നാണ് സൂചന. പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ആക്രമണത്തിനിരയായ കന്യാസ്ത്രീ മാനസികമായും ശാരീരികമായും സാധാരണ നിലയിലേക്ക് മടങ്ങി വരികയാണെന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അറിയിച്ചു.

ഇത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നേരെയുള്ള അക്രമമല്ലെന്നും മറിച്ച് ഒരു വിഭാഗത്തിന് നേരെ ഉണ്ടായ ആക്രമണമാണെന്നുമാണ് ജീസസ്​ ആന്റ്​ മേരി കോണ്‍വെന്റ് സംഭവത്തോട് പ്രതികരിച്ചത്. അവര്‍ ആക്രമിച്ചത് തന്റെ ജീവിതം സേവനത്തിനും ആരാധനയ്ക്കുമായി ഉഴിഞ്ഞ് വച്ച ഒരു സ്ത്രീയെയാണ്. അത്‍വഴി അവര്‍ കളങ്കപ്പെടുത്തിയത് ആരാധനാലയത്തിന്റെ പരിശുദ്ധിയാണെന്നും അത് മുറിപ്പെടുത്തിയത് ക്രിസ്ത്യന്‍ സമൂഹത്തെ ഒന്നടങ്കമാണെന്നും കോണ്‍വെന്റ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

അതേസമയം കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്കൂള്‍ പരിസരത്ത് തടിച്ച് കൂടി പ്രതിഷേധ പ്രകടനം നടത്തി.

Source