ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കരുത്: പ. കാതോലിക്കാ ബാവാ

bava_HH
കോട്ടയം : കേരളത്തിന്റെ സാംസ്ക്കാരിക പുരോഗതിക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗണ്യമാണെന്നും, അവയെ ദുര്‍ബ്ബലപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ദേവലോകം അരമനയില്‍ നടന്ന ഓര്‍ത്തഡോക്സ് സഭാ കോളജുകളുടെ ഭരണസമിതി യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പാവപ്പെട്ടവരും ഇടത്തരക്കാരും ഉന്നതവിദ്യാഭ്യാസത്തിന് കൂടുതലായും ആശ്രയിക്കുന്നത് സ്വകാര്യ എയ്ഡ് കോളജുകളെയാണ് . സ്വാശ്രയ സ്ഥാപങ്ങളെ പ്രോത്സഹിപ്പിക്കുവാനായി എയ്ഡഡ് സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഖേദകരമാണെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അനുവദിച്ച എയ്ഡഡ് കോഴ്സുകള്‍ക്കൊന്നും ഇതേവരെ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല. അദ്ധ്യാപകരുടെ സ്റാഫ് പാറ്റേണ്‍ ഇതേവരെ പരിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടല്ല. അദ്ധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചും, തസ്തികകള്‍ വെട്ടിക്കുറച്ചും എയ്ഡഡ് സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പില്‍ തടസ്സങ്ങള്‍ സൃഷടിക്കുന്ന നയം സമൂഹത്തിന് ദോഷം ചെയ്യും. കാലക്രമത്തില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ നശിച്ചുപോകാന്‍ ഇടവരുത്തും. ക്രൈസ്തവ സഭകള്‍, എന്‍. എസ്സ്. എസ്സ്, എസ്സ്. എന്‍ ട്രസ്റ്, എം. ഇ. എസ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഏറെ ബദ്ധപ്പെട്ട് പടുത്തുയര്‍ത്തിയ മികവിന്റെ പര്യായങ്ങളായ സ്ഥാപനങ്ങള്‍ നശിപ്പിക്കുവാനുള്ള ഗൂഡശ്രമങ്ങള്‍ എവിടെ നിന്നുണ്ടായാലും എല്ലാവരും ഒത്തൊരുമിച്ച് അവയെ ചെറുക്കണം എന്ന് കാതോലിക്കാബാവാ പറഞ്ഞു.