ജി കാര്‍ത്തികേയന്‍ അന്തരിച്ചു

G Karthikeyan

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു ജി കാര്‍ത്തികേയന്‍ . ഇന്ന് രാവിലെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മൃതദേഹം വെകിട്ട് 4 മണിയോടെ തിരുവനന്തപുരത്ത്  എത്തിക്കും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മന്ത്രിമാര്‍ ബംഗളുരുവിലേക്ക് തിരിക്കും.

66 വയസ്സായിരുന്നു.  കഴിഞ്ഞ കുറച്ചുമാസങ്ങളായി കരളിലെ അര്‍ബുദത്തിന് ബംഗളൂരു ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാര്‍ത്തികേയന്റെ ആരോഗ്യനില ഇന്ന് രാവിലെയോടെ കൂടുതല്‍ വഷളാവുകയായിരുന്നു.  അരുവിക്കര മണ്ഡലത്തില്‍നിന്നുള്ള എം എല്‍ എയാണ്.

കെ എസ് യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ ജി കാര്‍ത്തികേയന്‍, 1970 കളുടെ അവസാനം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി,  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  1978 ല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ കെ കരുണാകരനൊപ്പം ഉറച്ചുനിന്ന ജി കാര്‍ത്തികേയന്‍ പിന്നീട് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായി തുടര്‍്ന്നു. കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെതുടര്‍ന്നാണ് കെ കരുണാകരനുമായി അകലുന്നത്. അന്ന് രമേശ് ചെന്നിത്തലയോടും, എം ഐ ഷാനവാസിനോടും കെ സി വേണുഗോപാലിനും  ഒപ്പം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ തിരുത്തല്‍ വാദി പ്രസ്ഥാനം തുടങ്ങി. കരുണാകരന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന അപ്രമാദിത്വം കുറഞ്ഞുതുടങ്ങുന്നത് തിരുത്തല്‍വാദികളുടെ വരവോടുകൂടിയാണ്. സാഹിത്യ സാംസ്‌ക്കാരിക മേഖലകളില്‍ അതീവ തല്‍പരനായിരുന്നു രാഷ്ട്രീയ നേതാവുകൂടിയായിരുന്നു ജി കാര്‍ത്തികേയന്‍.

1980 ല്‍ ആദ്യമായി നടത്തിയ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പരാജയപ്പെട്ട ജി കാര്‍ത്തികേയന്‍ പിന്നീട് 1982 ല്‍ കെ അനിരുദ്ധനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. എന്നാല്‍ 1987 ല്‍ യു ഡി എഫ് വിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പില്‍ എം വിജയകുമാറിനോട് ഇതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു. പിന്നീട് ജി കാര്‍ത്തികേയന്‍ തുടര്‍ച്ചയായി അഞ്ച് തവണയാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. ആര്യനാടിനെയായിരുന്നു ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത് അരുവിക്കര മണ്ഡലത്തില്‍നിന്നായിരുന്നു. ആര്‍ എസ് പിയിലെ ശ്രീധരന്‍ നായരെയായിരുന്നു ജി കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്.

1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ല്‍  ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടും എന്ന് കരുതിയിരുന്ന ജി കാര്‍ത്തികേയന്‍ അവിചാരിതമായാണ് സ്പീക്കര്‍ പദവിയിലെത്തുന്നത്. സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ പ്രബലര്‍ തയ്യാറാകാതിരുന്ന പാശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്.  എന്നാല്‍ കഴിഞ്ഞവര്‍ഷം, സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിയാനുള്ള താല്‍പര്യപ്പെടുന്നതായി ജി കാര്‍ത്തികേയന്‍ പരസ്യമായി അറിയിച്ചിരുന്നു. പൊതു പ്രവര്‍ത്തനം നടത്താന്‍ സ്പീക്കര്‍ പദവി തടസ്സമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. എന്നാല്‍ മന്ത്രിസഭയിലംഗമാകാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തിയപ്പോ, കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്ന് ജി കാര്‍ത്തികേയന്റെതായിരുന്നു.കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ജി കാര്‍ത്തികേയനുവേണ്ടി രംഗത്തുവന്നെങ്കിലും, ഹൈക്കമാന്റ് മറിച്ചൊരു തീരുമാനമെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്പീക്കര്‍ പദവി ഒഴിഞ്ഞ് മന്ത്രിസഭയിലെത്താന്‍ ശ്രമിച്ചത്. എന്നാല്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ എതിര്‍പ്പുമൂലം ഇതും നടന്നില്ല.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്.

Catholicos of the East Baselius Mar Thoma Paulose II, head of the Malankara Orthodox Syrian Church, said Mr. Karthikeyan was a seasoned politician with mature views.