തീര്‍ത്ഥാടനത്തിന്റെ വേദശാസ്‌ത്രം by ഡോ. ഡി. ബാബുപോള്‍

babu_paul

തീര്‍ത്ഥാടനങ്ങളിലും പെരുന്നാള്‍ക്കൂട്ടങ്ങളിലും എനിയ്‌ക്ക്‌ കമ്പമില്ല. എന്നും ദൈവമാതാവിന്റെ മുഖം കണ്ട്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവനാണ്‌ ഞാന്‍. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന നൂറു നൂറ്റമ്പതു തവണ ദിവസേന ഉരുക്കഴിയ്‌ക്കും. ആഴ്‌ചയില്‍ മൂന്നു നാലു ദിവസം കൊന്തയിലെ ഇരുപതു രഹസ്യങ്ങളും. ധ്യാനിയ്‌ക്കുമ്പോള്‍ 203 പ്രാവശ്യം നന്മ നിറഞ്ഞ മറിയം ചൊല്ലും. എങ്കിലും വേളാങ്കണ്ണിയിലോ മണര്‍കാട്ടോ എനിയ്‌ക്കു പ്രിയപ്പെട്ട വല്ലാര്‍പാടത്തു പോലുമോ തീര്‍ത്ഥാടകനായി പോകാറില്ല.
സ്വാഭാവികമായും എനിയ്‌ക്ക്‌ തീര്‍ത്ഥാടനസ്‌മരണകള്‍ കുറവാണ്‌. എങ്കിലും ആദ്യത്തെ തീര്‍ത്ഥാടനം ഓര്‍മ്മയുണ്ട്‌. അന്ന്‌ ഏഴോ എട്ടോ വയസ്സു പ്രായം. മാതാമഹിയുടെ കൂടെയാണു പോയത്‌. പരുമലയില്‍ പോകാന്‍ പന്നായിക്കടവില്‍ കൊതുമ്പുവള്ളം പോലെ ചെറിയൊരു ജലയാനപാത്രത്തില്‍ പേടിച്ചരണ്ടിരുന്നത്‌ ഓര്‍മ്മയുണ്ട്‌. ഓമല്ലൂരില്‍ നിന്ന്‌ മഞ്ഞനിക്കരയിലേയ്‌ക്കു നടന്നപ്പോള്‍ കുഞ്ഞുകാലുകള്‍ തളര്‍ന്നിട്ടുണ്ടാവണം. ഓര്‍മ്മ പോരാ. ഞങ്ങളുടെ നാട്ടില്‍ അദ്ധ്യാപകനായിരുന്ന ഒരു ഓമല്ലൂര്‍ക്കാരന്റെ ഓല മേഞ്ഞ വീട്ടിലായിരുന്നു താമസിച്ചത്‌. അദ്ദേഹത്തെ വിദ്വാന്‍സാര്‍ എന്നാണു പറഞ്ഞുവന്നത്‌. മലയാളം വിദ്വാന്‍. പേര്‌ കൃത്യമായി ഓര്‍മ്മ വരുന്നില്ല. വര്‍ക്കി എന്നാണോ? പില്‍ക്കാലത്ത്‌ ഞാന്‍ കൈപ്പട്ടൂര്‍ തേരകത്ത്‌ പുതുമണവാളനായി ചെന്ന കാലത്ത്‌ അദ്ദേഹത്തെ തേടിയിരുന്നു. അന്വേഷിച്ചു, കണ്ടെത്തിയില്ല.
പില്‍ക്കാലത്ത്‌ പരുമലയില്‍ പല തവണ പോയി. അത്‌ ഭാര്യയുടേയും മക്കളുടേയും വിശ്വാസം നഷ്ടപ്പെടാതിരിയ്‌ക്കാനായിരുന്നു. മഞ്ഞനിക്കരയിലും പോയിട്ടുണ്ട്‌. തീര്‍ത്ഥാടകനായിട്ടല്ല. പ്രസംഗകനായി. പോകുമ്പോള്‍ കബറിടത്തില്‍ പ്രാര്‍ത്ഥിയ്‌ക്കും. വിശുദ്ധനാടുകളില്‍ പോയതും തീര്‍ത്ഥാടകനായിട്ടല്ല, വിനോദസഞ്ചാരിയായിട്ടാണ്‌.
എന്നു വച്ച്‌ എനിയ്‌ക്ക്‌ ഭക്തി കുറവല്ല. തീര്‍ത്ഥാടകരോട്‌ ആദരവുണ്ടു താനും. മഞ്ഞനിക്കരയിലേയ്‌ക്ക്‌ നടക്കാമെന്നു നേര്‍ന്നിട്ട്‌ നേര്‍ച്ചയ്‌ക്ക്‌ ഫലം കണ്ട ഒന്നിലധികം പേരെ എനിയ്‌ക്കറിയാം. മനോരമയിലെ അന്നമ്മക്കൊച്ചമ്മ മിസിസ്‌ കെ എം മാത്യു അനാരോഗ്യം അവഗണിച്ചും പരുമല വരെ നടക്കുമായിരുന്നു, അവസാനകാലം വരെ. തീര്‍ത്ഥാടകരോട്‌ എനിയ്‌ക്ക്‌ ബഹുമാനവും ഒട്ടൊരസൂയയുമുണ്ട്‌. ഞാന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തേടാറില്ലെന്നു മാത്രം.
അതിന്‌ കാരണമുണ്ട്‌. എനിയ്‌ക്ക്‌ ജീവിതം തന്നെ തീര്‍ത്ഥാടനമാണ്‌. അത്‌ അനന്തമായി തുടരുന്നു. എവരി അറൈവല്‍ ഈസ്‌ എ ഡിപ്പാര്‍ച്ചര്‍. ഓരോ യാത്രയുടേയും അന്ത്യം ഒരു പുതിയ യാത്രയുടെ തുടക്കമാണ്‌. പത്തു മണിയ്‌ക്ക്‌ തീര്‍ത്ഥാടനം ഇടത്താവളത്തിലെത്തുന്നു. ഞാന്‍ ഉറങ്ങുന്നു. അപ്പോഴും രഥചക്രങ്ങള്‍ ഉരുളുന്നു. രാവിലെ ഉറക്കം പഴങ്കഥയായി. ഒരു യാത്ര തീര്‍ന്നു. മറ്റൊന്നു തുടങ്ങി.
എന്നാണ്‌ മനുഷ്യന്‍ തീര്‍ത്ഥാടനം തുടങ്ങിയത്‌? ചരിത്രകാരന്മാര്‍ പറഞ്ഞു തരുന്നത്‌ പുതിയ ലക്ഷ്യം തേടിയല്ല, പഴയ ഉറവിടത്തിലേയ്‌ക്കു മടങ്ങിയാണ്‌ തീര്‍ത്ഥയാത്രകള്‍ തുടങ്ങിയത്‌ എന്നാണ്‌. ഇടുക്കിയിലെ ഇടമലക്കുടി സങ്കല്‌പിയ്‌ക്കുക. അല്ലെങ്കില്‍ ശബരിഗിരിയ്‌ക്കടുത്ത്‌ ഗവി. അവിടെ മലമുകളിലെ മുത്തപ്പന്‍ തമ്പുരാനെ ആരാധിച്ചു കഴിയുന്ന ഒരു ഗോത്രജന്‍. അയാള്‍ നാടുകാണിമലയിറങ്ങി സമതലജീവിതവുമായി സമരസപ്പെടുന്നു. അവിടെ ഒരു വലിയ പ്രശ്‌നം നേരിടേണ്ടി വരുന്നു. അതിന്‌ പരിഹാരമുണ്ടാക്കാന്‍ താഴ്വരയിലെ ദൈവത്തിനു കഴിയുന്നില്ല. അത്‌ അവന്റെ ദൈവമല്ല. അതുകൊണ്ട്‌ അവന്‍ ഇടമലക്കുടിയിലേയ്‌ക്കു മടങ്ങുന്നു. മുത്തപ്പന്‍ തമ്പുരാനില്‍ നിന്ന്‌ ആശ്വാസം പ്രാപിയ്‌ക്കുന്നു. `ഇനിമേല്‍ ആണ്ടിലൊരിയ്‌ക്കല്‍ വന്നോളാമേ’ എന്നു നേരുന്നു. ഇങ്ങനെയാണത്രെ ഉറവിടം തേടിയുള്ള തീര്‍ത്ഥയാത്രകള്‍ തുടങ്ങിയത്‌. രാജാക്കന്മാരുടെ പുസ്‌തകത്തിലും (1 രാജാ 20:23) ദൈവത്തിന്റെ പ്രാദേശികപരിമിതിയെക്കുറിച്ച്‌ നിലനിന്നിരുന്ന വിശ്വാസത്തെപ്പറ്റി സൂചനയുണ്ട്‌.
ഈ തത്വം ശരിയായാലും തീര്‍ത്ഥാടനങ്ങളുടെ സ്വഭാവം ഇന്നത്തേതു മാതിരിയായിട്ട്‌ സഹസ്രാബ്ദങ്ങളായി. ദേവന്മാരുടെ ജന്മഭൂമിയും ദൈവം ഒരു പുണ്യപിതാവിന്‌ പ്രത്യക്ഷപ്പെട്ട ഇടവും (മുള്‍മരമെരിയാതെരിതീ തന്‍ നടുവില്‍ മോശ ഈശ്വരനെ കണ്ടതു പോലെയുള്ള തിയോഫനികള്‍ അടയാളപ്പെടുത്തുന്ന ഇടങ്ങള്‍) തീര്‍ത്ഥാടനകേന്ദ്രങ്ങളായി. തെബിസിലെ അമ്മോന്‍ ഒറക്കിളിനേയും ബുബാസത്തിയിലെ സെക്കേത്‌ ക്ഷേത്രത്തേയും ആണ്‌ ഈജിപ്‌റ്റുകാര്‍ അന്വേഷിച്ചതെങ്കില്‍ ദെല്‍ഫിയില്‍ അപ്പോളോയേയും എപ്പിദോറോസില്‍ അസ്‌കളെപിയുസിനേയും തേടിയാണ്‌ ഗ്രീക്കുകാര്‍ തീര്‍ത്ഥയാത്രകള്‍ നടത്തിയത്‌. തെക്കേ അമേരിക്കയില്‍ സൂര്യാരാധനയ്‌ക്കു പോലും നിശ്ചിത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. മെക്‌സിക്കോയില്‍ കെത്തസാല്‍ ക്ഷേത്രം, പെറുവില്‍ കുസ്‌ക്കോ ക്ഷേത്രം, ബൊളീവിയയില്‍ ടിറ്റിക്കാക്ക.
ഒരു സ്ഥാപകനേയോ പ്രവാചകനേയോ പിന്‍പറ്റി വളര്‍ന്ന മതങ്ങളില്‍ തീര്‍ത്ഥാടനങ്ങള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഇടങ്ങളാവുന്നതാണ്‌ പിന്നെ കാണുന്നത്‌. കപിലവാസ്‌തുവും മെക്കയും മദീനയും കാശിയും യരൂശലേമുമെല്ലാം ഇങ്ങനെയുള്ള സ്ഥലങ്ങളാണല്ലോ.
രക്തസാക്ഷികള്‍ പാപമോചനം നല്‍കുന്ന ഏര്‍പ്പാടിന്‌ സ്‌തേഫാനോസിനോളം പഴക്കമുണ്ട്‌. പൌലോസായിരുന്നുവല്ലോ അന്ന്‌ എതിര്‍പക്ഷത്തെ ഒരു പ്രമുഖന്‍. ജനങ്ങള്‍ ഏറെ വൈകാതെ സ്‌തേഫാനോസിന്റെ വിശ്വാസത്തിലേയ്‌ക്കു വന്നപ്പോള്‍ സ്‌തേഫാനോസിന്റെ പാപമോചനപ്രാര്‍ത്ഥന ഫലം കണ്ടതായി അത്‌ വ്യാഖ്യാനിയ്‌ക്കപ്പെട്ടു. പില്‍ക്കാല രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥാനങ്ങളും അവര്‍ വധിയ്‌ക്കപ്പെട്ട ഇടങ്ങളും സന്ദര്‍ശിയ്‌ക്കുന്നത്‌ രക്ഷാദായകമായ ഒരു മോക്ഷമാര്‍ഗ്ഗമായി അംഗീകരിയ്‌ക്കപ്പെടാന്‍ പിന്നെ കാലമേറെ വേണ്ടിവന്നില്ല. ക്രിസ്‌തുവിന്റെ പേരില്‍ മരണം വരിച്ചവരുടെ പേരില്‍ വിശുദ്ധീകരിയ്‌ക്കപ്പെട്ട സ്ഥലങ്ങളിലേയ്‌ക്ക്‌ തീര്‍ത്ഥയാത്ര ആകാമെങ്കില്‍ അതിനേക്കാള്‍ എത്രയോ ഏറെ സ്വീകാര്യമാണ്‌ യേശുക്രിസ്‌തുവിന്റെ കബറിടത്തിലേയ്‌ക്കുള്ള തീര്‍ത്ഥാടനം എന്ന യുക്തിചിന്ത ഹെലേന രാജ്ഞിയെ യരൂശലേമില്‍ എത്തിച്ചതോടെ വിശുദ്ധനാട്‌ തീര്‍ത്ഥാടനലക്ഷ്യമായി.
പൊതുവര്‍ഷം പത്താം നൂറ്റാണ്ടില്‍ തീര്‍ത്ഥാടകചര്യ സംബന്ധിച്ച എഡ്‌ഗര്‍ തീട്ടൂരം കാനന്‍സ്‌ ഓഫ്‌ കിങ്‌ എഡ്‌ഗര്‍ നിലവില്‍ വന്നു. ഉപവാസം, നിഷ്‌പാദുക സഞ്ചലനം (ചെരിപ്പ്‌ പാടില്ല എന്നു മലയാളം!), ഒരു രാത്രിയിലേറെ ഒരിടത്ത്‌ തങ്ങാതിരിയ്‌ക്കുക, ഇങ്ങനെ പോയി ചിട്ടകള്‍.
അതിനു മുമ്പു തന്നെ തീര്‍ത്ഥാടനങ്ങള്‍ സാര്‍വ്വത്രികമായിരുന്നു. അര്‍മീനിയക്കാരും പേര്‍ഷ്യക്കാരും ഇന്ത്യാക്കാരും എത്യോപ്യക്കാരും ബെത്‌ലഹേമിലേയ്‌ക്ക്‌ തീര്‍ത്ഥയാത്ര നടത്തിയതായി നാലാം നൂറ്റാണ്ടിലെഴുതിയ ഒരു രേഖയെക്കുറിച്ച്‌ ചരിത്രം പറഞ്ഞുതരുന്നുണ്ട്‌. സ്വര്‍ണ്ണനാവുകാരനായ ഈവാനിയോസ്‌ അഥവാ ക്രിസോസ്‌തം ഈ തീര്‍ത്ഥാടനങ്ങളുടെ ഫലദായകസിദ്ധിയെക്കുറിച്ച്‌ വാചാലനായി. ക്രിസോസ്‌തവും ജറോമും തീര്‍ത്ഥാടനങ്ങള്‍ വ്യാപകമാക്കി.
അടുത്ത ഘട്ടത്തില്‍ റോം ഉള്‍പ്പെടെ ഒട്ടനേകം തീര്‍ത്ഥാടനകേന്ദ്രങ്ങളുണ്ടായി. ഒപ്പം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനാവാത്തവര്‍ തീര്‍ത്ഥാടകരുടെ ചെലവു വഹിയ്‌ക്കുന്നതും വഴിപാടുകള്‍ കൊടുത്തയക്കുന്നതും പതിവായി. പരുമലത്തിരുമേനിയുടെ ഊര്‍ശ്ലേം യാത്രാവിവരണത്തിലും ഈ രീതി പരാമര്‍ശിയ്‌ക്കപ്പെടുന്നുണ്ടല്ലോ.
കൗതുകകരമായ മറ്റൊരു വശം പറയട്ടെ. തീര്‍ത്ഥാടനം പ്രോത്സാഹിപ്പിച്ച ജറോമും ക്രിസോസ്‌തവും തന്നെ തീര്‍ത്ഥയാത്രകള്‍ അതില്‍ തന്നെ രക്ഷാദായകമല്ല എന്നു പറയാന്‍ നിര്‍ബ്ബന്ധിതരായി. യരൂശലേമില്‍ കുടിയേറുന്നതിനേക്കാള്‍ പ്രധാനം സ്വന്തം ഗ്രാമത്തില്‍ നല്ലവനായി ജീവിയ്‌ക്കുന്നതാണ്‌ എന്ന്‌ ജറോം പറഞ്ഞു. കടല്‍ കടക്കുകയോ മരുഭൂമി താണ്ടുകയോ ചെയ്യുകയല്ല, അവനവന്റെ വീട്ടിലിരുന്ന്‌ തീക്ഷ്‌ണമായി പ്രാര്‍ത്ഥിയ്‌ക്കുകയാണു വേണ്ടതെന്ന്‌ ക്രിസോസ്‌തവും, തീര്‍ത്ഥാടനം നടത്താന്‍ ക്രിസ്‌തു പറഞ്ഞിട്ടില്ല എന്ന്‌ നാസിയാന്‍സിലെ ഗ്രിഗോറിയോസും പറഞ്ഞു. തീര്‍ത്ഥാടനങ്ങള്‍ വഴിതെറ്റി. പലരും രോമം കത്രിയ്‌ക്കുന്ന അടിയന്തിരത്തിന്‌ തിമ്‌നയ്‌ക്ക്‌ പോയ യഹൂദയുടെ വഴിയേ പോയി. അപ്പോഴാണ്‌ ഈ പിതാക്കന്മാര്‍ തീര്‍ത്ഥാടനങ്ങള്‍ നിരുത്സാഹപ്പെടുത്തിയത്‌.
തീര്‍ത്ഥയാത്രകള്‍ വിശുദ്ധമായി സംരക്ഷിയ്‌ക്കപ്പെടണം എന്നതാണ്‌ പ്രധാനം. മക്കത്തു പോവുന്നവര്‍ സകല കടങ്ങളും തീര്‍ത്ത്‌, മാപ്പു ചോദിയ്‌ക്കേണ്ടവരോടൊക്കെ മാപ്പു ചോദിച്ച്‌, മാപ്പു കൊടുക്കേണ്ടവര്‍ക്കൊക്കെ മാപ്പു കൊടുത്ത്‌ വേണം ഉംറ നിര്‍വ്വഹിയ്‌ക്കാന്‍. എല്ലാ തീര്‍ത്ഥാടനങ്ങള്‍ക്കും ഈ മനസ്സ്‌ ബാധകമാണ്‌.
പണ്ട്‌ തിരുവനന്തപുരം സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍ ഗബ്രിയേല്‍ എന്നൊരു വല്യച്ചനുണ്ടായിരുന്നു. ഒരു ഈസ്റ്റര്‍ പ്രഭാതത്തില്‍ അച്ചന്‍ പ്രസംഗിച്ചത്‌ അര നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മായാതെ മനസ്സിലുണ്ട്‌: `അമ്പതു ദിവസം നോമ്പു നോക്കി. ഇന്നിനി എങ്ങനെയൊക്കെയാണോ അതു വീട്ടുന്നത്‌? നോമ്പു വീടുന്നതിലാണ്‌ നോമ്പു നോക്കിയതിന്റെ ഫലം തെളിയേണ്ടത്‌.’ തീര്‍ത്ഥാടനങ്ങളെക്കുറിച്ചും അതു പറയാം.