സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സന്ദേശവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ കേരളത്തിലെത്തുന്നു. സംസ്ഥാനത്തിന്‍റെ അതിഥിയായി എത്തുന്ന പാത്രയര്‍ക്കീസ് ബാവയ്ക്ക് നാളെ രാവിലെ മുതല്‍ 16 വരെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.
18 തവണ കേരളം സന്ദര്‍ശിച്ചിട്ടുള്ള അപ്രേം കരിം മാര്‍ കൂറിലോസ്, ഇത്തവണ പാത്രയര്‍ക്കീസ് ബാവ എന്ന ഉത്തരവാദിത്തത്തിന്‍റെയും അധികാരത്തിന്‍റെയും നിയോഗവുമായാണ് കേരളത്തിലെത്തുന്നത്. സ്വീകരണങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും പുറമെ, യാക്കോബായ സഭയുടെ പ്രാദേശിക നേതൃത്വവുമായി ഇടക്കാലത്ത് ഉടലെടുത്ത ആശയക്കുഴപ്പം കൂടി പരിഹരിക്കാനുള്ള ശ്രമവും ഉണ്ടാവും. ഏതാനും മെത്രാന്മാരെ സ്ഥലംമാറ്റാനെടുത്ത തീരുമാനത്തില്‍ പാത്രയര്‍ക്കീസ് ബാവ ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് സഭയുടെ പ്രാദേശിക നേതൃത്വവുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത്.
യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തര്‍ക്കങ്ങള്‍ ഇനി സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കരുതെന്ന ഉറച്ചനിലപാടാണ് പാത്രയര്‍ക്കീസ് ബാവയുടേത്. ഓര്‍ത്തഡോക്്സ് സഭയുടെ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയും സമാധാനനീക്കങ്ങളോട് മുഖംതിരിച്ചിട്ടില്ല. പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയോടുകൂടി മാത്രം സമാധാനശ്രമങ്ങള്‍ക്ക് തുടക്കമിടാനാണ് പാത്രയര്‍ക്കീസ് ബാവയുടെ ലക്ഷ്യം. ശനിയാഴ്ച ചേരുന്ന പ്രാദേശിക സഭാ സുന്നഹദോസാണ് നിര്‍ണായകമാകുക.
നാളെ രാവിലെ ഒന്‍പതിനു നെടുന്പാശേരിയില്‍ എത്തുന്ന പാത്രയര്‍ക്കീസ് ബാവയ്ക്ക് അടുത്തദിവസം കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ വന്‍സ്വീകരണം ഒരുക്കിയിട്ടുണ്ട്.