‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം’

0001

കോട്ടയം : പാര്‍ശ്വവല്‍കൃത ജനതയെ ഉള്‍ക്കൊണ്ട് നീതിനിഷ്ഠവും വിശുദ്ധവുമായ സമൂഹമായിത്തീരുവാന്‍ സഭകള്‍ക്ക് കഴിയണം എന്ന് അഖിലലോക സഭാ കൌണ്‍സില്‍ മുന്‍ കോഡിറ്റേര്‍ റവ. ഡോ. ദീന ബന്ധു മഞ്ചാല (യു. എസ്. എ) പ്രസ്താവിച്ചു. ഓര്‍ത്തഡോക്സ് സെമിനാരിയില്‍ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാനത്തോടുബന്ധിച്ച് നടന്ന സെമിനാറില്‍ ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം’ എന്നവിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജാതിബദ്ധവും കമ്പോളധിഷ്ഠിതവുമായ മൂല്യങ്ങള്‍ സഭകളെ ഗ്രസിക്കുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വേദശാസ്ത്ര ബോധത്തില്‍ ശബ്ദം നഷ്ടപ്പെടുന്നവര്‍ക്കും നീതിനിഷേധിക്കപ്പെടുന്നവര്‍ക്കും ഇടം കണ്ടെത്തുവാനുള്ള അന്വേഷണം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ പ്രസിഡന്റ് ഡോ.  ഐസക്ക് മാര്‍ പീലക്സിനോസ് അദ്ധ്യക്ഷത വഹിച്ചു. സോപാന അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, റവ. ഡോ. മോഹന്‍ ലാര്‍ബീര്‍,  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്ന് (05 ഫെബ്രുവരി 2015) രാവിലെ 10ന് സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ അക്കാദമിക് സമ്മേളനം നടക്കും. സര്‍വ്വകലാശാലയുടെ മാസ്റര്‍, ബിഷപ്പ് ഡോ. ജോണ്‍ എസ്. സദാനന്ദ, റവ. ഡോ. സന്ദാനുകുമാര്‍ പദ്രോ എന്നിവര്‍ നേതൃത്വം നല്‍കും.