മുംബൈ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍

 

മലങ്കര ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിലെ ആത്മീയ പുനര്‍ജീവന സംരംഭമായ സ്പിരിച്ച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന മുംബൈ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ പര്യവസാനിച്ചു.
വാശി സെന്റ് മേരീസ് സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന കണ്‍വന്‍ഷനില്‍ മുംബൈക്ക് പുറമേ പൂനാ, നാസിക്ക്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും മൂവായിരത്തോളം വിശ്വാസികള്‍ ഈ മഹാ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
25ന് നടന്ന സമാപന സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ അപ്പോസ്തോലനായ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ദൌത്യം ഏറ്റെടുത്ത് തുടരുന്നതിനുള്ള കാലിക പ്രസക്തി മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ വിശ്വാസികളെ അനുസ്മരിപ്പിച്ചു.
അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകജീവിത യാത്രയില്‍ നാം തിരുവെഴുത്തുകളില്‍ നിന്നു അകന്നു പോയിട്ടുണ്ടെന്നും ഇപ്പോള്‍ അതിലേക്ക് തിരികെ വരുവാനുള്ള സമയമാണെന്നും മാര്‍ അപ്രേം മെത്രാപ്പോലീത്താ പറഞ്ഞു.

നിരണം ഭദ്രാസനാധിപനും സഭാ മിഷന്‍ ബോര്‍ഡ് പ്രസിഡന്റുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ മുഖ്യസന്ദേശം നല്‍കി. നസ്രേത്തിലെ തിരുകുടുംബത്തിലെ മാതാപിതാക്കളായിരുന്ന ജോസഫിന്റെയും മറിയത്തിന്റെയും സ്വഭാവ സവിശേഷതകളെ എടുത്തുകാട്ടികൊണ്ട്, കുടുംബ ശിഥിലീകരണ സാധ്യതകള്‍ ഭയാനകമായി ഏറിവരുന്ന ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ മാതൃകയായിരിക്കേണ്ട വിവിധ കാര്യങ്ങള്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ ഹൃദയസ്പര്‍ശിയായി വിശദീകരിച്ചു.

സ്പിരിച്ച്വല്‍ റിവൈവല്‍ മിനിസ്ട്രി ഭദ്രാസന ജനറല്‍ കണ്‍വീനര്‍ ഫാ. ജേക്കബ് കോശി, അതിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസനം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന മഹാ സമ്മേളനമായി കണ്‍വന്‍ഷനെ വിലയിരുത്തിയത് വിശ്വാസിസമൂഹം കരഘോഷത്തോടെ ഏറ്റുവാങ്ങി.
മിഷന്‍ ഡയറക്ടര്‍ മനോജ് മാത്യു സുവിശേഷ പദ്ധതികള്‍ വിശദീകരിച്ചു. ദാനിയേല്‍ ശര്‍മ്മ, ബാലിക സൊപന്‍ എന്നിവര്‍ സുവിശേഷ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ചു. വാശി സെന്റ് തോമസ് ചര്‍ച്ച് ഗായകസംഘം ഗാനശുശ്രൂഷ നടത്തി. ഫാ. തോമസ് മത്തായി സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. കോശി അലക്സ് സ്വാഗതവും, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ബഞ്ചമിന്‍ സ്റീഫന്‍ കൃതജ്ഞതയും അര്‍പ്പിച്ചു. വൈകിട്ട് 4.30ന് നടന്ന വിവിധ പഠന ക്ളാസുകള്‍ക്ക് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഫാ. കോശി ജോണ്‍, ഫാ. ജോമോന്‍ തോമസ്, മനോജ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.