വിണ്ടുകീറിയ പാദങ്ങള്‍

dayabai

കെ.ആര്‍.മീര

വിണ്ടുകീറിയ കാല്പാദങ്ങള്‍കൊണ്ട് തന്റെ ഹൃദയം ചവിട്ടിത്തുറന്ന ഒരാളെക്കുറിച്ചാണ് കഥാകാരിയുടെ ഈ കുറിപ്പ്. ദയാബായി എന്ന അസാധാരണത്ത്വങ്ങളേറെയുള്ള സാമൂഹിക പ്രവര്‍ത്തക. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്ത്രീയുടെ സ്വയംനിര്‍ണയനത്തെക്കുറിച്ചുമുള്ള മുഴുവന്‍ മുന്‍വിധികളെയും അട്ടിമറിച്ച അപൂര്‍വ വ്യക്തിത്വം. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തില്‍ സ്വന്തം ജീവിതം സ്വയം നട്ടുവളര്‍ത്തുകയും ചുറ്റുപാടുമെല്ലാം പടര്‍ത്തുകയും ചെയ്ത ദയാബായിയുടെ ലോകങ്ങളിലൂടെ ഒരു സഞ്ചാരം…

ദേശീയ അവാര്‍ഡ് നേടിയ ഒരു സാമൂഹിക പ്രവര്‍ത്തകയ്ക്ക് സമൂഹം തിരിച്ചുനല്കുന്നതെന്ത് എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ചും വനിതാസംവരണ ബില്ലിന്റെ പശ്ചാത്തലത്തില്‍. സ്വന്തം കുടുംബത്തെയും തന്നെത്തന്നെയും സേവിക്കാനുള്ള പരമാവധി ലാഭകരമായ മാര്‍ഗമായി സാമൂഹികസേവനമെന്ന തൊഴില്‍മേഖല രാജ്യത്ത് ശക്തിപ്പെട്ടിട്ട് കാലം കുറേയായി. അവരില്‍ ഭൂരിപക്ഷത്തിനും മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പിന്‍ബലമുണ്ട്. ബഹുമതികള്‍ വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക ശേഷിയുണ്ട്. വിമര്‍ശനങ്ങള്‍ ഉച്ചരിക്കപ്പെടുംമുന്‍പേ നിശബ്ദമാക്കാന്‍ സ്വാധീനശക്തിയുണ്ട്. ഇതുവരെ കണ്ടിട്ടുള്ളവരില്‍ പലരും അത്തരക്കാരായതുകൊണ്ടാകാം പരിചയപ്പെട്ടതുമുതല്‍ ദയാബായി എന്റെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും യാദൃച്ഛികമായി, ഒന്നര വര്‍ഷം മുന്‍പായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. കോട്ടയത്ത് ആനി ബാബു നടത്തുന്ന സാന്ത്വനം എന്ന സ്ഥാപനത്തിന്റെ വാര്‍ഷികത്തിനെത്തിയതാണ് ദയാബായി. മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങളില്‍ മുന്‍നിര പങ്കാളിയായ ഫാ. അഗസ്റ്റിന്‍ വട്ടോളി ദയാബായിയെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പാലായില്‍ ജനിച്ച് മധ്യപ്രദേശിലെ ഛിന്ദ്‌വാഡ ജില്ലയില്‍ ആദിവാസികള്‍ക്കിടയില്‍ അവരിലൊരാളായി ജീവിക്കുന്ന മേഴ്‌സി മാത്യു എന്ന മലയാളി വനിതയെ നേരത്തെ വായിച്ചറിയാം. എങ്കിലും സാമൂഹിക പ്രവര്‍ത്തകരെ കാണുമ്പോള്‍ ഉള്ളിലൊരു പത്രപ്രവര്‍ത്തക ജാഗരൂകയാകും. മധ്യപ്രദേശിലെവിടെയോ പാവപ്പെട്ട ആദിവാസികളുടെ പേരിലൊരു സ്ഥാപനം സങ്കല്പത്തില്‍ തെളിഞ്ഞു. ഒരുപക്ഷേ, ഒരു ബഹുനില മന്ദിരം. സ്റ്റാഫ്, അന്തേവാസികള്‍, പലതരം വണ്ടികള്‍, വിദേശഫണ്ട്.

എന്റെ വീട്ടുമുറ്റത്തുവന്നുനിന്ന ആഡംബര കാറില്‍നിന്ന് കുപ്പിവളക്കിലുക്കത്തോടെ ചാടിയിറങ്ങിയ സ്ത്രീക്ക് മലയാളിത്തത്തിന്റെ അടയാളങ്ങളുണ്ടായിരുന്നില്ല. തനി ആദിവാസി. അരണ്ടവെളിച്ചത്തില്‍ കഴുത്തിലെ വെള്ളിപ്പതക്കവും കാലിലെ വെള്ളിത്തളയും തിളങ്ങിയപ്പോള്‍ ദോഷൈകദൃക്കും പരപുച്ഛക്കാരിയുമായ പത്രപ്രവര്‍ത്തകയ്ക്ക് സന്ദേഹം വര്‍ധിച്ചു- പാലാക്കാരി മേഴ്‌സി മാത്യുവിന് ആദിവാസികളെ സേവിക്കാന്‍ അവരുടെ വേഷം കെട്ടണോ?

അവരെ സ്വീകരിക്കുമ്പോഴും ഹൃദയത്തിന്റെ വാതിലുകള്‍ അടഞ്ഞുകിടന്നു. എപ്പോഴോ അകത്തുപോയി മടങ്ങിയെത്തുമ്പോഴാണ് സ്വീകരണമുറിയിലെ സോഫയില്‍ ചാരിയിരുന്ന അതിഥി മുന്നോട്ടുനീട്ടി പിണച്ചുവെച്ച പാദങ്ങള്‍ കണ്ണില്‍പ്പെട്ടത്. എല്ലാ സംശയങ്ങളും ആവിയായി. എത്ര വിണ്ടുകീറലുകള്‍, തഴമ്പുകള്‍. നടന്നുതീര്‍ത്ത വഴികള്‍ക്കും ദൂരങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സാക്ഷ്യപത്രം. പിന്നീട്, മധ്യപ്രദേശിലെ ബറൂളില്‍ ദയാബായിയുടെ വീടുകണ്ടപ്പോള്‍ ആത്മാര്‍ഥമായി ചൂളി. സ്വന്തം പുരയിടത്തിലെ മുളകൊണ്ട് അവര്‍ സ്വയം ഡിസൈന്‍ ചെയ്ത് പകുതി പണിതീര്‍ത്ത വിചിത്ര അതിഥിമന്ദിരം. അരികില്‍ തനിക്ക് താമസിക്കാന്‍ മണ്‍വീട്. പശുക്കളെ പരിപാലിക്കാന്‍ ഒരു ആദിവാസിപ്പയ്യനും ഭാര്യയുമാണ് ആകെ സ്റ്റാഫ്. കാറുകളില്ല, അന്തേവാസികളില്ല, വിദേശഫണ്ടുമില്ല. പക്ഷേ, ഗോതമ്പും ചോളവും നെല്ലും സോയാബീനും മക്കയും തക്കാളിയും മള്‍ബറിയും മുരിങ്ങയുമൊക്കെ തഴച്ചുവളരുന്ന രണ്ടരയേക്കര്‍ പുരയിടമുണ്ട്. ഏതാനും പശുക്കള്‍, കോഴികള്‍, അത്തോസ് എന്ന വളര്‍ത്തു നായ, ഗോരി എന്ന വളര്‍ത്തുപൂച്ച.

ദയാബായി തന്റെ വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ക്കൊണ്ട് എന്റെ ഹൃദയം ചവിട്ടിത്തുറന്ന് അകത്തുകയറിയിരിപ്പായി. എന്റെ ദീദിയായി, ചിലപ്പോഴൊക്കെ എന്റെ അച്ഛന്റെ അമ്മയുടെ മുഖച്ഛായയും ചിലപ്പോഴൊക്കെ എന്റെ അമ്മയുടെ ശബ്ദവും ചിലപ്പോഴൊക്കെ അടുത്ത കൂട്ടുകാരിയുടെ കുസൃതിയും ചിലപ്പോഴൊക്കെ എന്റെ മകളുടെ കൊഞ്ചലുമുള്ള പേരില്ലാ ബന്ധുവായി. ചിലപ്പോഴൊക്കെ എനിക്ക് പിന്തുടരാനാകാത്തത്ര അകലെയുള്ള അമാനുഷവ്യക്തിയായി. മറ്റുള്ളവര്‍ക്കുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ വിവരിച്ച് എന്റെ ഹൃദയത്തെ ത്രസിപ്പിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി ഏറ്റുവാങ്ങിയ മുറിവുകളുടെ കഥ വെളിപ്പെടുത്തി എന്നെ കരയിപ്പിച്ചു. നര്‍മബോധം കൊണ്ട് പരാജയപ്പെടുത്തി. ആര്‍ജവവും നിഷ്‌കളങ്കതയും കലാബോധവും കൊണ്ട് നമ്രശിരസ്‌കയാക്കി. ഓടിനടക്കുന്ന മൂന്നുവയസ്സുകാരിയെ ക്ലാസ്മുറിയില്‍ പിടിച്ചിരുത്തുന്നത്ര ബുദ്ധിമുട്ടായിരുന്നു ദയാബായിയെക്കൊണ്ട് സ്വന്തം ജീവിതകഥ പറയിപ്പിക്കാന്‍. ഓരോ അരമണിക്കൂറിലും നാണംകുണുങ്ങി ‘എന്നെക്കൊണ്ടുമേല’ എന്നു കൊഞ്ചുന്ന പാലാക്കാരിയാകും. ചിലപ്പോള്‍ ‘ഐ ഹെയ്റ്റ് പബ്ലിസിറ്റി’ എന്ന് പരുഷമായി മുഖം ചുളിക്കും. ചിലപ്പോള്‍ അപമാനത്തിന്റെയും കാപട്യത്തിന്റെയും കഥകള്‍ കുസൃതിച്ചിരിയോടെ ഫലിതമാക്കും. പറഞ്ഞുപറഞ്ഞ് ‘എനിക്കിത്രയും സംഭവിച്ചെങ്കില്‍ ഈ നാട്ടിലെ എത്രയോ പാവപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്നതെന്തൊക്കെയായിരിക്കുംഎന്നതിലെത്തി’ നൊന്ത് വിങ്ങിക്കരയും.

അതുകഴിഞ്ഞ മാര്‍ച്ചില്‍, ഉത്തരേന്ത്യന്‍ സൂര്യന്‍ കത്തിജ്വലിക്കുകയായിരുന്നു. മണ്‍വീടിനകത്ത് കുളിര്‍മ നിറഞ്ഞു. മുളയിലകള്‍ മേഞ്ഞതാണ് മേല്‍ക്കൂര. മുളയാണ് കഴുക്കോലുകള്‍. മുളന്തണ്ടുകള്‍ ചേര്‍ത്തുകെട്ടിയതാണ് വാതിലുകള്‍. ഭിത്തി മണ്ണുകൊണ്ടാണ്. നിലം ചാണകം മെഴുകിയതാണ്. വിചിത്രമായ ആകൃതിയാണ് ഈ വീടിനും. ഇതും ദയാബായി സ്വന്തം കൈകളാല്‍ പണിതതാണ്. സ്വന്തം വീട് സ്വന്തം കൈകളാല്‍ പണിയുകയും സ്വന്തം ഭക്ഷണം സ്വയം ഉത്പാദിപ്പിക്കുകയും സ്വന്തം ജാതി സ്വയം തിരഞ്ഞെടുക്കുകയും സ്വന്തം വിശ്വാസം നിര്‍ഭയം ജീവിക്കുകയും ചെയ്യുന്ന ദയാബായിയെക്കാള്‍ സ്വതന്ത്രയും ധീരയും സാഹസികയും വിമോചിതയുമായ മറ്റൊരു അപ്പര്‍ക്ലാസ് സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല. കഴുക്കോലുകളായി ഉപയോഗിച്ച മുളയ്ക്കുള്ളില്‍ കൂട്ടിയ കൂടുകളിലേക്ക് ഏതൊക്കെയോ പക്ഷികള്‍ നിര്‍ഭയം വന്നുപോകുകയും അവകാശത്തോടെ ചിലയ്ക്കുകയും ചെയ്ത സ്വീകരണമുറിയിലിരുന്നപ്പോള്‍ ഞാന്‍ ഖിന്നയായി- ഛെ, എനിക്ക് ജീവിക്കാന്‍ സാധിച്ചില്ലല്ലോ, ഈ ജീവിതം.

ഈയിടെയായി, ദയാബായിയുടെ പേര് കേരളത്തില്‍ പതിവായി മുഴങ്ങുന്നു. 2001-ല്‍ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതുമുതല്‍ ദയാബായിയെ പുരസ്‌കാരങ്ങളും തേടിയെത്തുന്നു. പത്രസപ്ലിമെന്റുകളിലും ചാനലുകളിലും ഈ മുഖം വീണ്ടും വീണ്ടും കാണുന്നു. അവരെക്കുറിച്ച് പുസ്തകങ്ങളിറങ്ങുന്നു. അവരുടെ അനുഭവകഥകള്‍ പ്രചരിക്കുന്നു. ബറൂളില്‍ ദയാബായിയോടൊപ്പം ചെലവഴിച്ച ദിവസങ്ങളില്‍ ലഭിച്ച തിരിച്ചറിവുകളാണ് എന്റെ ഹൃദയത്തെ അലട്ടുന്നത്. ഒരായുസ്സിന്റെ ആത്മബലിക്ക് ഈ സ്ത്രീക്ക് സമൂഹം കൊടുത്ത കൃതജ്ഞത അവാര്‍ഡുകള്‍ മാത്രമല്ല, കോടതി വ്യവഹാരങ്ങള്‍ കൂടിയാണ്. ബാര്‍ഗി ടോല എന്ന ഗ്രാമത്തിലെ താന്‍ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയം കാണിച്ചുതന്ന് തിരികെ ബറൂളിലേക്ക് നടക്കുമ്പോള്‍ ദയാബായി പറഞ്ഞു: ”അവാര്‍ഡുകള്‍ എനിക്ക് ഇഷ്ടമല്ല. കാരണം ഐ നോ അയാം നോട്ട് സക്‌സസ്ഫുള്‍. മൈ പ്രയോറിട്ടി ഈസ് ഹ്യൂമന്‍ ഡിഗ്‌നിറ്റി. സാധാരണക്കാര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരത്തിനുവേണ്ടിയായിരുന്നു എന്റെ പ്രവര്‍ത്തനങ്ങളെല്ലാം. പക്ഷേ, ആ ഡിഗ്‌നിറ്റി ഇന്ന് എനിക്കുപോലും കിട്ടുന്നില്ല. പിന്നെങ്ങനെ എനിക്ക് ഈ അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ കഴിയും? പരാജയപ്പെട്ട ഈ എന്റെ മുന്‍പില്‍ എന്തുവഴിയാണുള്ളത്?”

ഒരു സാധാരണ സാമൂഹിക പ്രവര്‍ത്തകയില്‍നിന്നോ പ്രവര്‍ത്തകരില്‍നിന്നോ ഈ വാക്കുകള്‍ പ്രതീക്ഷിക്കവയ്യ. പക്ഷേ, ദയാബായി വ്യത്യസ്തയാണ്. സത്യസന്ധതയും ആര്‍ജവവും ഋജുവായ നീതിബോധവും മൂര്‍ത്തരൂപംപൂണ്ട ഒരു സ്ത്രീ. അവര്‍ക്ക് കൈയടി നേടാന്‍ പൊളിറ്റിക്കലി കറക്ട് പ്രസ്താവനകള്‍ നടത്തേണ്ട ബാധ്യതയില്ല. സത്യത്തോടേയുള്ളൂ അവര്‍ക്ക് പ്രതിബദ്ധത. ഒരു പെണ്‍കുട്ടിയെ കാണാതായ കേസിലും ഒരു പെണ്‍കുട്ടി സ്ത്രീധന പീഡനം നേരിട്ട കേസിലും പൊലീസിന്റെ മര്‍ദനമേറ്റു. മുന്‍വരിയിലെ പല്ലുകള്‍ നഷ്ടപ്പെട്ടു. മറ്റുള്ളവര്‍ക്ക് നീതിയുറപ്പിക്കാന്‍ വര്‍ഷങ്ങളോളം അവര്‍ കോടതി കയറിയിറങ്ങി. മറ്റൊരു കേസില്‍, തന്നെ ദേഹോപദ്രവമേല്പിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ ഇന്നും കോടതികയറുകയാണ്. ഈ കേസ് തേഞ്ഞുമാഞ്ഞു പോയതായിരുന്നു. ഊപ്പര്‍വാല എന്ന് ദയാബായി വിളിക്കുന്ന മുകളിലിരിക്കുന്നയാള്‍ ഇടപെട്ടതാകാം അത് റീ ഓപ്പണ്‍ ചെയ്യാന്‍ സമീപകാലത്തുണ്ടായ ഉത്തരവ്. അപ്പോഴും ദയാബായിയുടെ വാക്കുകള്‍ ഇടറുന്നു: ”നീതി കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയൊന്നുമില്ല. നമ്മുടെ വ്യവസ്ഥ അത്രമേല്‍ ദുഷിച്ചുകഴിഞ്ഞു.” സഹജീവികളുടെ അണയാത്ത വിദ്വേഷത്തിന്റെയും ലജ്ജാകരമായ യുദ്ധമുറകളുടെയും മുന്‍പില്‍ അവര്‍ ദുഃഖിതയാണ്. ഒരു ജന്മം മുഴുവന്‍ ലോകത്തിനായി സമര്‍പ്പിച്ച ഒരു സ്ത്രീക്ക്
നമ്മളോരോരുത്തരുടെയും പ്രത്യുപകാരം.

ആഹ്ലാദിപ്പിക്കുന്ന സമ്മാനങ്ങള്‍ പ്രതീക്ഷിച്ചാണ് പാലാ പൂവരണിയില്‍ പുല്ലാട്ട് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മാത്യുവിന്റെ മകള്‍ മേഴ്‌സി സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചതെന്ന് തെറ്റിദ്ധരിക്കരുത്. സേവനം അവര്‍ തിരഞ്ഞെടുത്ത ജീവിതരീതിയാണ്. ദൈവഭയമുള്ള സമ്പന്നകുടുംബം. മാത്യുവിന്റെ രണ്ട് സഹോദരിമാര്‍ കന്യാസ്ത്രീകളായിരുന്നു. കുട്ടിയായിരിക്കെ, ഉത്തരേന്ത്യയിലെ കന്യാസ്ത്രീകളെക്കുറിച്ച്- ‘കാറ്റും മഴയും മഞ്ഞും വെയിലും കൂട്ടാക്കാതെയിതാരോ, കൂട്ടാക്കാതെയിതാരോ’ എന്നൊരു പാട്ടിന്റെ വരികള്‍ കേട്ട് അതുപോലെയൊരു ജന്മം സ്വീകരിക്കാന്‍ കൊതിച്ച് പത്താംക്ലാസ് പാസ്സായപ്പോള്‍ ഹസാരിബാഗിലെ ഒരു കോണ്‍വെന്റിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ച പെണ്‍കുട്ടി. 1958-ല്‍ ഹസാരിബാഗ് കോണ്‍വെന്റില്‍ ചേര്‍ന്നു. 1962-ല്‍ വിട്ടു. അതിനിടെ ബി.എസ്‌സി. ബയോളജി പാസ്സായി. ബിഹാറിലെ ആദിവാസി മേഖലയായ ഡല്‍റ്റന്‍ഗഞ്ചില്‍ സ്‌കൂള്‍ അധ്യാപികയായി. 72 വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കറങ്ങിനടന്നു. ഒരു വര്‍ഷം കൊല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ കോണ്‍വെന്റില്‍. മദ്രാസ് ബ്ലൈന്‍ഡ് സ്‌കൂളില്‍. പിന്നീട് ബംഗ്ലാദേശ് അഭയാര്‍ഥിക്യാമ്പില്‍. അതുകഴിഞ്ഞ് ജബല്‍പ്പൂരില്‍ ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അധ്യാപനം. അക്കാലത്ത് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ല്യു കോഴ്‌സ് തുടങ്ങുന്നതായി കേട്ട് അപേക്ഷിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അതും ഉപേക്ഷിച്ചു. പിന്നീട് കുറെക്കാലം വീണ്ടും കറക്കം. ബോംബെയിലെ ചേരികളില്‍. പിന്നെ ഹരിയാണയിലെ ആദിവാസികള്‍ക്കിടയില്‍. അപ്പോഴേക്ക് മേഴ്‌സി എന്ന പേര് ദയാവതി എന്നുമാറി. എം.എസ്.ഡബ്ല്യു. കോഴ്‌സിന്റെ ഘടന മാറി ഫീല്‍ഡ് വര്‍ക്കിനും ഗ്രാമീണമേഖലയ്ക്കും പ്രാധാന്യം കൈവന്നതറിഞ്ഞ് മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കി. ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി മധ്യപ്രദേശിലെ ചിന്ദ്‌വാഡ, വസ്തര്‍, മണ്ഡല എന്നീ ജില്ലകളിലെത്തി. അങ്ങനെ ആദ്യം സുര്‍ള കാപ്പയിലും പിന്നീട് തിന്‍സയിലും ഇരുപതു കൊല്ലത്തോളം ആദിവാസികള്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ചു. പൗരാവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചു. ഒട്ടേറെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. ഇതിനുവേണ്ടി നിയമം പഠിച്ചു. ബിരുദമെടുത്തു.

തിന്‍സെയില്‍ ദയാബായി ഏറ്റെടുത്ത സാമൂഹിക പ്രശ്‌നങ്ങള്‍ ഏറെയാണ്. നിരക്ഷരരും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്തവരുമായ ആദിവാസികള്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ചുകൊണ്ട് അവരുടെ ജീവിതം മാറ്റിയെടുക്കുകയായിരുന്നു. നരസിംഹ്പുര്‍ റെയില്‍വേസ്റ്റേഷനില്‍ എന്നെയും കുടുംബത്തെയും സ്വീകരിക്കാന്‍ ദയാബായിയും ഫാ. അഗസ്റ്റിനുമുണ്ടായിരുന്നു. ബറൂളിലേക്കുള്ള യാത്രയില്‍ ദയാബായി ഇരുവശത്തുമുള്ള വയലുകള്‍ ചൂണ്ടിക്കാട്ടി- ഈ വയലുകളില്‍ ഞാന്‍ പണിക്കുവന്നിട്ടുണ്ട്. എങ്ങനെ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എം.എസ്.ഡബ്ല്യു. ബിരുദധാരിക്ക് ആദിവാസി ഊരില്‍ അതായിരുന്നു ഉപജീവനമാര്‍ഗം. വന്നകാലത്ത് ഗോതമ്പും ചനയും മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നെ കരിമ്പുകൃഷി തുടങ്ങി. അന്ന് സോയാബീന്‍ അത്ര പ്രചരിച്ചിട്ടില്ല. തൊണ്ണൂറുകളില്‍ സോയാബീന്‍ തുടങ്ങി. അതിന്റെ കള പറിക്കല്‍, ആഗസ്ത്-സപ്തംബറില്‍ വിളവെടുപ്പ്. സോയാബീന്‍ വിളഞ്ഞാല്‍ അധികം വൈകാതെ വിളവെടുപ്പു നടത്തണം. ആ സമയത്ത് വന്‍തോതില്‍ തൊഴിലാളികളെ ആവശ്യമുണ്ട്. കൃഷിയിറക്കല്‍, വിളവെടുക്കല്‍ കാലത്ത് തൊഴില്‍ ദല്ലാളുമാര്‍ ആദിവാസി ഊരുകളില്‍ കറങ്ങും. സ്ത്രീകളെയും പുരുഷന്മാരെയും കൂലി പറഞ്ഞുറപ്പിച്ച് വയലുകളിലേക്കു കൊണ്ടുവരും. അക്കൂട്ടത്തില്‍ ദയാബായിയും ഉണ്ടാകും. നരസിംഹ്പുരില്‍ ജബല്‍പുര്‍ രൂപതയുടെ ഒരു ആശ്രമമുണ്ട്. ബാഗ് ആശ്രമത്തില്‍ വെച്ച് തുണിക്കെട്ടും സഞ്ചിയുമായി പാടത്തേക്കിറങ്ങും. കരിമ്പുപാടമാണെങ്കില്‍ ദിവസക്കൂലി. പകല്‍ കരിമ്പുവെട്ടി ഇലയും തോലുംവെട്ടി നീരെടുക്കും. രാത്രി അത് വലിയ അടുപ്പത്തു വെച്ച് ശര്‍ക്കരയുണ്ടാക്കും. രാത്രിപ്പണിക്കു ശര്‍ക്കരയാണ് കൂലി.

പണി കഴിഞ്ഞ് രാത്രി തുറസ്സായ പാടത്താണ് ഉറക്കം. നിലാവുള്ളപ്പോഴാണ് വിളവെടുപ്പ്. രാത്രിയിലും കൊയ്ത്തുണ്ടാകും. കറ്റയുടെ എണ്ണമനുസരിച്ചാണ് കൂലി. ഒരുപാടു പണിക്കാരുണ്ടെങ്കില്‍ ഇരുപതിന് ഒന്ന് എന്ന തോതിലാണു കൂലി. പണിക്കാര്‍ കുറവാണെങ്കില്‍ പതിനെട്ടിന് ഒന്ന് കിട്ടും. ഇടനിലക്കാരാണ് പ്രശ്‌നക്കാര്‍. കൊണ്ടുവരുന്ന തൊഴിലാളി സ്ത്രീകളെ ചൂഷണംചെയ്യാന്‍ അവര്‍ കിട്ടുന്ന സന്ദര്‍ഭങ്ങളൊന്നും നഷ്ടപ്പെടുത്തുകയില്ല. അവര്‍ക്കിടയില്‍ക്കഴിയുമ്പോഴാണ് ഓരോ തൊഴിലാളി സ്ത്രീയുടെയും ആന്തരിക ജീവിതം മനസ്സിലാകുന്നത്. ഇടനിലക്കാരില്‍ ചിലര്‍ വന്ന് കാലില്‍ നുള്ളിപ്പറിക്കും. നെഞ്ചില്‍ പിടിക്കും. അന്നേരം ദയാബായി പുലിയായി മാറും. ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ചെറുപ്പക്കാര്‍ എന്തുചെയ്താലും കുണുങ്ങിച്ചിരിക്കുകമാത്രം ചെയ്യുന്ന ആദിവാസി പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതു കണ്ട് വണ്ടി അവിടെ നിര്‍ത്തി ഈ ചെറുക്കനെ മാറ്റ്, പെണ്‍കുട്ടികള്‍ ഇവന്റെ കളിപ്പാട്ടമാണോ എന്നു ചോദിച്ചതും ഒരു മന്ത്രിയുമായി ഏറ്റുമുട്ടിയതിനുശേഷം ഒരിക്കല്‍ ഛിന്ദ് വാഡയില്‍ ചെന്നിറങ്ങി ഹോസ്റ്റലിലേക്കു പോകുമ്പോള്‍ ഒരുത്തന്‍ പിറകെവന്ന് പിന്നിലൂടെ പിടിച്ചതും ദയാബായി കുസൃതിയോടെ വിവരിക്കും. ”ഞാനൊരു ചീറ്റലോടെ എന്റെ കൈയിലുണ്ടായിരുന്ന കുടകൊണ്ട് അടിച്ചു. എനിക്ക് ഇച്ചിരെ കരാട്ടെ അറിയാം. ആ സ്റ്റൈലില്‍ കുറെ അടി. ഒരു തട്ട് ശരിക്കു കിട്ടിയപ്പോള്‍ അവന്‍ സൈക്കിളില്‍ പാഞ്ഞു.” സുര്‍ളാകാപ്പയിലും തിന്‍സയിലും ആദിവാസികളുടെ വീട്ടുവരാന്തയായിരുന്നു ദയാബായിയുടെ താവളം. രാജ്യത്തിനകത്തും പുറത്തും എല്ലാ യാത്രകളും ഒറ്റയ്ക്കായിരുന്നു. നീതിക്കുവേണ്ടിയുള്ള ഓരോ സമരവും ഒറ്റയ്ക്കായിരുന്നു. ആവശ്യക്കാരായ പാവപ്പെട്ടവര്‍ ഒഴികെ ആരും പിന്തുണനല്കിയില്ല. അഴിമതിക്കാരായ വില്ലേജ് ഓഫീസര്‍മാരും പൊലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ഒന്നടങ്കം എതിര്‍ത്തിട്ടും ഭയപ്പെട്ടില്ല. ഭയം തോന്നുമ്പോള്‍ സങ്കടം പറയാന്‍ ആകെയുണ്ടായിരുന്നത് ‘ഊപ്പര്‍വാലാ’ മാത്രം.

തിന്‍സയില്‍ ആദ്യമായി ആദിവാസി സ്ത്രീകളോടൊപ്പം കുളിക്കാനിറങ്ങുമ്പോള്‍ അന്തര്‍ ക്യാ ഹൈ എന്നു ചോദിച്ച് മറ്റു പെണ്ണുങ്ങള്‍ കളിയാക്കി. അതില്‍പ്പിന്നെ ആദിവാസി സ്ത്രീകളുടെ വസ്ത്രധാരണരീതി പൂര്‍ണമായും സ്വീകരിച്ച് ബ്രേസിയര്‍ ഒഴിവാക്കി. ഒമ്പതു മീറ്റര്‍ വരുന്ന സാരിയാണ് ആദിവാസികളുടെ ആകെ വസ്ത്രം. മിക്കവാറും ഒരേ ഒരെണ്ണം. സാരിയുടെ പകുതികൊണ്ട് താറു പാച്ചിയുടുത്ത് മറ്റേ പകുതി നനച്ചുണക്കാന്‍ ആ സ്ത്രീകളെപ്പോലെ ദയാബായിയും പഠിച്ചു. സോപ്പും പൗഡറും പേസ്റ്റും ഉപേക്ഷിച്ചു. പകരം പല്ലുതേക്കാന്‍ ആദിവാസികളുടെ കരിയും ഉപ്പും കുളിക്കാന്‍ സാജ് എന്ന മരത്തിന്റെ ഇലയും ശീലിച്ചു. നമ്മുടെ വസ്ത്രവും ആഹാരവും ശീലിപ്പിക്കുകയാണ് ആദിവാസികള്‍ക്ക് നാം നല്കുന്ന വിദ്യാഭ്യാസം. എന്തുകൊണ്ട് തിരിച്ച് അവരുടെ വസ്ത്രവും ആഹാരവും ശീലിച്ച് അവരുടെ അറിവുകള്‍കൊണ്ട് നമുക്ക് നമ്മെത്തന്നെ വിദ്യാഭ്യാസം ചെയ്യിച്ചുകൂടാ എന്ന് ദയാബായി ചോദിച്ചു. ഗാന്ധിജിക്കുശേഷം ഇന്ത്യാ മഹാരാജ്യത്ത് ഈ സ്ത്രീയല്ലാതെ മറ്റാരും നാളിതുവരെ ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യം.

സുര്‍ളകാപ്പയിലും തിന്‍സയിലും ചെലവഴിച്ച ഓരോ ദിവസവും ദയാബായിയെ സംബന്ധിച്ച് ഓരോ സത്യഗ്രഹസമരമായിരുന്നു. പപ്പയില്‍ നിന്ന് ആര്‍ജിച്ച ഗാന്ധിയന്‍ ജീവിതരീതികളും ബൈബിളില്‍ നിന്ന് സ്വാംശീകരിച്ച ക്രിസ്തുവിന്റെ ദര്‍ശനങ്ങളുമാണ് ദയാബായിയുടെ ജീവിതപ്രമാണങ്ങളുടെ കാതല്‍. എന്നുവെച്ച് പഴഞ്ചനായ ആശയങ്ങളല്ല അവരുടേത്, അതിശയിപ്പിക്കും വിധം അത്യാധുനിക ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളാണ്. തെരുവുനാടകം നടത്തിയും ഹൈസ്‌കൂളുകളില്‍ നിയമബോധവത്കരണ ക്ലാസ് നടത്തിയും ചെറുതും വലുതുമായി കണ്മുന്നില്‍ സംഭവിക്കുന്ന ഓരോ അനീതിയോടും പ്രതികരിച്ചും ദയാബായി തിന്‍സയില്‍ നിറഞ്ഞുനിന്നു.

പപ്പ മരിച്ചപ്പോള്‍ മേഴ്‌സിക്കുവേണ്ടി കരുതിവെച്ച തുക സ്വീകരിച്ച് കുറച്ചു ഭൂമി വാങ്ങുന്നിടത്തുനിന്നാണ് ദയാബായിയുടെ ജീവിതത്തിലെ ഏറ്റവും വേദനാപൂര്‍ണമായ അധ്യായത്തിന്റെ തുടക്കം. ഒരു ഭൂവുടമയുടെ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഭൂമി ഒന്നിച്ചുവാങ്ങി. ബറൂളില്‍ റോഡരികിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് ദയാബായി സ്വയം വീടുപണിതു. ബാക്കി സ്ഥലത്ത് കൃഷി തുടങ്ങി.

ബറൂളിലെ ദയാബായിയുടെ ഭൂമിയെപ്പറ്റി വര്‍ണിക്കുക ആഹ്ലാദകരമാണ്. ഛിന്ദ്‌വാഡ റോഡില്‍ വരണ്ടുണങ്ങിയ കൃഷിയിടങ്ങള്‍ക്കും തരിശുഭൂമിക്കുമിടയിലൂടെ യാത്രചെയ്തുവരുമ്പോള്‍ പെട്ടെന്ന് ഒരു പച്ചത്തുരുത്തുപോലെ കണ്ണില്‍പ്പെടുന്ന ഇടമാണത്. ആഗോളതാപനത്തിന്റെ ഇക്കാലത്ത് ഓരോ മലയാളിയും അവിടം സന്ദര്‍ശിക്കുക. കല്ലുകള്‍ നിറഞ്ഞ് പുല്ലുപോലും മുളയ്ക്കാതെ കിടന്ന ഭൂമിയാണത് എന്നതിന് തെളിവുകള്‍ അയലിടങ്ങള്‍ തന്നെയാണ്. സ്നേഹിക്കപ്പെടുന്ന മണ്ണിന്റെ തിളക്കവും തെളിച്ചവും ദയാബായിയുടെ വീട്ടുവളപ്പിലുണ്ട്. നെല്ലും ചോളവും ഗോതമ്പും ഞവരയും വിളയുന്ന പാടങ്ങള്‍. പേരയും ചെറിയും മുന്തിരിയും പാഷന്‍ ഫ്രൂട്ടും നാരകവും മുരിങ്ങയും കായ്ച്ചുകിടക്കുന്നു. കുമ്പളവും മത്തനും ചുരയ്ക്കയും പുറമേ. പോരാത്തതിന് ഉരുളക്കിഴങ്ങും മക്കയും സോയാബീനും നിലക്കടലയും ചനയും പട്ടാണിയും മസൂറും ഉഴുന്നും വരകും ബസ്മതി അരിയും വരെ സമ്മാനിക്കുന്ന മണ്ണ്. വലിയ മരങ്ങള്‍ക്ക് പച്ചപ്പിന്റെ സമൃദ്ധി. ജലക്ഷാമമുള്ള മാസങ്ങളില്‍ ഈ മരങ്ങളെ പരിപാലിക്കുന്നവിധം ദയാബായി പറഞ്ഞു. വലിയ മണ്‍കുടത്തില്‍ ജലം നിറച്ച് ചെറിയ സുഷിരമിട്ട് അത് മരച്ചുവട്ടില്‍ കുഴിച്ചിടും. ആഴ്ചയിലൊരിക്കല്‍ കുടത്തില്‍ വെള്ളം നിറയ്ക്കും. വേരുകള്‍ ആര്‍ത്തിയോടെ ജലം വലിച്ചെടുത്ത് ജീവന്‍ നിലനിര്‍ത്തും. പുറത്തെടുക്കുമ്പോള്‍ മഞ്ഞനിറത്തിലുള്ള എണ്ണമറ്റ കുഞ്ഞുവേരുകള്‍ കുടത്തെ പൊതിഞ്ഞിരിക്കും.

ഞങ്ങള്‍ക്ക് ആദ്യമേ നിര്‍ദേശം നല്കി- ഇവിടെ സോപ്പ് പാടില്ല. പാത്രം കഴുകാന്‍ വിം ബാറോ മറ്റു രാസവസ്തുക്കളോ പാടില്ല. വെള്ളം പിശുക്കി ഉപയോഗിക്കണം. എച്ചില്‍പ്പാത്രങ്ങള്‍ കഴുകാന്‍ മൂന്നു വലിയ ചരുവങ്ങളില്‍ വെള്ളം നിറച്ചുവെച്ചിരുന്നു. പാത്രം ആദ്യത്തെ ചരുവത്തില്‍ മുക്കി കഴുകിയെടുക്കണം. തുടര്‍ന്ന് കടലപ്പൊടി വെച്ച് തേച്ചുകഴുകാം. അതുകഴിഞ്ഞ് രണ്ടാമത്തെ ചരുവത്തിലെ വെള്ളത്തില്‍ ഒരു തവണ കഴുകാം. മൂന്നാമത്തെ പാത്രത്തില്‍ അവസാനവട്ട കഴുകല്‍. ആദ്യത്തെ ചരുവത്തിലെ വെള്ളം തീര്‍ത്തും അഴുക്കാകുമ്പോള്‍ അത് ഏതെങ്കിലും തെങ്ങിന്റെയോ മാവിന്റെയോ ചുവട്ടിലേക്ക് ഒഴിക്കണം. ദയാബായി സ്വന്തം ഭൂമിയില്‍ ഡിറ്റര്‍ജന്റുകളും പ്ലാസ്റ്റിക്കും നിരോധിച്ചിട്ടുണ്ട്. എന്റെ മകളെയും കൊണ്ട് പ്രധാന ചന്തയായ ഹരൈയില്‍ പോയി കുപ്പിവളകള്‍ വാങ്ങിയപ്പോള്‍ വില്പനക്കാരന്‍ പയ്യന്‍ ചോദിച്ചു: ”സഞ്ചി കൊണ്ടുവന്നിട്ടുണ്ടോ? പ്ലാസ്റ്റിക് കവര്‍ തന്നാല്‍ മാഡം വഴക്കുപറയും”.

ദയാബായിയുടെ ഭൂമിയില്‍ രാസവളത്തിനും കീടനാശിനികള്‍ക്കും നിരോധനമുണ്ട്. തിന്‍സയിലെ ആദിവാസികളില്‍ നിന്നാണ് ജൈവകൃഷി പഠിച്ചത്. അന്ന് പ്രായംചെന്ന ആദിവാസികള്‍ പറഞ്ഞുകേട്ടു, നേരത്തെ കുട്കി എന്ന തിന പോലെയുള്ള പുല്ല് നല്ല ഉയരത്തില്‍ വളര്‍ന്നിരുന്നു. ഇപ്പോള്‍ ഒന്നും വളരുന്നില്ല എന്ന്, കരടിയുണ്ടായിരുന്നു, മറ്റു പല വന്യമൃഗങ്ങളുമുണ്ടായിരുന്നു, ഇപ്പോഴില്ല എന്ന്. എല്ലാ കൊല്ലവും മരങ്ങള്‍ വെട്ടി ട്രക്ക് നിറയെ കൊണ്ടുപോകുന്നതും ഗവണ്‍മെന്റ് രാസവളം പ്രചരിപ്പിച്ചതും ആദ്യവര്‍ഷം ഒരു ചാക്ക് രാസവളംകൊണ്ട് കൃഷി തുടങ്ങിയ കര്‍ഷകര്‍ക്ക് അടുത്തവര്‍ഷം രണ്ടുചാക്ക് വേണ്ടിവന്നതും അതിനടുത്തവര്‍ഷം മൂന്ന് ചാക്ക് വേണ്ടിവന്നതും അതോടൊപ്പം കീടങ്ങള്‍ പെരുകിയതും കണ്‍മുന്‍പിലായിരുന്നു.

”തിന്‍സയിലെ പുറമ്പോക്ക് സ്ഥലങ്ങളില്‍ ഞാന്‍ പച്ചക്കറികള്‍ കൃഷിചെയ്തുനോക്കി. ഒരു വളവുമിടാതെ തന്നെ നന്നായി വളരുന്നു. പിന്നെന്തിനാണ് നമ്മള്‍ രാസവളമിടുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അന്നൊന്നും എനിക്ക് സ്വന്തമായിട്ട് ഭൂമി വേണമെന്നില്ലായിരുന്നു. പക്ഷേ, തിന്‍സയില്‍ വിദേശഫണ്ട് ലഭിക്കുന്ന സംഘടനകള്‍ കടന്നുവരികയും പപ്പാ മരിച്ച സമയത്ത് പണം കിട്ടുകയും ബറൂളില്‍ സ്ഥലമുണ്ടെന്ന് കേട്ട് വാങ്ങിക്കുകയും ചെയ്തപ്പോള്‍ എനിക്കുതോന്നി- ഇത്രയും കാലം തിന്‍സയില്‍ നിന്ന് ഇവരുടെ ജീവിതം പഠിച്ചു. ഇനി ഈ ആളുകള്‍ ജീവിക്കുന്ന അതേജീവിതം തന്നെ ജീവിക്കാം. സാമൂഹിക പ്രവര്‍ത്തക എന്ന സഹായിറോള്‍ വിട്ട് കുറച്ചുകാലം കൃഷിക്കുവേണ്ടിമാത്രം കൃഷിക്കാരിയായിമാത്രം ജീവിക്കാം. എന്റെ വീടിന് കതകുവേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പക്ഷേ, ഇപ്പോഴെനിക്കറിയാം- ആളുകള്‍ കക്കും. ഇപ്പോള്‍ എന്റെ ആഗ്രഹത്തില്‍നിന്ന് വളരെ അകലെയാണ് സംഗതികള്‍.”

തന്റെ സ്ഥലത്ത് കിണറിന് സ്ഥാനം കണ്ടത് ദയാബായി തനിച്ചാണ്. ജസ്യൂട്ട് പുരോഹിതനായ ഫാദര്‍ ചാണ്ടി മരക്കൊമ്പ് കൊണ്ട് ജലസ്ഥാനം നിര്‍ണയിക്കുന്നത് കണ്ട ഓര്‍മയില്‍ ദയാബായി സ്വയം അത് പരീക്ഷിച്ചു. തന്റെ ഭൂമിയിലൊരിടത്ത് ജലമുണ്ടെന്ന് കണ്ടെത്തി.

”അവിടെ ഞാന്‍ കിണറുകുത്താന്‍ തുടങ്ങി. ആ മണ്ണെടുത്ത് വീടുണ്ടാക്കി. കുഴിക്കാന്‍ തുടങ്ങിയ ആദ്യ ദിവസംതന്നെ എനിക്ക് വെള്ളം കിട്ടി. അതുകഴിഞ്ഞ് വിദഗ്ധരായ രണ്ടുപേരെക്കൊണ്ട് കിണറിന് സ്ഥാനം കണ്ടു. രണ്ടുപേരും ഞാന്‍ കണ്ടെത്തിയ ഇടമാണ് ഏറ്റവും നല്ല സ്ഥാനമെന്ന് സമ്മതിച്ചു. അപ്പോഴും കൃഷിക്ക് ഉപയോഗിക്കാന്‍ വേണ്ടത്ര വെള്ളമില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഞാനെപ്പോഴും വെള്ളത്തെക്കുറിച്ചും മണ്ണിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി. മഴപെയ്യുമ്പോള്‍ റോഡില്‍നിന്നുള്ള വെള്ളം ഒലിച്ചുവന്ന് എന്റെ പറമ്പില്‍കൂടി പുറത്തുപോകുന്നത് കാണാം. ഇവിടെ വീഴുന്ന വെള്ളം ഒരുതുള്ളിപോലും പുറത്തുപോകാതെ തടയാന്‍ ഞാന്‍ തീരുമാനിച്ചു. വെള്ളം പോകുന്ന വഴിയെല്ലാം കല്ലും മരവുംവെച്ച് ഞാന്‍ അടച്ചു. നല്ല മണ്ണെടുത്ത് ഭിത്തികെട്ടി, വെള്ളം കുത്തിയൊലിക്കുന്നിടത്ത് ശക്തികുറയ്ക്കാന്‍വേണ്ടി കിടങ്ങുകളുണ്ടാക്കി. മണ്ണ് കിളയ്ക്കുമ്പോഴൊക്കെ വലിയ കല്ലുകളാണ് കിട്ടിയത്. ഇവിടെനിന്ന് കിട്ടിയ കല്ലുകള്‍ മാത്രം അടുക്കിവെച്ചാണ് മുന്നില്‍ കാണുന്ന മതില്‍ കെട്ടിയത്.

ആദ്യം കൃഷിയൊന്നും ചെയ്തിരുന്നില്ല. വാങ്ങുമ്പോള്‍ ആകെയുണ്ടായിരുന്നത് രണ്ട് മാഹുവാ മരങ്ങളും പ്ലാസിന്റെ കാട്ടുമരങ്ങളുമാണ്. ആദിവാസികള്‍ വിറകായി ഉപയോഗിക്കുന്ന മരങ്ങളാണ് അവ. വേഗം വളരുന്ന മരങ്ങള്‍ ഞാന്‍ നട്ടുപിടിപ്പിച്ചു. വേപ്പ്, സുബബൂല്‍, ബക്കാന്‍, മുള ഇതെല്ലാം വെച്ചു. ആവണക്ക് മരുന്നുചെടിയായി വെച്ചുപിടിപ്പിച്ചു. പിന്നെ അതിന്റെ കുരുവീണ് കൂടുതല്‍ മരങ്ങള്‍ വളര്‍ന്നു. മണ്ണില്‍ ഇഷ്ടംപോലെ പുല്ലുവളര്‍ന്നു. അതിന്റെ മുകള്‍ കുറച്ചുവെട്ടിനിര്‍ത്തി കുറ്റി മണ്ണില്‍ത്തന്നെ നിര്‍ത്തി. അപ്പോള്‍ മണ്ണ് കുറച്ചുകൂടി ബലപ്പെട്ടു. അതോടെ ചെറിയ ചെറിയ പ്ലോട്ടുകള്‍ തിരിച്ച് കൃഷിചെയ്യാന്‍ തുടങ്ങി. ആദ്യത്തെ കൊല്ലം കുറച്ചു സ്ഥലത്ത് ചോളം വിതച്ചു. അതിന് രണ്ടില മൂന്നില വന്ന് വളര്‍ച്ച മുരടിച്ചതുപോലെ അവസാനിച്ചു. പലരും യൂറിയ ഇടാന്‍ ഉപദേശിച്ചെങ്കിലും ഞാന്‍ അനുസരിച്ചില്ല. ആ വിള മുഴുവന്‍ കന്നുകാലിയെ തീറ്റി തീര്‍ക്കുകയായിരുന്നു. രണ്ടാമത്തെ കൊല്ലവും ചോളം വിതച്ചു. അത്തവണ ചെടികള്‍ കുറച്ചുകൂടി വളര്‍ന്നെങ്കിലും വിളവില്ല. അതും കന്നുകാലി തിന്നു. മൂന്നാമത്തെ കൊല്ലം ചെടികള്‍ കുറച്ചുകൂടി വളര്‍ന്നു. മാത്രമല്ല, ചെറിയ ചോളക്കുലകള്‍ ഉണ്ടാവുകയും ചെയ്തു. അതോടെ സാവധാനമാണെങ്കിലും സ്ഥിരമായ പുരോഗതിയുണ്ടെന്ന് ഉറപ്പായി. കാരണം, ഇത് രാസവളം തിന്ന് ചത്തുപോയ മണ്ണാണ്. അതിനെ തിരികെ ജീവന്‍വെപ്പിക്കാന്‍ താമസമെടുക്കും. ഞാന്‍ മണ്ണിരക്കൃഷി തുടങ്ങി. കന്നുകാലികളുടെ ചാണകവും മൂത്രവും മണ്ണിലേക്കിട്ടു. ഈ മണ്ണിലെ ഇലയായാലും വൈക്കോലായാലും ജലമായാലും ഭൂമിക്ക് തിരിച്ചുനല്കുക എന്നതാണ് എന്റെ കൃഷിയുടെ തത്ത്വം. മൂത്രമൊഴിക്കുന്നതുപോലും വെറും നിലത്താണ്. പണച്ചെലവില്ലാതെ കുറച്ചു യൂറിയ മണ്ണിന് നല്കാമല്ലോ?”

”ആദ്യം ചെറിയ പ്ലോട്ടില്‍ ഗോതമ്പ് വിതച്ചു. ഗോതമ്പിന് വെള്ളം അത്യാവശ്യമാണ്. അടുത്തുള്ള കൃഷിക്കാര്‍ പൊതുതോട്ടിലെ വെള്ളത്തില്‍ മോട്ടോര്‍വെക്കും. അത് നിയമവിരുദ്ധമാണ്. മഴവെള്ളം കുറച്ചുകൂടി സംരക്ഷിക്കാന്‍ മുകളില്‍ രണ്ട് കുഴി കുത്താമെന്നു തീരുമാനിച്ചു. വേറെ കിണറിന് ആ ഭൂമിയില്‍ സാധ്യതയില്ലെന്ന് പണ്ടേ തെളിഞ്ഞതാണല്ലോ. പക്ഷേ, മഴവെള്ളം പിടിക്കാന്‍ കുഴികുത്തിയപ്പോള്‍ ആദ്യത്തെ ദിവസംതന്നെ ഉറവ കണ്ടു. രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോള്‍ കുഴിയില്‍ എല്ലായിടത്തുനിന്നും ഉറവ. എന്റെ അന്നത്തെ സന്തോഷം പറയാന്‍ വയ്യ. പണിചെയ്തുവന്നപ്പോള്‍ ആ ഭാഗം മുഴുവന്‍ പാറയാണ്. ഞാന്‍ അതിന് മുകളിലും ഒരു കുഴികുത്തി. അവിടെയും ഉറവയുണ്ടെന്ന് കണ്ടു. അപ്പോള്‍ എന്റെ മണ്ണില്‍ കോലുകൊണ്ട് വെള്ളത്തിന്റെ സ്ഥാനം നോക്കിയപ്പോള്‍ ചുറ്റോടുചുറ്റ് നല്ല ശക്തിയില്‍ ജലസാന്നിധ്യം. ഞാന്‍ ഇത്രയും കാലം പണിചെയ്തതിന്റെ ഫലമാണ് ഭൂമിയിലെ വെള്ളമെന്ന് തീര്‍ച്ചയായി. അതില്‍നിന്ന് ഒരുകാര്യം മനസ്സിലായി. കുറേപ്പേരുടെ ഭൂമി ഒന്നിച്ചെടുത്ത് ഇതുപോലെ ചെയ്താല്‍ വലിയവിജയമായിരിക്കും. മറ്റൊന്നും ചെയ്യേണ്ട. മണ്ണില്‍ വീഴുന്ന മഴവെള്ളം എങ്ങനെയെങ്കിലും ശേഖരിക്കുക. വലിയ ഡാമുകളെക്കാള്‍ നമുക്ക് പ്രയോജനപ്പെടുക ഒത്തൊരുമയോടെയുള്ള മഴവെള്ള സംഭരണമാണ്.”

”നോക്കിനില്‍ക്കെ പുരയിടത്തില്‍ പക്ഷികള്‍ വര്‍ധിച്ചു. ഒരുപാട് മരങ്ങള്‍ വന്നു. പതിനാല് വര്‍ഷത്തിനിടെ ഭൂമി പെട്ടെന്ന് ആരോഗ്യവതിയായി. പക്ഷേ, പെട്ടെന്ന് ഒരുവര്‍ഷം ഒരു കുളം പൂര്‍ണമായും ഉണങ്ങി. ദൂരെനിന്ന് വെള്ളം കൊണ്ടുവരണം എന്ന സ്ഥിതിയായി. അതിന് തൊട്ടുമുന്‍പ് വിദേശത്ത് ക്ലാസ്സെടുക്കാന്‍ പോയിട്ടുവന്നതുകൊണ്ട് എന്റെ കൈയില്‍ കുറച്ച് പൈസയുണ്ടായിരുന്നു. കുഴല്‍ക്കിണറിന് തീര്‍ത്തും എതിരായിരുന്നെങ്കിലും ഗത്യന്തരമില്ലാതെ ഒരു കുഴല്‍ക്കിണര്‍ കുഴിച്ചു. അത് കഴിഞ്ഞപ്പോള്‍ ഒരുകാര്യം ശ്രദ്ധയില്‍പ്പെട്ടു- കറന്റില്ലാത്തപ്പോള്‍ എന്റെ കുഴിയില്‍ വെള്ളമുണ്ട്. പിന്നീടാണ് മനസ്സിലായത്, അല്പം അകലെ ഉയര്‍ന്ന സ്ഥലത്തുള്ള ഒരു കുഴല്‍ക്കിണര്‍ എന്റെ മണ്ണിനടിയിലെ വെള്ളം വലിച്ചെടുക്കുകയാണ്.”

ഇങ്ങനെയൊക്കെ ഒരു നവജാതശിശുവിനെ പരിപാലിക്കുന്നതുപോലെ ദയാബായി വളര്‍ത്തിയെടുത്ത ആവാസവ്യവസ്ഥയെയാണ് ചിലര്‍ തകിടംമറിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്. ഭൂമി കൃഷിക്ക് ഉപയുക്തമാക്കാന്‍ കൂടുതല്‍ പണം ആവശ്യമായിരുന്നു. കിട്ടിയ പണം മുഴുവന്‍ ഭൂമിവാങ്ങാന്‍ മുടക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് അകലെയുള്ള ഒരു പ്ലോട്ട് വില്ക്കാന്‍ തീരുമാനിച്ചു. അതു വാങ്ങാന്‍വന്ന മേല്‍ജാതിക്കാരന്‍ സമ്മതിച്ചതിലും പതിനായിരം രൂപ കുറച്ചാണ് നല്കിയത്. മുഴുവന്‍ തുകയും നല്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ തരാമെന്നായി. മാത്രമല്ല, താമസിക്കാന്‍ വേറെ സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് ആ ഭൂമിയിലെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു. അതോടെ പണം നല്കാതെ ഭൂമി കൈവശപ്പെടുത്താനായി നീക്കം. അവരുടെ ശ്രമങ്ങള്‍ വളരെ ആസൂത്രിതമാണെന്ന് പിന്നീടാണ് മനസ്സിലായത്. ഒരു ഫോറസ്റ്റ് ഗാര്‍ഡും വില്ലേജ് ഓഫീസറും മറ്റു ചിലരും കാര്യങ്ങള്‍ക്ക് ഒത്താശ നല്കി. അതേച്ചൊല്ലിയുള്ള തര്‍ക്കം പൊലീസ് സ്റ്റേഷനിലെത്തി. കൈയേറ്റം ഒഴിപ്പിച്ചതോടെ ദയാബായിയെ ആ മണ്ണില്‍നിന്ന് ഓടിക്കാനായി പരിശ്രമം. അസഭ്യവര്‍ഷവും അശ്ലീലപ്രദര്‍ശനങ്ങളുമായിരുന്നു പുരുഷന്മാരുടെ ആദ്യ യുദ്ധമുറ.

തിന്‍സയില്‍ നിന്ന് അകലെയുള്ള ബറൂളില്‍ ദയാബായി ഒറ്റയ്ക്കായിരുന്നു. ബംഗ്ലാദേശ് അഭയാര്‍ഥിക്യാമ്പില്‍ മൃതദേഹങ്ങള്‍ ചുമന്നുമാറ്റുകയും വസൂരിയും കോളറയും വകവെക്കാതെ സേവനം നടത്തുകയും തിന്‍സയില്‍ തൊഴിലാളികളുടെ കള്ള ഒപ്പിട്ട് കൂലിവാങ്ങുന്ന ഉദ്യോഗസ്ഥരെ മര്യാദപഠിപ്പിക്കുകയും സാധാരണക്കാരുടെ നൂറുനൂറ് നിത്യജീവിത പ്രശ്‌നങ്ങളില്‍ ഇടപെട്ട് നീതി ലഭ്യമാക്കുകയും ഒരു വീടിന്റെ വരാന്തയില്‍ സ്‌കൂള്‍ തുടങ്ങുകയും ചെയ്ത ചരിത്രമൊന്നും ബറൂളിലെ മേല്‍ജാതിക്കാര്‍ക്ക് ഗൗരവമുള്ളതായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ദയാബായിയെന്നാല്‍ സംഘടനകളുടെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലമോ സാമ്പത്തികശേഷിയോ ഇല്ലാത്ത വാര്‍ധക്യത്തിലെത്തിയ ഒരു സ്ത്രീ. അതും അപകടകാരി.

കന്നുകാലികളെ സ്ഥിരമായി പുരയിടത്തിലേക്ക് അഴിച്ചുവിടുന്നതായിരുന്നു പ്രധാന ആക്രമണം. അവയെ പിടിച്ചുകെട്ടിയിട്ടാല്‍ ഉടമകള്‍ ഭാര്യമാരെ പറഞ്ഞുവിടും. ഈ സ്ത്രീകള്‍ പണിക്കാരന്‍ പയ്യനോട് മര്യാദയ്ക്ക് കന്നുകാലികളെ അഴിച്ചുവിട്, അല്ലെങ്കില്‍ നിന്റെ പേരില്‍ ബലാത്സംഗക്കുറ്റത്തിന് പരാതി കൊടുക്കും എന്നു ഭീഷണിപ്പെടുത്തും. രാത്രിയില്‍ കന്നുകാലികളെ അഴിച്ചിവിട്ടു വിളതീറ്റുന്നതു പതിവായി. ഉപദ്രവങ്ങള്‍ കൂടിക്കൂടി വന്നു. അതിരിലെ മുളകള്‍ നശിപ്പിക്കുക, വേലി തകര്‍ക്കുക, ഇങ്ങനെ പലതുമായപ്പോള്‍ പൊലീസില്‍ വീണ്ടും പരാതി കൊടുത്തു. പ്രതികരണമുണ്ടായില്ല.

അതിനിടെ ഒരു ദിവസം അവരുടെ അഴിച്ചുവിട്ട എരുമകളെ അന്വേഷിച്ച് ദയാബായിയുടെ വീട്ടുപടിക്കല്‍ ബഹളമായി. സഹായം തേടിയെത്തിയ ഒരു സ്ത്രീയോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ദയാബായി. എരുമയുടെ ഉടമസ്ഥ ഒരു വടിയുമായി വന്ന് അടിക്കാനോങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ദയാബായിയെ അവര്‍ വടികൊണ്ട് പൊതിരെ തല്ലിയപ്പോള്‍ പരിഭ്രമിച്ച അത്തോസ് എന്ന വളര്‍ത്തുനായ ഇടയില്‍ ചാടിക്കയറി. നായയെയും അവര്‍ പൊതിരെ തല്ലി. അടികൊണ്ടു ദയാബായി നിലത്തുവീണപ്പോള്‍ വടികൊണ്ട് ശരീരത്തില്‍ ആഞ്ഞുകുത്തി. അക്രമിയുടെ മകന്റെ ഭാര്യയും രംഗത്തെത്തി. രണ്ടുസ്ത്രീകളും കൂടി ദയാബായിയെ മുറ്റത്തെ കല്‍ക്കൂനയ്ക്കു മുകളിലേക്ക് വലിച്ചിഴച്ചു. പട്ടി കുരച്ചുകൊണ്ട് വടിക്കും ദയാബായിക്കും ഇടയില്‍ കയറിയപ്പോള്‍ അശ്ലീലാര്‍ഥത്തില്‍ അസഭ്യം പറഞ്ഞു. രണ്ടര മണിക്കൂര്‍ നിരന്തരം തല്ലും വലിച്ചിഴയ്ക്കലും മര്‍ദനവും തുടര്‍ന്നു.

ഒരു വിധത്തില്‍ അകത്തു കയറി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ പിന്നാലെ ചെന്ന് പുറത്തിറങ്ങാതെ വടിയുമായി കാവല്‍ നിന്നു. പുരുഷന്മാര്‍ നേരിട്ടുവന്നാല്‍ സ്ത്രീപീഡനമാകുമെന്നതിനാല്‍ സ്ത്രീകളെ യുദ്ധമുറകള്‍ പരിശീലിപ്പിച്ചയച്ചതാണെന്ന് പിന്നീടു കേട്ടു. വടികൊണ്ട് ശരീരത്തില്‍ കുത്തുകയും മാറിടത്തില്‍ പിടിച്ചുവലിക്കുകയും നിനക്ക് എത്രപേരെ വേണമെന്ന് അധിക്ഷേപിക്കുകയും അഞ്ചുമണിക്ക് ഹരൈയിലേക്കുള്ള അവസാന ബസ് പോകുന്നതുവരെ ഇതു തുടരുകയും ചെയ്തു. നല്ല യൗവനത്തില്‍ കുഷ്ഠരോഗികള്‍ക്കും അഗതികള്‍ക്കും ചേരിനിവാസികള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുകയും ലൈംഗിക താത്പര്യം പ്രകടിപ്പിച്ച ഒരു പാതിരിയോടുള്ള രോഷത്തില്‍ മെഴുകുതിരി കത്തിച്ച് സ്വന്തം ശരീരം പൊള്ളിക്കുകയും ചെയ്ത, ദേശീയ അവാര്‍ഡ് നേടിയ സാമൂഹിക പ്രവര്‍ത്തകയെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആ സംഭവം വിവരിക്കുമ്പോഴൊക്കെ ദയാബായിയുടെ മുഖം അപമാനംകൊണ്ട് പുകയും. ”ആ സ്ത്രീകള്‍ പോയതിനുശേഷം ഞാനിരുന്നു പൊട്ടിക്കരഞ്ഞു. അപ്പോള്‍ അത്തോസ് എന്റെ അടുത്തുവന്ന് മുന്‍കാലുകള്‍ ചുമലിലേക്ക് ഉയര്‍ത്തിവെച്ച് മുഖത്തുനിന്നു കണ്ണീരു നക്കിമാറ്റി. അതെനിക്കു മറക്കാന്‍ വയ്യ. അത്ര മനുഷ്യത്വം മൃഗത്തിനുപോലുമുണ്ട്. അന്നു ഞാനോര്‍ത്തു- ഇനി ജീവിതം വേണ്ട. മറ്റുള്ളവര്‍ക്ക് ഹ്യൂമന്‍ ഡിഗ്‌നിറ്റി കൊടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. ആ ഡിഗ്‌നിറ്റി എനിക്കുപോലും കിട്ടുന്നില്ലെങ്കില്‍ എന്റെ പരിശ്രമങ്ങള്‍ക്ക് എന്തു പ്രയോജനം?”

ദയാബായിയുടെ വീട്ടില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ഗ്രാമത്തിലേക്കു പോയ ഒരാള്‍ ആ സമയത്തു തിരിച്ചെത്തി. അയാളുടെ കൈയില്‍ ഹരൈയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ചെറുപ്പക്കാര്‍ക്ക് ദയാബായി ഒരു കത്തുകൊടുത്തുവിട്ടു. ‘കാണുകയോ സംസാരിക്കുകയോ വേണമെങ്കില്‍ ഇപ്പോള്‍ വരണം; നാളെയാണെങ്കില്‍ വളരെ വൈകിപ്പോയെന്നു വരും’ എന്നായിരുന്നു കത്ത്. അന്വേഷിച്ചെത്തിയ ചെറുപ്പക്കാര്‍ ഉടനെ ഹരൈയില്‍ പോയി പൊലീസില്‍ പരാതിപ്പെടണമെന്ന് നിര്‍ബന്ധിച്ചു. അവരോടൊപ്പം രാത്രി പതിനൊന്നു മണിയോടെ ഹരൈയില്‍ എത്തി പരാതികൊടുത്തു. മെഡിക്കല്‍ പരിശോധന നടത്തി, മടങ്ങിയെത്തി. രാത്രി പൊലീസ് പെട്രോളിങ് നടത്തി. പിറ്റേന്ന് പൊലീസെത്തി അക്രമികളെ വിളിച്ചുകൊണ്ടു പോകുന്നതു കണ്ടു. അവര്‍ തിരികെ വരുന്നതും കണ്ടു.

സംഭവം കോടതിയിലെത്തിയപ്പോഴായിരുന്നു യഥാര്‍ഥ അപമാനം. എതിര്‍ഭാഗം വക്കീലും മറ്റു ചില അഭിഭാഷകരും ഒത്തുതീര്‍പ്പിനു നിര്‍ബന്ധിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് വാദിക്കുവേണ്ടി ആരുമില്ല. ഓരോ വക്കീലിനോടും ജഡ്ജി പറഞ്ഞു. നിങ്ങള്‍ ആയിക്കോ വക്കീല്‍. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ഇവര്‍ സൗത്ത് ഇന്ത്യന്‍ ആണ്. ദയാബായി ഇടപെട്ടു. ഒബ്ജക്ഷന്‍- മേം ഭാരതീയ ഹും. തനിക്കുനേരിട്ട പീഡനങ്ങള്‍ വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ ദയാബായി പൊട്ടിക്കരഞ്ഞു. ജഡ്ജി ക്ഷോഭിച്ചു-എന്തിനാ കരയുന്നത്? ഇതു കോടതിയാണ്. എതിര്‍ഭാഗക്കാര്‍ക്കുവേണ്ടി ഫോറസ്റ്റ് ഗാര്‍ഡ് വീട്ടില്‍ചെന്നു മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചെന്ന് സാക്ഷികളിലൊരാള്‍ എഴുതിക്കൊടുത്തതുപോലും പരിഗണിക്കപ്പെട്ടില്ല.

”അതുകഴിഞ്ഞ് ഞാന്‍ ആ ജഡ്ജിക്ക് ഒരു കത്തെഴുതി. മറുപടിയുണ്ടായില്ല. പക്ഷേ, മുന്‍പ് കാണാതായ ഒരു ആദിവാസി പെണ്‍കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് എന്നെ പരിചയമുള്ള ഒരു അഭിഭാഷകന്‍ ഈയിടെ ഹൈക്കോടതിയില്‍ ജഡ്ജിയായി. അദ്ദേഹത്തിന് എന്റെ കത്തിന്റെ കോപ്പി ഞാന്‍ അയച്ചുകൊടുത്തു. ‘ഇത്രയും വിദ്യാഭ്യാസവും അംഗീകാരവുമുള്ള എന്റെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ കോടിക്കണക്കിന് പാവപ്പെട്ട ഗ്രാമീണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?’ ആ കത്ത് അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ അടുത്ത് എത്തിച്ചു. ഇപ്പോള്‍ കേസ് റീഓപ്പണ്‍ ചെയ്യുകയാണ്. അദ്ദേഹം വിചാരിച്ചതുകൊണ്ടു മാത്രം നീതികിട്ടുമോ എന്നെനിക്ക് തീര്‍ച്ചയില്ല. മുകളിലല്ല, താഴെത്തട്ടില്‍ നിത്യജീവിതത്തിലാണ് നമുക്ക് നീതി അത്യാവശ്യം…”

ഭീകരമായ അനുഭവങ്ങള്‍ പോലും കുട്ടിത്തത്തോടെ വിവരിച്ച് ചിരിയുണര്‍ത്താന്‍ ദയാബായിക്കു കഴിയും. എതിരാളികളുടെ ഒരു പ്രചാരണം മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ദയാബായിയെക്കുറിച്ച് ദൂരദര്‍ശന്‍ നിര്‍മിച്ച ഡോക്യുമെന്ററി ഹരൈയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു. അന്ന് ഒരാള്‍ ആരോപണമുയര്‍ത്തി: ”ഇവളുടെ പണി മതപരിവര്‍ത്തനം മാത്രമാണ്”. ദയാബായിയെ അനുകൂലിക്കുന്ന ചിലര്‍ അയാളോടു പറഞ്ഞു- ”അങ്ങനെ അവര്‍ മതപരിവര്‍ത്തനം നടത്തിയ ഒരാളെ കൂട്ടിക്കൊണ്ടുവാ, ഞങ്ങള്‍ ഒരുലക്ഷം രൂപ തരാം”. വളരെ ഗൗരവത്തില്‍ ദയാബായി അവരോടു ചോദിച്ചു. അതെങ്ങനെയാണ് നിങ്ങള്‍ ഒരുലക്ഷം വെച്ചു കൊടുക്കുന്നത്, എത്രലക്ഷം കൊടുക്കേണ്ടിവരും? മറ്റൊരിക്കല്‍ ദയാബായിയുടെ എതിരാളികളിലൊരാളുടെ മകന്‍ സന്ദര്‍ശനത്തിനെത്തി. ”മാഡം, ഞാന്‍ നിങ്ങളുടെ കൂടെ കൂടാനാണ് വന്നത്. എനിക്കെന്തെങ്കിലും പണി തരണം, ഞാന്‍ നിങ്ങളുടെ കൂടെ നിന്നോളാം”. അതൊന്നും വേണ്ടെന്നു പറഞ്ഞപ്പോള്‍ എന്നാല്‍പ്പിന്നെ എനിക്കെന്തെങ്കിലും പുസ്തകം വായിക്കാന്‍ താ എന്നായി പയ്യന്‍. ദയാബായി അകത്തുപോയി പുസ്തകവുമായി തിരിച്ചുവന്നു:- ഇന്ത്യന്‍ ഭരണഘടന!

”ഞങ്ങള്‍ക്ക് രോഗമാണ്, അതു മാറാന്‍ നിങ്ങളുടെ മതത്തില്‍ ചേര്‍ത്തുതരണം എന്നു പറഞ്ഞ് ചിലര്‍ വന്നിട്ടുണ്ട്. ഞാന്‍ ചോദിക്കും, നിങ്ങള്‍ക്ക് അസുഖമാണെങ്കില്‍ ഡോക്ടറെ കാണണം. അതിനുപകരം എന്റെ മതത്തില്‍ ചേര്‍ന്നിട്ടെന്താ? പലരും ആ പേരില്‍ എന്നെ കുടുക്കാന്‍ നോക്കി. എനിക്കൊരു മതമേയുള്ളൂ. മനുഷ്യമതം. അതിനെക്കുറിച്ചേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.”

ഈ അനുഭവങ്ങള്‍ക്കെല്ലാം ശേഷവും പെട്ടെന്ന് ചിരിക്കാനും പെട്ടെന്ന് കരയാനും വീണ്ടും സ്വപ്നം കാണാനും ദയാബായിക്കു സാധിക്കുന്നല്ലോ എന്നതാണ് എന്റെ അത്ഭുതം. നാഴികകള്‍ക്കപ്പുറത്തുനിന്ന് വരുന്ന ആ ഫോണ്‍വിളികള്‍ വളര്‍ത്തുപശുവിന്റെ കാലൊടിഞ്ഞതോ, അതിന്റെ കാല്‍ അനങ്ങാതിരിക്കാന്‍ നാല്പത്തെട്ടു മണിക്കൂര്‍ തൊഴുത്തില്‍ കാവലിരുന്നതോ ക്രാന്തി എന്ന പട്ടിക്കുട്ടി ചത്തുപോയതോ കാരണം പൊട്ടിക്കരച്ചിലില്‍ ആരംഭിച്ചെന്നുവരാം. ആശ്വസിപ്പിക്കാന്‍ കഴിയാതെ നമുക്ക് വാക്കുകള്‍ നഷ്ടപ്പെട്ടെന്നു വരാം.

ആറ്റുനോറ്റു വളര്‍ത്തിയെടുത്ത ഓമനപുത്രി കോണ്‍വെന്റില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും യുദ്ധമുഖത്തു സേവനത്തിനു പുറപ്പെട്ടപ്പോഴും തടയാതിരുന്ന പുല്ലാട്ട് മാത്യുവിന്റെ മുന്‍പിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ എത്തിയ നിമിഷം ആത്മകഥയിലുണ്ട്. വര്‍ഷങ്ങള്‍ക്കിടയില്‍ മകള്‍ തനി ആദിവാസിയായി മാറിക്കഴിഞ്ഞിരുന്നു. പപ്പ മകളെ ഒന്നു നോക്കി. ഇത്രയും വേണമായിരുന്നോ എന്ന് കണ്ഠമിടറി. മകള്‍ തിരിഞ്ഞ് വാതിലിനുമേല്‍ തറച്ചുവെച്ച ക്രൂശിത രൂപത്തിലേക്കു ചൂണ്ടി പപ്പാ, ഇത്രയും വേണമായിരുന്നോ എന്നു തിരിച്ചുചോദിച്ചു. പപ്പ മറുപടി പറഞ്ഞില്ലെങ്കിലും മുഖം തിരിച്ച് കരഞ്ഞു. ‘തിന്‍സ കി റാണി’യായി കുതിരപ്പുറത്തു കയറി കാട്ടിലൂടെ യാത്രചെയ്തിട്ടുള്ള ധീരശൂരപരാക്രമിയാണെങ്കിലും ആ നിമിഷം വിവരിക്കുമ്പോള്‍ ദയാബായി വിങ്ങിക്കരയും.

എം.എസ്.ഡബ്ല്യുവിനു പഠിക്കുന്ന കാലത്ത് റെയില്‍വേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോള്‍ ഒരു പൊലീസുകാരന്‍ രണ്ടുതവണ ശരീരത്തിലേക്കു മുറുക്കിത്തുപ്പിയ കഥ പറയുമ്പോഴും ദയാബായി കരയും. ഡല്‍ഹിയില്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍ അടുത്തുവന്നിരുന്ന ഉദ്യോഗസ്ഥന്‍ ജോലിതരാം, സിനിമയ്ക്കു കൊണ്ടുപോകാം, നാളെ ഇതേ സ്ഥലത്തു നിന്നാല്‍ മതിയെന്നു പറഞ്ഞതും ‘അയാം എ ലോയര്‍, പാവപ്പെട്ട സ്ത്രീകളെ ഇതുപോലെ ചൂഷണം ചെയ്യുന്നതു ഇന്നത്തോടെ നിര്‍ത്തിക്കോ’ എന്ന് ആക്രോശിച്ചതു വിവരിക്കുമ്പോഴും എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് തന്നെ റയില്‍വേ കോണ്‍സ്റ്റബിള്‍ ലാത്തിവീശി ഓടിച്ചത് ഓര്‍ത്തെടുക്കുമ്പോഴും ‘മേഴ്‌സീ, ദൈവത്തെയോര്‍ത്ത് ഈ നാലാംതരം വേഷമൊന്നു മാറ്റ്’ എന്ന സഹോദരന്റെ വാക്കുകള്‍ പങ്കുവെക്കുമ്പോഴും ദയാബായി കരയും. തന്റെ വസ്ത്രങ്ങള്‍ വിലയേറിയതായിരുന്നെങ്കില്‍ ആഭരണങ്ങള്‍ വിലകൂടിയവയായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് അരിശംകൊള്ളും. പക്ഷേ, തുണയ്ക്കാരുമില്ലാത്ത ഒരു കൃഷിക്കാരിയെന്ന നിലയില്‍ താനനുഭവിച്ച പീഡനങ്ങള്‍ ഒരുകൂട്ടം പൗരന്മാര്‍ കളിതമാശയായി ആസ്വദിച്ച കോടതിമുറിയുടെ ഓര്‍മയിലുള്ള കണ്ണുനീരാണ് ഏറ്റവും ഹൃദയഭേദകം.

കാരണം, ആ കണ്ണുനീരോ രോഷമോ അവര്‍ക്കുവേണ്ടിയല്ല. ദയാബായിക്കു സ്വന്തമായി യാതൊന്നും ആവശ്യമില്ല. ആവശ്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഈ വിധം സ്വയം ഡീക്ലാസ് ചെയ്യേണ്ടതില്ലായിരുന്നു. സുര്‍ളാകാപയിലെ വിധവയുടെ വീട്ടുവരാന്തയില്‍ കിടക്കുകയും ഫോറസ്റ്റ് അധികൃതര്‍ നടത്തുന്ന കൂലിതട്ടിപ്പു കണ്ടുപിടിക്കാന്‍ ആദിവാസികളോടൊപ്പം പണിക്കുപോകുകയും ചെയ്യേണ്ടതില്ലായിരുന്നു. ഏതെങ്കിലും വന്‍കിട കമ്പനിയില്‍ ഉദ്യോഗമോ സഭയോടൊപ്പം നിന്ന് മികച്ച പദവിയോ സ്വന്തമായി എന്‍.ജി.ഒ തുടങ്ങി കോടിക്കണക്കിനു വരുമാനമോ- ദയാബായിയുടെ മുന്‍പില്‍ എത്രയോ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ ക്ലാസെടുത്തുകിട്ടുന്ന തുകയാണ് അവരുടെ ജീവിതമാര്‍ഗം. അവാര്‍ഡ് കിട്ടിയ തുക വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളില്‍ വാട്ടര്‍ഷെഡ് പദ്ധതി നിര്‍മിക്കാനാണ് ദയാബായി ചെലവിട്ടത്.

സ്ത്രീശാക്തീകരണത്തിന്റെ രാഷ്ട്രീയ വിടുവായത്തങ്ങള്‍ക്കതീതമായി, അരനൂറ്റാണ്ടിലേറെനീണ്ട പ്രവര്‍ത്തനത്തിലൂടെ ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ പിന്‍ബലമില്ലാതെ ഒരു ജനസമൂഹത്തില്‍ മാറ്റം സൃഷ്ടിച്ച സ്ത്രീ. പണമുണ്ടായിരുന്നെങ്കില്‍ പിന്‍ബലമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുമായിരുന്നോ ദയാബായിക്ക്? എഴുപതാം വയസ്സിലും അവിശ്വസനീയ നര്‍മബോധമുള്ള, അതിലേറെ കാവ്യഭാവനയുള്ള, അടിമുടി കലാകാരിയായ, തൊടുന്നതെന്തിലും സര്‍ഗചേതനയുടെ സൗന്ദര്യം ചേര്‍ക്കുന്ന ഒരു സ്ത്രീ. ചെടികളോടും പക്ഷികളോടും വളര്‍ത്തുമൃഗങ്ങളോടും സംസാരിച്ചും അവരെ ലാളിച്ചും മണ്ണിനെ പുന്നാരിച്ചും സ്വന്തം ജീവിതം ആഘോഷിക്കുന്ന ഒരു സ്ത്രീ. നമ്മളെപ്പോലെയുള്ളവര്‍ക്ക് അപകര്‍ഷതതോന്നുംവിധം സമൂഹത്തിന്റെ വിശാലനന്മയെക്കുറിച്ച് മനസ്സുനിറയെ സ്വപ്നങ്ങളും ആശയങ്ങളും അതു നടപ്പാക്കാന്‍ കര്‍മശേഷിയും അപാരമായ ആത്മധൈര്യവുമുള്ള ഒരു സ്ത്രീ. ആ സ്ത്രീയാണ് പറയുന്നത്, ജീവിക്കണോ വേണ്ടയോ എന്നതാണ് എന്റെ ഇപ്പോഴത്തെ ചോദ്യം. അതിന് അവാര്‍ഡും വേണ്ട, ഒന്നും വേണ്ട. ഹ്യൂമന്‍ റൈറ്റ്‌സ് ഷുഡ് ബീ പ്രൊട്ടക്ടഡ്…

ദയാബായിക്ക് ജീവനുപേക്ഷിക്കുക സാധ്യമല്ല. കാരണം, സഹായംതേടി ആരെങ്കിലും ആ മണ്‍കുടിലിന്റെ മുന്‍പില്‍ ഇന്നുമെത്തും. വിലകുറഞ്ഞ സാരിയും ചിത്രപ്പണികളുള്ള ബ്ലൗസും ധരിച്ച് സൂര്യാഘാതവും കൊടും ശൈത്യവും വകവെക്കാതെ സഞ്ചിയും തൂക്കി അത്തോസ് എന്ന വളര്‍ത്തു നായയോട് യാത്രപറഞ്ഞ് അവര്‍ ഇറങ്ങിപ്പുറപ്പെടും. അവര്‍ മടങ്ങിയെത്തുന്നതുവരെ ഓരോ വാഹനത്തിനും കാതോര്‍ത്ത് അത്തോസ് വീട്ടുമുറ്റത്ത് കാത്തുകിടക്കും. ദയാബായിയുടെ ജീവിതം തുടരാന്‍ ഊപ്പര്‍വാല ഓരോ കാരണം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതിനിടെ നാം അവര്‍ക്ക് അവാര്‍ഡുകള്‍ നല്കും. അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കും. അവര്‍ക്കുവേണ്ടി കയ്യടിക്കും. അതുകഴിഞ്ഞ് കുഴിഞ്ഞ കണ്ണുകളും വിണ്ടുകീറിയ പാദങ്ങളും വിലകുറഞ്ഞ വസ്ത്രങ്ങളുമുള്ളവരെ വീണ്ടും വീണ്ടും ചവിട്ടിയരച്ച് ജനാധിപത്യം ആഘോഷിക്കുകയും ചെയ്യും.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത് )