മഹത്തായൊരു സന്ദേശം ഭൂമിക്കു സമ്മാനിച്ചു പ്രിന്‍സ് യാത്രയായി

prince

തിരുവനന്തപുരം: രക്താര്‍ബുദ പ്രതിസന്ധികളെയും ജീവിതത്തെയും ധീരമായി പ്രതിരോധിച്ചുനിന്ന രാജകുമാരന്‍ ഒടുവില്‍ യാത്രയായി. തൃശൂര്‍ ഇനിഷ്യേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്ന പ്രിന്‍സ് (19) ഈ ലോകം വിട്ടുപോകുമ്പോള്‍ അര്‍ബുദത്തിനു മുന്നില്‍ കീഴടങ്ങി എന്ന പതിവു ശൈലി ഉപയോഗിക്കുന്നില്ല. അതു പ്രിന്‍സ് എന്ന നക്ഷത്രക്കണ്ണുള്ള കുട്ടിയോടു ചെയ്യുന്ന അനീതിയാകും. പ്രിന്‍സ് ജീവിച്ചതും ഇളംപ്രായത്തില്‍ മാരകമായ അര്‍ബുദ രോഗത്തോട് ഒറ്റയ്ക്കു ധീരമായി പടവെട്ടിനിന്നതും മരിച്ചതും ഒന്നും കേരളം അറിഞ്ഞില്ല.

ജീവരക്ഷയ്ക്കും ധീരതയ്ക്കും ഭാരതം നല്‍കി വരുന്ന മെഡലിന്റെയും മാനദണ്ഡങ്ങളില്‍ പ്രിന്‍സിന്റെ ത്യാഗവും  ധീരതയും കടന്നു വരാത്തതുകൊണ്ടുതന്നെ പ്രിന്‍സ് വാര്‍ത്തകളിലെ താരമായില്ല.    ആര്‍സിസിയിലെ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ആശ്രയ’ പ്രസിഡന്റായ  ശാന്താ ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്കു അദ്ഭുതമായിരുന്നു കൊച്ചുപ്രിന്‍സ്. ആറു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ആര്‍സിസിയിലെ ലിഫ്റ്റില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന കാന്‍സര്‍ രോഗിയായ പ്രിന്‍സിനെ ശാന്താ ജോസ് കാണുന്നത്.

രക്താര്‍ബുദത്തിനുള്ള ചികിത്സതേടി എത്തിയതായിരുന്നു പ്രിന്‍സ്. പ്രായമായ അമ്മാമ്മയ്ക്കു നടക്കാന്‍ പ്രയാസമുള്ളതിനാല്‍ അമ്മാമ്മയെ ആശുപത്രിയുടെ മുന്‍വശത്തിരുത്തിയ ശേഷം പ്രിന്‍സ് ഒറ്റയ്ക്കു ചികിത്സതേടി നടക്കുകയായിരുന്നു! സഹായിക്കാനും താങ്ങാനും ബന്ധുക്കളും കൂട്ടിരിപ്പുകാരും ഉള്ള സമ്പന്നര്‍ പോലും പകച്ചുപോകുന്ന സന്ദര്‍ഭത്തില്‍ കൈയില്‍ കാശില്ലാതെ ആരെ കാണണമെ ന്നോ എങ്ങനെ ചികിത്സ തേടണമെന്നോ അറിയാത്ത എട്ടാം ക്ലാസുകാരനായ ബാലന്‍ ധൈര്യം മാത്രം കൈമുതലായി    ലിഫ്റ്റില്‍ ഒറ്റയ്ക്ക്… “തീരെ പൊക്കമോ വണ്ണമോ ഇല്ലാത്ത കുട്ടി. ഒറ്റയ്ക്കു നില്‍ക്കുന്നതു കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടുപോയി.” എന്നാണ് ശാന്താ ജോസ് പറഞ്ഞത്.

എപ്പോഴോ പ്രിന്‍സ് അവന്റെ കഥ പറഞ്ഞു. മാനസിക ദൗര്‍ബല്യമുള്ള അച്ഛന്‍, പ്രതികരിക്കാനുള്ള ബുദ്ധി പോലും  ആര്‍ജിക്കാത്ത അമ്മ. അച്ഛന്റെ മരുന്നു മുടങ്ങിയാല്‍ ആള്‍ അപകടകാരിയാകും. കാണുന്നതെല്ലാം തല്ലിത്തകര്‍ക്കും. കുടുംബം പുലര്‍ത്താനും അപ്പനു മരുന്നു വാങ്ങാനുമായി കുട്ടിക്കാലം മുതല്‍ പ്രിന്‍സ് ഓരോരോ ജോലികള്‍ ചെയ്തു തുടങ്ങി.

അച്ഛന്റെ സഹോദരന്റെ പോത്തുകളെ നോക്കുന്ന ചുമതലയും കുറെക്കാലം അവനുണ്ടായിരുന്നു. അവിടെ വച്ചാണു രക്താര്‍ബുദത്തിന്റെ ലക്ഷണം ആദ്യം തുടങ്ങുന്നത്. വിട്ടുമാറാതെയുള്ള പനി, ക്ഷീണം. പോത്തിനെ നോക്കുന്നതുകൊണ്ടുണ്ടായ രോഗമെന്ന് എല്ലാവരും പറഞ്ഞു. പ്രിന്‍സും അതു വിശ്വസിച്ചു. ഒടുവില്‍ ഒരു ദിവസം കാട്ടുവഴിയില്‍ ബോധം കെട്ടുവീണു.

തൃശൂരിലെ അമല ആശുപത്രിയില്‍നിന്നു തിരുവനന്തപുരം ആര്‍സിസിയിലേക്ക്. പ്രിന്‍സിന്റെ കഥയറിഞ്ഞ ‘ആശ്രയ’ കുട്ടിയെ കൂടുതല്‍ ശ്രദ്ധിച്ചു. പഠിക്കാനുള്ള സഹായം നല്‍കി. പ്രിന്‍സിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന സഹോദരി പ്രിന്‍സിയുടെ വിവാഹത്തിനും സഹായിച്ചു.    ഇതിനിടയില്‍ പറയട്ടെ, പഠിക്കാന്‍  മിടുക്കനായിരുന്നു പ്രിന്‍സ്. പഠിച്ചിരുന്ന മേരി മാത ഹൈസ്‌കൂളില്‍നിന്നു ലഭിക്കുന്ന സഹായവും ആശ്രയ നല്‍കുന്ന പഠനസഹായവും അവനു തുണയായി.

പത്താം ക്ലാസില്‍ 72 ശതമാനം മാര്‍ക്കോടെ വിജയിച്ചു. 2013 മേയ് 25ന് ആശ്രയ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിലാണു ‘’ദീപിക’’യ്ക്കുവേണ്ടി പ്രിന്‍സിനെ കാണുന്നത്. തന്റെ രോഗമോ തുടര്‍വിദ്യാഭ്യാസമോ ഒന്നുമല്ല പ്രിന്‍സിനെ അലട്ടിയിരുന്നത്. അപ്പന്‍, അമ്മ, കുടുംബം അതൊരു വലിയ ചോദ്യമായി അവനില്‍ നീറുകയായിരുന്നു. തൃശൂര്‍  ജില്ലയിലെ ഒരുള്‍പ്രദേശത്താണു വീട്. കാട്ടുവഴിയിലൂടെ ദീര്‍ഘദൂരം നടന്നാലെ സ്‌കൂളില്‍ എത്താന്‍ കഴിയൂ.

ഒരു വാഹനം കിട്ടണമെങ്കിലും കിലോമീറ്ററുകള്‍ നടക്കണം. ഇടിഞ്ഞുപൊളിഞ്ഞ വീട് പഞ്ചായത്തിന്റെ സഹായംകൊണ്ടു കല്ലുവച്ചു കെട്ടിയ കഥയും പ്രിന്‍സ് തന്നെ പറഞ്ഞു. കല്ലു കെട്ടി വാര്‍ത്തിട്ടിരിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രയോ പണം വേണം. പ്രിന്‍സിന്റെ അവസാന വാക്കുകളില്‍ വേദനയുണ്ടായിരുന്നു.

പക്ഷേ, ഉറച്ചതായിരുന്നു. “തുടര്‍ന്നു പഠിച്ചാല്‍ നല്ല മാര്‍ക്കുവാങ്ങാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, എന്റെ മുന്നില്‍ ഇനി സമയം ഇല്ലല്ലോ.. എനിക്കറിയാം ഞാന്‍ അധികം താമസിയാതെ അവസാനിക്കും. അപ്പോള്‍ എന്റെ സുഖമില്ലാത്ത അപ്പനും അമ്മയും എങ്ങനെ ജീവിക്കും? അതുകൊണ്ടു കിട്ടുന്ന സമയം നന്നായി അധ്വാനിച്ചു കുറച്ചു രൂപ ഉണ്ടാക്കണം. ഇപ്പോള്‍ ഒരു ചെറിയ ആട്ടിന്‍കുട്ടിയെ വാങ്ങിയിട്ടുണ്ട്. ഇനി എന്തെങ്കിലും കൂടി വാങ്ങി അപ്പനും അമ്മയ്ക്കും നല്‍കണം.”

പക്ഷേ, കാലം അതിനു പ്രിന്‍സിനു സമയം കൊടുത്തില്ല. രോഗം രണ്ടാംഘട്ടത്തിലേക്കും മൂന്നാംഘട്ടത്തിലേക്കും  കരുണ കൂടാതെ കടന്നു. പ്രിന്‍സിന്റെ ഈ പോരാട്ടങ്ങളെ അടുത്തുനിന്നറിഞ്ഞ ആശ്രയയും ആര്‍സിസിയിലെ  ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഒപ്പം കരുതലോടെ നിന്നു. തിരുവനന്തപുരത്തെ അവസാന നാളുകളില്‍ താമസിക്കാനുള്ള സൗകര്യം ‘കാരുണ്യ വിശ്രാന്തി ഭവനും’ദേവ കി വാര്യരുടെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന ‘ശ്രദ്ധയും പ്രിന്‍സിനു നല്‍കി. ശ്വേത രക്താണുക്കള്‍ വിട്ടു മാറാതെനിന്ന് ആ പിഞ്ചു ശരീരത്തെ തളര്‍ത്തി. ചികിത്സ കൊണ്ടൊന്നും ഫലമില്ലെന്ന അവസ്ഥയില്‍ തൃശൂരിലേക്കു പ്രിന്‍സിനെ ഈ ഡിസംബറില്‍  കൊണ്ടുപോയി.

തിരുവനന്തപുരത്തുനിന്നു യാത്രതിരിക്കും മുന്‍പ് ‘ആശ്രയയുടെ ആഭിമുഖ്യത്തില്‍ ആര്‍സിസിയില്‍ പ്രിന്‍സിന്റെ  19-ാം പിറന്നാളും ആഘോഷിച്ചു. പ്രിന്‍സിനെ ആദ്യം ചികിത്സിച്ചിരുന്ന പീഡിയാട്രിക് ഡോക്ടര്‍മാരും പിന്നീടു ചികിത്സിച്ച പാലിയേറ്റീവ് വിഭാഗം ഡോക്ടര്‍മാരും നഴ്‌സുമാരും അന്തേവാസികളും എല്ലാം ചേര്‍ന്നു നല്‍കിയ സ്‌നേഹ സമ്മാനം.

ഒരു പക്ഷേ പ്രിന്‍സിന്റെ ആദ്യത്തെയും അവസാനത്തെയും പിറന്നാള്‍ ആഘോഷമായിരിക്കാമത്. ‘ആശ്രയ’ തുടങ്ങിയ ആ സ്‌നേഹച്ചങ്ങലയുടെ ഫലമെന്നോണം തൃശൂരില്‍ പ്രിന്‍സിന്റെ അമ്മാമ്മയുടെ സഹോദരനും സഹായിക്കാനെത്തി. അതുകൊണ്ടുതന്നെ കുടുംബക്കാരോടൊപ്പം പ്രിന്‍സ് ക്രിസ്മസും ആഘോഷിച്ചു.

തൃശൂരിലെ പാലിയേറ്റീവ് കേന്ദ്രത്തിലെ അവസാന നിമിഷങ്ങളില്‍ സ്‌നേഹ സാന്ത്വനവുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിദഗ്ധന്‍ ഡോ. അജയനുമുണ്ടായിരുന്നു. ആശ്രയയിലെ അംഗത്തിന്റെ മകനായ ഡോ.അജയന്റെ തലോടല്‍ ഏറ്റുവാങ്ങിക്കൊണ്ടാണു പ്രിന്‍സ് കഴിഞ്ഞദിവസം നക്ഷത്രങ്ങളുടെ ലോകത്തേക്കുപോയി മറഞ്ഞതും. ഒരു ലാപ്‌ടോപ്പ് വാങ്ങി നല്‍കിയില്ലെങ്കിലോ ടിവി കാണാന്‍ അനുവദിച്ചില്ലെങ്കിലോ ജീവനൊടുക്കുന്ന കുട്ടികള്‍ക്കിടയില്‍, മദ്യവും ലഹരി മരുന്നുകളുംകൊണ്ട് ജീവനെ, ജീവിതത്തെ അമ്മാനമാടുന്ന കൗമാരക്കാര്‍ക്കിടയിലാണു പ്രിന്‍സ് ജീവിച്ചത്.

സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളുടെ നടയിലും ഉപേക്ഷിക്കുന്ന മക്കള്‍ പ്രിന്‍സിനെ ഇനിയെങ്കിലും അറിയണം. അതിമാരകമായ ബ്ലഡ് കാന്‍സറിനോടു പൊരുതുമ്പോഴും പ്രിന്‍സിന്  ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അപ്പനും അമ്മയ്ക്കും വേണ്ടി എന്തെങ്കിലും കരുതിവയ്ക്കണം. അധികമാരും അറിയാത്ത പ്രിന്‍സിന്റെ കൊച്ചുജീവിതം നല്‍കിയ ആ സന്ദേശമെങ്കിലും വരും തലമുറകള്‍ മറക്കാതിരിക്കട്ടെ.

Source