സ്‌നേഹ സംഗീതവുമായി ജി.എസ്‌.സി.

gsc

ഹൂസ്റ്റണ്‍: ജനനവും ജീവിതവും മരണവും അത്ഭുതമാക്കിയ ക്രിസ്‌തുദേവന്റെ തിരുപ്പിറവിയുടെ സ്‌നേഹസന്ദേശവുമായി ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ (ജി.എസ്‌.സി ഹൂസ്റ്റണ്‍) വിവിധ അസിസ്റ്റഡ്‌ ലിവിംഗ്‌ സെന്ററുകളും, റീഹബിലിറ്റേഷന്‍ സെന്ററുകളും സന്ദര്‍ശിച്ചു.

1996-ല്‍ ഒരു ചെറിയ ക്രിസ്‌ത്യന്‍ പഠന സംഘമായി തുടങ്ങിയ ജി.എസ്‌.സി ഹൂസ്റ്റണ്‍ എന്ന രജിസ്‌ട്രേഡ്‌ നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനില്‍ കേരളത്തിലെ എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളും വിശ്വാസത്തിന്റേയോ, സഭയുടേയോ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ തന്നെ ഏക മനസോടെ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി കരോള്‍ ശുശ്രൂഷ നടത്തിവരുന്ന ജി.എസ്‌.സി ഹൂസ്റ്റണ്‍ നേഴ്‌സിംഗ്‌ ഹോമുകളിലെ അന്തേവാസികള്‍ക്ക്‌ കുട്ടികള്‍ വളരെ കലാപരമായി എഴുതിയുണ്ടാക്കിയ ക്രിസ്‌മസ്‌ കാര്‍ഡുകള്‍ നല്‍കുകയുണ്ടായി. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ കുടുംബ സമേതം ചേര്‍ന്ന്‌ നടത്തിയ കരോള്‍ സംഘം വിവിധതരം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഇംഗ്ലീഷിലും, മലയാളത്തിലും ക്രിസ്‌മസ്‌ ഗാനങ്ങള്‍ ആലപിക്കുകയും വേദപുസ്‌തക പാരായണം നടത്തുകയും, ലോക സമാധാനത്തിനുവേണ്ടിയും, വാര്‍ദ്ധക്യത്തിലായിരിക്കുന്നവരുടെ ആയുരാരോഗ്യത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതിനായും സമയം കണ്ടെത്തി.

ഹൂസ്റ്റണ്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി ആതിഥേയത്വം നല്‍കിയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും കരോള്‍ സംഘം സമ്മാനപ്പൊതികള്‍ വിതരണം ചെയ്യുകയും ക്രിസ്‌മസ്‌ ആശംസകള്‍ നേരുകയും ചെയ്‌തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നേഴ്‌സിംഗ്‌ ഹോമുകള്‍ സന്ദര്‍ശിക്കാനുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ കരോള്‍ സംഘം മടങ്ങിയത്‌.

ഈവര്‍ഷത്തെ കരോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വൈവിധ്യമുള്ളതാക്കി തീര്‍ക്കാന്‍ നിസ്വാര്‍ത്ഥമായി സേവനം അനുഷ്‌ഠിച്ച ജി.എസ്‌.സി ഹൂസ്റ്റണ്‍ മ്യൂസിക്‌ ഡയറക്‌ടര്‍ സതീഷ്‌ രാജനെ കരോള്‍ സംഘം പ്രത്യേകം ആദരിക്കുകയും, പ്രസിഡന്റ്‌ പി.കെ. രാജന്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ ഏഴു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

ബൈജു കുഞ്ഞുമോന്‍, സിറില്‍ രാജന്‍, ജോര്‍ജ്‌ കൊച്ചുമ്മന്‍, സാബു പുന്നൂസ്‌, തോമസ്‌ വര്‍ഗീസ്‌, ആനി ജോര്‍ജ്‌, ജെസി സാബു എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കി.