ഫാ. ഡോ. ഒ. പി. വര്‍ഗീസ് അന്തരിച്ചു

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ മുൻ ജനറൽ സെക്രട്ടറി ആയും മലങ്കര സഭയുടെ മുൻ മാനേജിങ് കമ്മിറ്റി അംഗവും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികനും ആയ ഫാ. ഡോ. ഒ. പി വർഗീസ് അന്തരിച്ചു.

______________________________________________________________________________________

മൂവാറ്റുപുഴ കുന്നയ്ക്കല്‍ ഗ്രാമത്തില്‍ ഒറവന്‍മാരിയില്‍ പരേതരായ ഒ. പി. പൗലോസിന്‍റെയും മറിയാമ്മ പൗലോസിന്‍റെയും മകനായി 1951 ഒക്ടോബര്‍ 20-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1968-ല്‍ മെട്രിക്കുലേഷന്‍ പാസ്സായി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി. യും, ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നു ജി.എസ്.റ്റി. യും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ഡി. യും കരസ്ഥമാക്കി. കാലം ചെയ്ത സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, ബ്രഹ്മവാര്‍ ഭദ്രാസന ഇടയന്‍ യാക്കോബ് മാര്‍ ഏലിയാസ്, അങ്കമാലി ഭദ്രാസന ഇടയന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് എന്നിവര്‍ സെമിനാരിയിലെ സഹപാഠികളാണ്. 2009-ല്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.

1970-ല്‍ യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന് യൗപ്പദ്യക്നോ പട്ടവും, 1991-ല്‍ ജോസഫ് മാര്‍ പക്കോമിയോസില്‍ നിന്ന് പൂര്‍ണ്ണ ശെമ്മാശപട്ടവും 1991 നവംബര്‍ 9-നു പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമനില്‍ നിന്ന് വൈദികപട്ടവും സ്വീകരിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ കുന്നയ്ക്കല്‍ വെസ്റ്റ് സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയാണ് മാതൃഇടവക.

1978-1984 വരെ കണ്ടനാട് ഭദ്രാസന അധിപനായിരുന്ന ജോസഫ് മാര്‍ പക്കോമിയോസിന്‍റെ സെക്രട്ടറി ആയിരുന്നു. കക്ഷിവഴക്കിന്‍റെ രൂക്ഷതയില്‍ വടക്കന്‍ പ്രദേശങ്ങളില്‍ മെത്രാപ്പോലീത്തായുടെ ഒപ്പം നിന്നു. കാതോലിക്കേറ്റ് സെന്‍ററുകളുടെ സ്ഥാപനത്തിനും അദ്ധ്യാത്മിക സംഘടനകളുടെ ഏകോപനത്തിനും സുധീരമായ നേതൃത്വം വഹിച്ചു. ഒന്നര ദശാബ്ദ കാലത്തോളം പരിശുദ്ധ പരുമല തിരുമേനിയാല്‍ വിശുദ്ധമായി വെട്ടിക്കല്‍ ദയറായില്‍ താമസിച്ച് ഇന്നു കാണുന്ന കണ്ടനാട് ഭദ്രാസനത്തിന്‍റെ കെട്ടുപണിയില്‍ പങ്കാളിയായി.

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1984-1990 വരെ മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്‍ററില്‍ അദ്ധ്യാപകനായിരുന്നു. 1990-1992 കാലയളവില്‍ വടവുകോട് ആര്‍. എം. എച്ച്. എസ്. എസ്. സ്കൂളിന്‍റെ ബോര്‍ഡിംഗ് മേട്രണ്‍-വാര്‍ഡന്‍ ആയിട്ട് പ്രവര്‍ത്തിച്ചു. മറവന്‍തുരുത്ത് മാര്‍ ഗ്രീഗോറിയോസ് അക്കാഡമി ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, മീമ്പാറ മാര്‍ പക്കോമിയോസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, പ്രമോദം അന്നദാന പദ്ധതിയുടെ ഡയറക്ടര്‍, മീമ്പാറ മാര്‍ പക്കോമിയോസ് മൗണ്ട് അരമനയുടെ മാനേജരും വികാരിയും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഒന്നര ദശാബ്ദകാലത്തോളം 2005-2010 കാലയളവില്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ആയിട്ടും സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ചു. മീമ്പാറ സെന്‍റ് തോമസ് കാതോലിക്കേറ്റ് സെന്‍ററില്‍ 1991 മുതല്‍ വികാരി ആയിരുന്നു. മുട്ടം സെന്‍റ് മേരീസ് പള്ളി, മൂലമറ്റം സെന്‍റ് ജോര്‍ജ് പള്ളി, മുളക്കുളം സെന്‍റ് പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി, ഇടമറുക് സെന്‍റ് ജോര്‍ജ് പള്ളി, പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി, മറവന്‍തുരുത്ത് മാര്‍ ഔഗേന്‍ പള്ളി എന്നീ ഇടവകകളിലും സേവനം ചെയ്തു.

എം.ഡി. സ്കൂള്‍ ആന്‍ഡ് കോര്‍പറേറ്റ് മാനേജ്മെന്‍റ് ഗവേണിംഗ് ബോര്‍ഡ് അംഗമായി 2018-2023 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസന മുഖപത്രമായ പ്രദീപ്തി മാസികയുടെ പ്രസാധകനാണ്. അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും ചരിത്രകാരനും ധ്യാനഗുരുവും ആയിരുന്നു. നിസ്വാര്‍ത്ഥമായ സഭാസ്നേഹത്തിന്‍റെ ആള്‍രൂപവും, ധീരമായ നിലപാടുകളുടെ ദര്‍ശനങ്ങളുടെയും ഉറവിടവുമായിരുന്നു അച്ചന്‍.

ഒരുകാലത്ത് മലങ്കരസഭ മാസിക, ഓര്‍ത്തഡോക്സ് യൂത്ത്, പ്രദീപ്തി, ദീപ്തി, ദൂതന്‍, പുരോഹിതന്‍ എന്നീ മാസികകളിലെ സ്ഥിരം എഴുത്തുകാരന്‍ ആയിരുന്നു.

ജോസഫ് മാര്‍ പക്കോമിയോസിന്‍റെ ജീവിതവും ദര്‍ശനവും, ജോസഫ് മാര്‍ പക്കോമിയോസിന്‍റെ തിരഞ്ഞെടുത്ത രചനകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

2023 ഏപ്രില്‍ 5-നു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. വന്ദ്യ പിതാവേ, സമാധാനത്താലെ പോയാലും.