ചില ആഗ്രഹങ്ങൾ ബാക്കിയാകും. അവ ഇനി നടക്കില്ലെന്നുകൂടി മനസ്സിലാകുമ്പോൾ ആ വേദന ഒരിക്കലും മാറാതെ നമ്മുടെ കൂടെയുണ്ടാകും. ബാവാ തിരുമേനിയെ ഓർക്കുമ്പോഴും എനിക്ക് അത്തരമൊരു വേദനയുണ്ട്. എങ്ങനെയാണ് ഇത്രയും ദൈവിക ചൈതന്യമുള്ള ആത്മീയാചാര്യൻ എന്റെ ജീവിതത്തിലെ താങ്ങും തണലുമായി വന്നതെന്ന് അറിയില്ല. എനിക്കു തിരുമേനിയേക്കുറിച്ചോ സഭയെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ഒരു ദിവസം കുടുംബസുഹൃത്തും ചെന്നൈ വിജയ ഹോസ്പിറ്റലിലെ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ മാനേജരുമായ ചെറിയാൻ തോമസ് വിളിച്ചു.
സഭ തുടങ്ങുന്ന പരുമല കാൻസർ ആശുപത്രിയുടെ അംബാസഡറായി വരാമോ എന്നു തിരുമേനി ചോദിച്ചതായി പറഞ്ഞു. ‘ഞങ്ങൾ വരാം’ എന്ന് ഒരു നിമിഷംകൊണ്ടുതന്നെ ഞാനും ഭർത്താവ് വിജയ് ശങ്കറും മറുപടി നൽകി. എന്നെ ഇതിലേക്കു നയിച്ചതു ഞാൻ ആരാധിക്കുന്ന ചൈതന്യം തന്നെയാകാം. പിന്നീടു തിരുമേനി ചെന്നൈയിൽ ഞങ്ങളുടെ വീട്ടിൽവന്നു. അതിലും വലിയ അനുഗ്രഹമുണ്ടോ ? പിന്നീടു പരുമല ആശുപത്രിയിലെ കാൻസർ വാർഡിനു ഞങ്ങളുടെ മകൾ നന്ദനയുടെ പേരിട്ടു. അത് വല്ലാത്തൊരു അനുഭവമായിരുന്നു.
ദൈവം നേരിട്ട് അനുഗ്രഹിച്ചുതന്ന പ്രസാദമെന്നു പറയാം. ഞങ്ങളുടെ കുട്ടിയെ കാലാകാലം ഇനി അവിടെ എത്തുന്നവർ ഓർക്കും. ഞങ്ങളുടെ കാലശേഷവും അവളുടെ ഓർമ ബാക്കിയുണ്ടാകും. അതിനു നിമിത്തമായതു തിരുമേനിയുടെ സാന്നിധ്യമാണ്.തിരുമേനി ആശുപത്രിലായതറിഞ്ഞു ഞാനും വിജയൻ ചേട്ടനും ചെറിയാനുംകൂടി പോയിരുന്നു. അന്നു തിരുമേനിക്കുവേണ്ടി ഞാൻ പാടി. പാട്ടു മുഴുവനും തിരുമേനിയും കൂടെ പാടി. കൈകൂപ്പിനിന്നു പലരും അതു കേട്ടു. എനിക്കുള്ള അനുഗ്രഹം തിരുമേനി തുടരുകയായിരുന്നു.
ഇത്രയേറെ അനുഗൃഹീതനായ ഒരാൾ കൂടെപ്പാടുക എന്നത് സ്വപ്നങ്ങൾക്കും അപ്പുറത്താണ്. പാട്ടു തീർന്നപ്പോൾ ഞാൻ പറഞ്ഞു– ‘‘ഇനി ദേവലോകം അരമനയിൽ വന്നു കാണാം.’’ തിരുമേനി തലയിൽ കൈവച്ച് എന്നെ അനുഗ്രഹിച്ചു. ഇനി അരമനയിൽ തിരുമേനിയുണ്ടാകില്ല. അവിടെ പോയി സുഖമായിരിക്കുന്നതു കാണണമെന്ന ആഗ്രഹം ബാക്കിയാകുന്നു. എങ്കിലും കാരുണ്യവും സ്നേഹവുമായി ആ ചൈതന്യം ഞങ്ങളുടെ കൂടെയുണ്ടുമെന്ന് എനിക്കുറപ്പാണ്. ചിലരെ ജീവിതത്തിൽ കണ്ടുമുട്ടുന്നതു മുജ്ജന്മ സുകൃതം കൊണ്ടാകാം. തിരുമേനിയുടെ അടുത്തുനിൽക്കാനായി എന്നതും അത്തരമൊരു സുകൃതമാണ്. ഈശ്വരീയ സുകൃതം.