മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ കര്‍മ്മയോഗി / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍


പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തി അരനൂറ്റാണ്ടിലധികം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശക്തിയും സൗന്ദര്യവുമായി തീര്‍ന്ന വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ (85) മലയാള ഭാഷയേയും മാര്‍ത്തോമ്മന്‍ സംസ്കാരത്തേയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ച കര്‍മ്മയോഗിയായിരുന്നു. മലയാള സാഹിത്യത്തിലും സംസ്കൃതത്തിലും എം. എ. ബിരുദങ്ങള്‍ നേടിയശേഷം വേദശാസ്ത്ര ഉപരിപഠനത്തിനായി 1970-ല്‍ ന്യൂയോര്‍ക്കില്‍ എത്തിയ അദ്ദേഹം അമേരിക്കയില്‍ നിന്നും 5 വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും കരസ്ഥമാക്കി, ഇടവക പരിപാലനത്തിന് നേതൃത്വം നല്‍കി. പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ, പ. ഔഗേന്‍ ബാവാ എന്നിവരുടെ സെക്രട്ടറിയായി ശുശ്രൂഷിച്ച് ശിഷ്യത്വവും ആദ്ധ്യാത്മിക പരിശീലനവും ദാര്‍ശനിക പക്വതയും നേടിയശേഷമാണ് ന്യൂയോര്‍ക്കില്‍ കുടിയേറുന്നത്.
ഏത് ജോലിയും ആത്മാര്‍ത്ഥതയോടെയും ഉത്സാഹത്തോടെയും ചെയ്താല്‍ അത് എളുപ്പമായിരിക്കും എന്ന ആപ്തവാക്യം ജീവിതവ്രതമായി സ്വീകരിച്ച അദ്ദേഹം അമേരിക്കയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വായും തൂണുമായി തീര്‍ന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനയും വിശ്വാസവും സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അക്ഷീണം പരിശ്രമിച്ച അദ്ദേഹം മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ ഉത്തമ പ്രചാരകനായിരുന്നു. ദൈവത്തിന്‍റെ നടത്തിപ്പ് എല്ലാ കാര്യങ്ങളിലും ഉണ്ടാകുവാന്‍ ദൈവത്തേയും സഭയേയും സ്നേഹിക്കണം എന്ന് എപ്പോഴും പ്രബോധിപ്പിച്ച ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ സഭയേയും പിതാക്കന്മാരേയും ആദരിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ താമസിച്ച് ഡിട്രോയിറ്റ്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ യാത്ര ചെയ്ത് വിശ്വാസികളെ സംഘടിപ്പിച്ച് പള്ളികള്‍ ആരംഭിച്ചത് സഭയോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയുമായിരുന്നു. 1970-കളില്‍ പത്തില്‍പരം മലങ്കര സഭയുടെ കുടുംബങ്ങള്‍ മാത്രമുണ്ടായിരുന്നെങ്കില്‍ 2021-ല്‍ 6000-ത്തിലധികം കുടുംബങ്ങളും 120-ല്‍പരം പള്ളികളുമായി അമേരിക്കയില്‍ മലങ്കര സഭ വളര്‍ന്നു വികസിച്ചു. അമേരിക്കന്‍ ഭദ്രാസനത്തില്‍ മലങ്കര സഭയുടെ വളര്‍ച്ചയ്ക്ക് മുഖ്യപങ്കാളിത്തം വഹിക്കുവാന്‍ നേതൃത്വം നല്‍കിയ അദ്ദേഹം പ്രായവും ആരോഗ്യവും വിസ്മരിച്ച് സഭാ ശുശ്രൂഷകളില്‍ വ്യാപൃതനായിരുന്നു. ഹൃദയത്തില്‍ 7 സ്റ്റെന്‍റുകള്‍ ഇട്ടിട്ടും പള്ളിക്കാര്യങ്ങളില്‍ പൂര്‍ണ്ണ സമയ ശുശ്രൂഷകനായിരുന്നു.

മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അമേരിക്കന്‍ മണ്ണില്‍ ജീവന്‍ പകര്‍ന്നത് ശങ്കരത്തില്‍ കുടുംബമാണ്. സഹധര്‍മ്മിണി പ്രശസ്ത സാഹിത്യകാരി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ പുതുതലമുറയെ മലയാളം പഠിപ്പിച്ച് ആരാധനയിലും മതജീവിതത്തിലും ഉറപ്പിച്ചു നിര്‍ത്തി. ഇടവകയിലെ വിദ്യാര്‍ത്ഥികളെ മലയാളം ക്രമമായി പഠിപ്പിക്കുകയും ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം പകരുകയും ചെയ്തു.
ഭരണനൈപുണ്യമുള്ള ഇടയന്‍, ഹൃദ്യമായ വ്യക്തിബന്ധം പുലര്‍ത്തിയ പിതാവ്, മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ പ്രചാരകന്‍, മലയാള ഭാഷയേയും സംസ്കാരത്തേയും ഉറപ്പിച്ച ക്രാന്തദര്‍ശി തുടങ്ങി വിവിധ നിലകളില്‍ ശുശ്രൂഷിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടിലധികമായി ന്യൂയോര്‍ക്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിറസാന്നിദ്ധ്യമായിരുന്ന വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പായ്ക്ക് ഹൃദയപൂര്‍വ്വമായ യാത്രാമൊഴി.