അതിജീവന തീരത്തേക്കു തുഴയാന്‍ വള്ളമൊരുക്കി

മാരാമൺ തോട്ടപ്പുഴശേരിയിലെ സമഷ്ടി ആശ്രമത്തിൽ നിർമിച്ച വള്ളത്തിനരുകിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി .

പത്തനംതിട്ട ∙ പുറത്ത് കാറ്റും കോളും നിറയുമ്പോൾ ഉള്ളിൽ ആശങ്കയുടെ നെരിപ്പോടുമായി കഴിയുന്ന തോട്ടപ്പുഴശേരി നിവാസികൾക്ക് രക്ഷയുടെ തീരത്തടുക്കാൻ വള്ളമൊരുക്കി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി .
തോട്ടപ്പുഴശേരിയിൽ ആഞ്ഞിലിമൂട്ടിൽ പാലത്തിനു സമീപമുള്ള അദ്ദേഹത്തിന്റെ സമഷ്ടി പരിസ്ഥിതി സൗഹൃദ ധ്യാനകേന്ദ്രത്തിലാണ് പുതിയ വള്ളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പമ്പാനദിയുടെ തീരത്ത് മൂന്നര ഏക്കർ സ്ഥലത്താണ് ധ്യാനകേന്ദ്രം.

2018 ഓഗസ്റ്റ് 14നു രാത്രി ഉണ്ടായ പ്രളയത്തിൽ ധ്യാനകേന്ദ്രവും ചാപ്പലും വെള്ളത്തിലായിരുന്നു. സമീപവാസിയുടെ ഫൈബർ വള്ളമാണ് അന്ന് രക്ഷാപ്രവർത്തനത്തിന് സഹായകമായത്. ധ്യാന കേന്ദ്രത്തിനു സമീപം പമ്പയുടെ തീരത്ത് ഒട്ടേറെ വീടുകൾ ഉണ്ട്. പ്രളയത്തിൽ ഈ വീടുകൾക്കെല്ലാം വൻ നാശനഷ്ടമാണ് ഉണ്ടായത്. സ്വന്തമായി വള്ളം ഉണ്ടെങ്കിൽ എല്ലാവർക്കും സഹായമെത്തിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് വള്ളം നിർമാണം തുടങ്ങിയത്.

അതിനായി മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ നിന്ന് കെട്ടുവള്ളം നിർമാണത്തിലെ വിദഗ്ധരായ ചന്ദ്രൻ ആചാരി, ബേബി എന്നിവരെ കണ്ടെത്തി. ധ്യാനകേന്ദ്രത്തിന്റെ പരിസരത്തു നിന്ന ആഞ്ഞിലി മരം വെട്ടി. 13 പേർക്ക് കയറാവുന്ന വള്ളം 25 ദിവസം കൊണ്ട് പണി പൂർത്തിയാക്കി. ഇനിയൊരു പ്രളയം വന്ന് നാ‌ടിനെ ഭീതിയിലാഴ്ത്തരുതേ എന്ന പ്രാർഥനയ്ക്കൊപ്പം ഏത് പ്രതിസന്ധി വന്നാലും അതിനെയെല്ലാം മറിക‌ടക്കാൻ ഒപ്പമുണ്ടെന്ന സന്ദേശംകൂടിയാണ് മാർ ക്ലിമ്മീസ് തിരുമേനി നൽകുന്നത്.