റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി

റാന്നി : സന്യാസജീവിതം ആദ്ധ്യാത്മിക വിശുദ്ധിയോടുകൂടിയും കാലഘട്ടത്തിനനുസൃതമായ സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റിയും നയിക്കപ്പെടേണ്ടതാണ് എന്ന് ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്‌ഥാവിച്ചു.
ശക്തമായ ദൈവവിളി തിരിച്ചറിയുകയും ഭൗതികമായ നേട്ടങ്ങൾക്കുള്ള സാധ്യതകൾ ഉപേക്ഷിക്കുകയും ചെയ്ത് സ്വന്ത ജീവിതത്തെയും ആർജ്ജിതമായ സകലത്തെയും സഭയ്ക്ക് വേണ്ടി സമർപ്പിച്ച് മാതൃകയായി തീർന്ന പിതാവായിരുന്നു അഭി.ഗീവർഗീസ് മാർ ദീയസ്ക്കോറോസ് എന്നും മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും തിരുവനന്തപുരം ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന അഭി.ഗീവർഗീസ് മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്തായുടെ 21 -ാം ഓർമ്മപെരുന്നാൾ  പ്രമാണിച്ച് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത  ആശ്രമ ചാപ്പലിൽ വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് ചേർന്ന സുവർണ്ണ ജൂബിലി സമ്മേളനത്തിൽ ആശ്രമ സുപ്പീരിയറും നിലയ്ക്കൽ ഭദ്രാസനാധിപനുമായ അഭി.ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചികിത്സാ സഹായം വിതരണം ചെയ്തുകൊണ്ട് റാന്നി എം.എൽ.എ ശ്രീ.രാജു എബ്രാഹം നിർവഹിച്ചു. റവ.ഫാ.മത്തായി ഒ.ഐ.സി, വെരി.റവ.കെ.ടി.മാത്യൂസ് റമ്പാൻ, വെരി.റവ.ഔഗേൻ റമ്പാൻ, ആശ്രമം സെക്രട്ടറി റവ.ഫാ.തോമസ് പി.തോമസ് എന്നിവർ പ്രസംഗിച്ചു.