ന്യൂയോര്‍ക്ക്: കോവിഡ് 19നെതിരേ കനത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്. ഭദ്രാസനത്തിലെ എല്ലാ വൈദികര്‍ക്കുമായി നല്‍കിയ കല്‍പ്പനയിലാണ് മെത്രാപ്പോലീത്ത കൊറോണയ്ക്കെതിരേ പ്രതിരോധത്തിന്‍റെ പടച്ചട്ടയണിയേണ്ടുന്നതിന്‍റെ ആവശ്യകത വ്യക്തമാക്കിയത്. കല്‍പ്പനയില്‍ ഇങ്ങനെ പറയുന്നു, കൊറോണ ലോകമെങ്ങും വ്യാപിക്കുന്നത് നമ്മുടെ ഉള്ളില്‍ ഭയവും ഉത്കണ്ഠയും സൃഷ്ടിക്കുന്നു. ആഗോളവ്യാപകമായി പടരുന്ന കൊറോണയ്ക്കെതിരേ കനത്ത നടപടികള്‍ കൈകൊള്ളുന്നുണ്ടെങ്കിലും പലേടത്തും മനുഷ്യസമൂഹം നിസഹായരായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാം ജാഗ്രത പാലിക്കുകയും ആരോഗ്യനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ എല്ലാ ജനങ്ങളോടും സമുദായസ്നേഹികളോടും വൈദികരോടും, ഒരുമിച്ച് നിന്നു ഈ പകര്‍ച്ചവ്യാധി പൊരുതി തോല്‍പ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്ക് അസുഖം തോന്നുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളായ പനി, ശ്വാസം മുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതായി തോന്നുന്നുവെങ്കില്‍ ഉടനടി ആരോഗ്യപ്രവര്‍ത്തകരുടെ ഉപദേശം സ്വീകരിക്കുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യുക. ഈ വൈറസ് പടരാതിരിക്കാന്‍: പൂര്‍ണ്ണമായും ഇടയ്ക്കിടെ കൈ കഴുകുക, ചുമയും തുമ്മലും തടയാന്‍ മാസ്ക്ക് ധരിക്കുക, വ്യക്തിഗത സമ്പര്‍ക്കങ്ങള്‍ തത്ക്കാലത്തേക്ക് ഒഴിവാക്കുക. കൂടാതെ, വൈദികര്‍ ഉപയോഗിക്കുന്ന കുരിശ്, വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് ഉപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ ഒക്കെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
കനത്ത ഉത്കണ്ഠയുടെ പശ്ചാത്തലത്തല്‍ നാമെല്ലാവരും ജാഗ്രതയോടെ വേണം പ്രവര്‍ത്തിക്കേണ്ടത്. ഒപ്പം, രോഗം ബാധിച്ചവരോടും അവരുടെ ബന്ധുജനങ്ങളോടും അനുകമ്പ പുലര്‍ത്തുകയും വേണം. ഇതു ബാധിച്ച എല്ലാവരെയും സ്വര്‍ഗ്ഗീയ വൈദ്യനായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സുഖപ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. വൈറസ് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് നമ്മുടെ ദൈവം കൃപയും ശക്തിയും ധൈര്യവും നല്‍കട്ടെ.
മെത്രാപ്പോലീത്തയുടെ കല്‍പ്പന ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഇക്കഴിഞ്ഞ ഞായറാഴ്ച വായിക്കുകയുണ്ടായി.