ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകദിന ആഘോഷങ്ങള്‍ ജൂണ്‍ 14, 15 (വെള്ളി, ശനി) തീയതികളില്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും ഇടവക മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും. ദേവാലയ കൂദാശ കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ അനുഗ്രഹീത നിമിഷത്തില്‍ ദൈവത്തെ സ്തുതിക്കുന്നതിനും, വിശ്വാസികള്‍ക്ക് ഒരുമിച്ച് സന്തോഷം പങ്കുവയ്ക്കുന്നതിനും ഈ ദിവസങ്ങള്‍ മുഖാന്തിരമാകും. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് പരിശുദ്ധ പരുമലത്തിരുമേനിയോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും, ധ്യാനപ്രസംഗവും നടക്കും. ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാതനമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും അനുഷ്ഠിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്യും. ആത്മീയ സംഘടനകളുടെ വാര്‍ഷികം ഇതോട് അനുബന്ധിച്ച് നടത്തപ്പെടും. ആത്മീയ സംഘടനകളുടെ സെക്രട്ടറിമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഇടവകയില്‍ നിന്നും ശുശ്രൂഷ പൂര്‍ത്തീകരിച്ച് മടങ്ങുന്ന വികാരി ഫാ. അനിഷ് കെ. സാമിന് യാത്രയയപ്പ് നല്‍കുകയും പുതുതായി ചുമതലയേല്‍ക്കുന്ന വികാരി ഫാ. സിനു ജേക്കബിന് സ്വീകരണം നല്‍കുകയും ചെയ്യും. 3 മണിക്ക് ഇടവകദിന ആഘോഷത്തിന്‍റെ ഭാഗമായുള്ള വിവിധ കലാപരിപാടികള്‍ നടത്തപ്പെടും. 7 മണിക്ക് സന്ധ്യാനമസ്കാരം നടത്തപ്പെടുകയും തുടര്‍ന്ന് സ്നേഹവിരുന്ന് നല്‍കുകയും ചെയ്യുന്നതോടുകൂടി ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തി ആകും.