സഭയെ ദ്രോഹിച്ചവരെയെല്ലാം ദൈവം തകര്‍ത്തു / പ. കാതോലിക്കാബാവാ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദൈവത്തിന്‍റേതാകയാല്‍ അതിനെ ദ്രോഹിച്ചവരെയെല്ലാം ദൈവം നശിപ്പിച്ചു എന്നും ഈ സഭയെ ആര്‍ക്കും നിര്‍മ്മൂലമാക്കാന്‍ സാധ്യമല്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. കേരളത്തിലെ സംസ്കാര സമ്പന്നരായ ഹൈന്ദവരും മഹാന്മാരായ രാജാക്കന്മാരും സഭയെ ആദരിക്കുകയും സഭാംഗങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുകയും ചെയ്തു. കൂടാതെ മഹാരാജാക്കന്മാര്‍ ജനങ്ങള്‍ക്കു ഉന്നത പദവികളും ചെപ്പേടുകളും മറ്റും നല്‍കി സഭയെ വളര്‍ത്തുകയാണുണ്ടായതെന്നും ബാവാ നന്ദിപൂര്‍വ്വം അനുസ്മരിച്ചു.

2019 മെയ് ഒടുവില്‍ യുവജനപ്രസ്ഥാനത്തിന്‍റെ തൃശ്ശൂരില്‍ ചേര്‍ന്ന വടക്കന്‍ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാവാ. യോഗത്തില്‍ പ്രസ്ഥാനം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ. സി. എം. രാജു, സെന്‍റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ഡാനിയല്‍ തോമസ്, തോമസ് പോള്‍ മ്പാന്‍, എല്‍ജോ സി. ചുമ്മാര്‍, ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കാതോലിക്കാ ബാവായുടെ അതിശ്രദ്ധേയമായ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു:

ഇന്നേ ദിവസം ഇവിടെ ഈ സമ്മേളനം നടത്തുന്നതില്‍ വ്യക്തിപരമായി ഒരുപാട് ആഹ്ലാദ നിറവിലാണ് ഞാന്‍ നില്‍ക്കുന്നത്. ഒന്നാമതായി എനിക്ക് പറയാനുള്ളത് ഈ ദേവാലയത്തില്‍ ഏകദേശം രണ്ട് വര്‍ഷം താമസിച്ചാണ് ഞാന്‍ എന്‍റെ ഡിഗ്രി പഠനം പൂര്‍ത്തീകരിച്ചത്. തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ ഒരു വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോഴാണ് ഈ പള്ളിയില്‍ വന്ന് താമസിച്ചത്. ഇവിടെയും ചെമ്പുക്കാവിലും രണ്ടിടത്തും കൂടി താമസിച്ചിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വ്യക്തിപരമായി പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വന്ന പ്രതീതിയാണ് ഇപ്പോള്‍.

രണ്ടാമത്തെ കാര്യം വട്ടശേരില്‍ തിരുമേനിയുടെ വലംകൈയും ഇടം കൈയുമായി അത്മായ പ്രമുഖര്‍ ഉണ്ടായിരുന്നു. അതിന് വടക്കന്‍ മേഖലയിലെ അത്മായ പ്രമുഖന്‍ എന്ന് പറയുന്നത് മഴുവഞ്ചേരിപറമ്പത്ത് എം. എ. ചാക്കോയാണ്. അദ്ദേഹത്തെ അന്നത്തെ കൊച്ചി രാജാവിന്‍റെ അഭ്യന്തര മന്ത്രാലയത്തിന്‍റെ അധിപതി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അദ്ദേഹമായിരുന്നു തൃശൂര്‍ ടൗണ്‍ ഹാള്‍ പണിയിച്ചത്. എം. എ. ചാക്കോ രാജാവിന്‍റെ കണ്ണിലുണ്ണിയായിരുന്നു. ഈ ദേവാലയത്തിന്‍റെ പുരയിടം മുഴുവനും അദ്ദേഹത്തിന്‍റെ വകയായിരുന്നു. ഒരു മകളെ ഈ ഇടവകയിലേക്ക് വിവാഹം ചെയ്ത് അയച്ചു. ആ വനിത കടവില്‍ കുടുംബത്തിലെ സാത്വികനും ദൈവ ഭക്തനുമായ പൗലൂസ് ജഡ്ജിയുടെ സഹധര്‍മ്മിണിയാണ്. പൗലൂസ് ജഡ്ജി ആയിരുന്നു ഞങ്ങളുടെ വാര്‍ഡനായിരുന്നത്. അപ്പോള്‍ പല കാരണങ്ങളാലും ഈ സ്ഥലം എന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായും അതേസമയം സഭയെ സംബന്ധിച്ച് വളരെ പ്രാധാന്യവും ഉള്ള കേന്ദ്രം കൂടിയാണ് എന്നത് നിങ്ങള്‍ ഓര്‍ക്കണം. സാന്ത്വനത്തില്‍ നിന്ന് എന്‍റെ കുറെ കുട്ടികള്‍ വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പെട്ടെന്ന് എന്നെ ആകര്‍ഷിക്കുന്ന ഒരാളുണ്ട്. പ്രിയപ്പെട്ട ജൂണോ. അതുപോലെ തന്നെ അവരുടെ പാട്ടും കലയും മിമിക്രിയുമൊക്കെ അസാധാരണമായ കഴിവുകളോടെ അവര്‍ അവതരിപ്പിക്കാറുണ്ട്. അവരോടൊപ്പം എല്ലാ വര്‍ഷവും ഒരു ദിവസം ഞാന്‍ ചെലവഴിക്കും. അതില്‍ ജൂണോയെ ഞാനൊന്നു നോക്കി. അപ്പോഴാണ് അവര്‍ ഇവിടെ ഇരിക്കുന്നത് കണ്ടത്. വളരെ സന്തോഷം. എന്‍റെ സ്വന്തം കുട്ടികളെപ്പോലെ ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നു. അവരെ വളര്‍ത്തുന്നവരും ഇവിടെ എത്തിയിട്ടുണ്ട്.അതും വളരെ സന്തോഷമായി തോന്നുന്നു.

എനിക്ക് നിങ്ങളോട് പറയാനുള്ളത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട സഭയാണ്. ഈ സഭയെ തട്ടി തകര്‍ക്കുവാന്‍ ആര് ശ്രമിച്ചാലും സ്വയം തകരുകയാണ്. അത് വ്യക്തിയാകട്ടെ, പ്രസ്ഥാനമാകട്ടെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയാകട്ടെ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദൈവത്തിന്‍റെ സ്ഥാപനമാണ്. ആ സ്ഥാപനത്തോട് ആരെങ്കിലും ഏതെങ്കിലുംവിധത്തില്‍ പോരാടി വിജയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പോരാട്ടം ദൈവത്തോടാണ്. ആ പോരാട്ടം ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്നത് വസ്തുതയാണ്. അതുകൊണ്ട് നമ്മളാരും പതറേണ്ട കാര്യമില്ല. പക്ഷേ നിലപാടുകള്‍ ഉണ്ടാവണം.

നമ്മുടെ സഭയുടെ ആരംഭം ഓര്‍ക്കുക. പ. മാര്‍ത്തോമ്മാ ശ്ലീഹാ മുഖാന്തരമാണ് ക്രൈസ്തവ സഭ ഭാരതത്തില്‍ ആരംഭിക്കുന്നത്. ഇസ്രായേലില്‍ നഷ്ടപ്പെട്ടുപോയ ആടുകളെ നിങ്ങള്‍ അന്വേഷിക്കണമെന്ന് കര്‍ത്താവ് തന്‍റെ അപ്പോസ്തോലന്മാരെ വളരെ നേരത്തെ ഓര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലും മദ്രാസിലും കല്‍ക്കട്ടായിലും ബോംബെയിലും വളരെ യഹൂദന്മാരുണ്ടായിരുന്നു. ചിതറിപ്പോയ ആട്ടിന്‍കൂട്ടമാണ് അത്. അവരെ അന്വേഷിച്ച് കണ്ടുപിടിക്കുക എന്ന ക്രിസ്തുവിന്‍റെ ദൗത്യം അപ്പോസ്തലന്മാര്‍ സ്വീകരിക്കുകയായിരുന്നു. ഇവിടെ എറണാകുളത്ത് ജ്യു സ്ട്രീറ്റ് എന്ന തെരുവുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ സുനഗോഗ് ഉണ്ട്. മദ്രാസില്‍ ഒരു കബറിടം ഉണ്ട്. തിരുവിതാംകോട് ചെല്ലുമ്പോള്‍, രണ്ടായിരം വര്‍ഷം പഴക്കമുള്ള ദൈവാലയം ഉണ്ട്. അങ്ങനെയെക്കെ പാരമ്പര്യമുള്ള നാഷണല്‍ ചര്‍ച്ചാണ് (ദേശീയസഭ) നമ്മുടേത്. ഇന്ന് പെയ്ത മഴയില്‍ മുളച്ചു പൊങ്ങിയ ഒരു മലങ്കരസഭയല്ല നമ്മള്‍ എന്നത് ഓര്‍ക്കുക. നമുക്ക് ധാരാളം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ പ്രതിസന്ധികള്‍ ഉണ്ടായിട്ടുള്ളത് നമ്മില്‍ നിന്നല്ല; വിദേശ രാജ്യങ്ങളില്‍ നിന്നാണ്. എല്ലാ കാലത്തും അത് ഉണ്ടായിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭരണകാലത്തും പിന്നീട് ആംഗ്ലിക്കന്‍ ഭരണകാലത്തും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകാലത്തുമൊക്കെ ഉണ്ടായിട്ടുണ്ട്. വിദേശരാജ്യങ്ങള്‍ നമ്മെ തകര്‍ക്കുവാനുള്ള പ്രവണത, സാമൂഹിക-മത-രാഷ്ട്രീയമായി ഉണ്ടായിട്ടുണ്ട്. വ്യാപാരത്തിന് വേണ്ടി ഈ രാജ്യത്തിലേക്ക് വന്ന പോര്‍ച്ചുഗീസുകാരനായ വാസ്കോഡ ഗാമ വ്യാപാരം ചെയ്ത് പതിയെ പതിയെ രാജ്യത്തിന്‍റെ ഭരണവും കൈക്കലാക്കുകയാണ്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍, നമ്മുടെ പൂര്‍വികര്‍ നിഷ്കളങ്കരും ആത്മാര്‍ത്ഥയുള്ളവരും, ഏത് കാര്യവും പറഞ്ഞാലും വിശ്വസിക്കത്തക്കവിധമുള്ള വിശാലഹൃദയരുമായ തലമുറയായിരുന്നു. എപ്പോഴും നമ്മെ സഹായിച്ചു വന്നത് ഹൈന്ദവ രാജാക്കന്മാരാണ്. വിദേശ രാജ്യങ്ങള്‍ അല്ല.

കുന്നംകുളത്ത് അമ്പലപള്ളി എന്നൊരു ദേവാലയമുണ്ട്. അന്നത്തെ കൊച്ചി മഹാരാജാവ് കുന്നംകുളത്തേക്ക് എഴുന്നള്ളിയപ്പോള്‍ അദ്ദേഹത്തിന്‍റെ വാത്സല്യ പ്രജകള്‍ പറഞ്ഞു, ആരാധിക്കാന്‍ ഒരിടം ലഭിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന്. അവിടെ പൂജയില്ലാത്ത ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അത് ആരാധന നടത്തുവാന്‍ കൊടുക്കുകയാണ് ചെയ്തത്. ആ ഹൈന്ദവ രാജാക്കന്മാര്‍ വിശാല ഹൃദയം ഉള്ളവരായിരുന്നു. ആരാണ് നമുക്ക് ചെപ്പേട് തന്നത്? ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക പദവികള്‍ തന്നത്? വിദേശത്തെ ആരും നമുക്ക് ചെപ്പേട് തന്നിട്ടില്ല. ഇവയൊക്കെ സത്യത്തിന്‍റെ മുദ്രകളാണ്. ഈ മുദ്രകള്‍ തച്ചുടയ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഇവിടെ യഹൂദ പാരമ്പര്യവും ഉണ്ടായിരുന്നു എന്നത് ആരും നുണ പറഞ്ഞ് സൃഷ്ടിക്കേണ്ടതല്ല. അതിന്‍റെ അടയാളങ്ങളും മുദ്രകളും ഇന്നും ഉണ്ട്. നമുക്ക് പദവികള്‍ തന്നത് ഹൈന്ദവ രാജാക്കന്മാരാണ്. അവര്‍ പറയുന്നത്, ക്രൈസ്തവരെ നമുക്ക് വിശ്വസിക്കാം. അവര്‍ ഒരിക്കലും ചതി ചെയ്കില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ചരിത്രം വായിക്കുമ്പോള്‍ മനസിലാക്കാവുന്നതാണ്. പുത്തേഴത്ത് രാമമേനോന്‍ കൊച്ചി രാജ്യത്തിന്‍റെ ചരിത്രമെഴുതിയപ്പോള്‍, പല പരാമര്‍ശങ്ങളും നല്‍കിയിട്ടുണ്ട്.

വെറുതെ ഓലപ്പാമ്പ് കാണിച്ച് നമ്മെ കുറ്റവാളികളാക്കി ആരെങ്കിലും ചിത്രീകരിക്കുന്നുവെങ്കില്‍, സ്വയം കുറ്റവാളികളായതുകൊണ്ട് അവര്‍ അത് മറ്റ് ഒരാളില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളു. നമ്മുടെ ആളുകള്‍ സത്യസന്ധരാണ്. ഈ സത്യസന്ധത അല്‍പം കൂടി പോയത് കൊണ്ട് മാത്രമാണ് കുതന്ത്രങ്ങളും കൗശലങ്ങളും മനസിലാക്കാനുള്ള തീക്ഷ്ണത നമ്മുടെ പിതാക്കന്മാര്‍ക്കില്ലായിരുന്നു. ആ തീക്ഷ്ണത എടുത്തത് വട്ടശ്ശേരില്‍ തിരുമേനിയുടെയും പുലിക്കോട്ടില്‍ തിരുമേനിയുടെയുമൊക്കെ കാലത്താണ്. പക്ഷേ അതിന്‍റെ വാലായ്മ ഇപ്പോഴും കിടക്കുകയാണ്. അത് അവിടെ കിടക്കട്ടെ. എന്നാലും നമ്മള്‍ പതറേണ്ടതില്ല. കാരണം നീതിന്യായ കോടതികളാണ് ഒരു ജനാധിപത്യ രാജ്യത്തിന്‍റെ അവസാനത്തെ വാക്ക്. നീതിന്യായ കോടതികളെ വെല്ലുവിളിക്കുന്നത് രാജ്യദ്രോഹമാണ്. അതാരായിരുന്നാലും കൊള്ളാം. അത് ഏതെങ്കിലും സ്വാധീനം ഉപയോഗിച്ച് നീതി ന്യായ കോടതികളെ വെല്ലുവിളിക്കുന്നത് നാശത്തിനാണ്. അത് ഒരാളുടെ നാശത്തിനല്ല സര്‍വ്വരുടേയും നാശത്തിന് ആയിരിക്കും. അതുകൊണ്ട് അങ്ങനെയുള്ള തിരിച്ചറിവുകള്‍ ഉണ്ടാവണം. അല്ലാതെ വേറൊരു രാജ്യത്ത് ചെന്ന് അവരുടെ ഭരണത്തേയോ നിയമസംഹിതകളേയോ വിമര്‍ശിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? ഏതെങ്കിലും രാജ്യത്ത് നടക്കുമോ അത്? ഇത് ജനാധിപത്യ രാജ്യമായതുകൊണ്ടാണ് ഇവിടുത്തെ സംവിധാനത്തെ, നിയമസംഹിതയെ വിമര്‍ശിച്ച് പ്രസംഗിപ്പാന്‍ തക്കവണ്ണം ധൈര്യപ്പെടുന്നത്. ഇത് ഗള്‍ഫിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ആണെന്നുണ്ടെങ്കില്‍ ആ പ്രസംഗിച്ച ആള്‍ പിന്നെ വെളിച്ചം കാണുകയില്ല. എവിടെപ്പോയെന്നോ മറ്റോ അന്വേഷിച്ച് കണ്ടെത്താന്‍പോലും കഴിയുകയില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത്, ധൈര്യമായി ദൈവത്തില്‍ ആശ്രയിച്ചു മുന്‍പോട്ടു പോകാം.

ഈ സഭയെ തകര്‍ത്ത് തരിപ്പണമാക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. കാരണം ഈ സഭ, ദൈവത്തിന്‍റെ സ്ഥാപനമാണ്. ഇത് സ്ഥാപിച്ചത് ഒരു അപ്പോസ്തോലനാണ്. അല്ലാതെ വേറെ ആരെങ്കിലും വന്ന് ഒരു വിത്ത് കുഴിച്ചിട്ട് ഉണ്ടായതല്ല ഈ മലങ്കരസഭ. ആ പ്രൗഢിയും ആഭിജാത്യവും നമുക്ക് ഉണ്ടാകണം. ഒരു ക്രൈസ്തവ സാക്ഷ്യം നമുക്കുണ്ടാവണം. നാം ഒന്നിലും പതറേണ്ടതില്ല. പക്ഷേ 430 വര്‍ഷക്കാലം അടിമകളായി ജീവിച്ചിരുന്ന, യിസ്രായേല്യരെ യഹോവ നേരിട്ട് ഇടപെട്ട് അവിടെ നിന്ന് അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചപ്പോള്‍ ആദ്യം മോശയെ എതിര്‍ക്കുന്നത് യിസ്രായേല്യര്‍ തന്നെയാണ്. ചെങ്കടലിന്‍റെ മുന്‍പില്‍ വന്നപ്പോള്‍ മോശയോട് വളരെ രോഷാകുലരായിയാണ് ആ ആളുകള്‍ പ്രതികരിച്ചത്. അതുകൊണ്ട് ഇതൊക്കെ താല്‍ക്കാലികമാണ്. സ്ഥായിയായി ഈ സഭ നിലനില്‍ക്കും. ലോകാന്ത്യത്തോളം നിലനില്‍ക്കും. ഈ സഭയെ ഏതെങ്കിലും വ്യക്തിയോ, ഏതെങ്കിലും സംഘടനയോ, ഏതെങ്കിലും ഗവണ്‍മെന്‍റോ ആക്രമിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ നാശത്തിനാണ്. അല്ലാതെ വേറെ ഒന്നിനും ആയിരിക്കുകയില്ല. ഇത് നാം കണ്ടുകൊണ്ടിരിക്കുന്ന സത്യമാണ്. മലങ്കരസഭയെ ആരെങ്കിലും ബോധപൂര്‍വ്വം തകര്‍ക്കാനോ ആക്രമിക്കാനോ ഏതെങ്കിലും വഴിയില്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ തന്നെ നാശത്തിനാണ്. അതുകൊണ്ട് എനിക്ക് പറയാനുള്ളത്, ഒരു നീതിപീഠത്തിന്‍റെ ന്യായം, ഈ നീതിപീഠത്തെ സമീപിക്കുന്നവര്‍ ഇതില്‍ വിശ്വസിക്കില്ല എന്നു പറയുന്നവരാണ്. അവര്‍ സത്യസന്ധരായി വെറുതെ ഇരിക്കുകയുമല്ല. ഇതെല്ലാം നമ്മുടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് ധനം ആര്‍ജ്ജിച്ച്, നമ്മുടെ ധനം ദുര്‍വിനിയോഗം ചെയ്യുവാന്‍ ഉള്ള ചില വ്യക്തികളുടെ സ്വാധീനമാണെന്നത് പറയാതിരിക്കാന്‍ സാധ്യമല്ല. ഞാന്‍ വാക്കുകള്‍ ദീര്‍ഘിപ്പിക്കുന്നില്ല. നിങ്ങളെ ഏവരേയും കണ്ടതിലുള്ള സന്തോഷം നിസ്സീമമാണ്.

അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനി ഇതിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതൊരു ചൈതന്യമുള്ള പ്രസ്ഥാനമായിട്ട് ഞാന്‍ കാണുന്നു. യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റായി ഞാനും നാല് കൊല്ലം ഇരുന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും സാധിക്കാത്തതാണ് ഇപ്പോളത്തെ യുവതലമുറ ചെയ്യുന്നത്. തീര്‍ച്ചയായും ആ കാര്യത്തില്‍ ഞാന്‍ യുവജനപ്രസ്ഥാനത്തിന്‍റെ പ്രധാന അമരക്കാരനായിരിക്കുന്ന ക്രിസോസ്റ്റമോസ് തിരുമേനിയേയും അതുപോലെ തന്നെ ജനറല്‍ സെക്രട്ടറി വര്‍ഗീസ് വര്‍ഗീസ് അച്ചനേയും വൈസ് പ്രസിഡന്‍റിനെയും അനുമോദിക്കുന്നു. വിളക്കുമരം പോലെ ശോഭിക്കുന്ന കഷ്ടപ്പാടുകളിലൂടെ പോകുന്ന വൈദികരുണ്ട്. അതിലൊരാളായ തോമസ് പോള്‍ റമ്പാച്ചന്‍, എന്തു മാത്രം പീഡനങ്ങളും പരിഹാസങ്ങളുമാണ് അനുഭവിക്കുന്നത്. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തതെന്ന് ആര്‍ക്കും പറയാനില്ല. ചേലക്കര പള്ളി വികാരിയായ കെ. പി. ഐസക്ക് അച്ചന്‍, ഒരു കാരണവും ഇല്ലാതെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. അദ്ദേഹം ചെയ്തതോ, നമുക്ക് അവകാശമുള്ള പള്ളിയ്ക്കകത്ത് പ്രവേശിച്ച് നമസ്കരിച്ചു. 42 പേരെയാണ് അന്ന് ജയിലില്‍ അടയ്ക്കുവാന്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. 11 സ്ത്രീകള്‍ ഉണ്ടായിരുന്നു. ബാക്കി 31 പേരും ജയിലില്‍ അടയ്ക്കപ്പെട്ടു. ഇങ്ങനെയുള്ള ശാപങ്ങള്‍, ദൈവകോപങ്ങള്‍ ഇതൊക്കെ പ്രവര്‍ത്തിച്ചവര്‍ക്ക് മായിച്ച് കളയുവാന്‍ ഒക്കും എന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കില്‍ ദൈവം മരിച്ചവനായിരിക്കണം. ദൈവമില്ലാത്തിടത്ത് ഇത് ചേരും. അന്നത്തെ മുഖ്യമന്ത്രിയോട് ഞാന്‍ ചോദിച്ചു. എന്താണ് ഇങ്ങനെ ചെയ്തത്? നിയമം ലംഘിച്ചു എന്ന് മറുപടി. ഞാന്‍ വീണ്ടും ചോദിച്ചു, നിയമം ലംഘിക്കുന്നവരോട് എല്ലാം ഇങ്ങനെയാണോ ചെയ്യുന്നത് എന്ന്. മൗനം ആയിരുന്നു ഉത്തരം. പ്രിയമുള്ളവരേ, അങ്ങനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ദൈവത്തില്‍ ആശ്രയിക്കുക. ക്രിസ്തുവിന്‍റെ സാക്ഷ്യം ഉണ്ടാകട്ടെ. അടി പതറേണ്ട ആവശ്യമില്ല. ആരെങ്കിലും പരിഹസിക്കട്ടെ. ആരെങ്കിലും ഉപദ്രവിക്കട്ടെ. ആരെങ്കിലും വഞ്ചിക്കട്ടെ. എന്തെങ്കിലും ആയിക്കൊള്ളട്ടെ. നമ്മള്‍ എടുക്കുന്ന നീതിയുടെ നിലപാടുകള്‍ക്കും ശരിയുടെ നിലപാടുകള്‍ക്കുമായി നമുക്ക് ജീവിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.