പുതിയ പാഠങ്ങളും മാതൃകകളും കാണിച്ചുതന്ന എന്‍റെ പ്രിയ പത്നി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

30 വര്‍ഷങ്ങള്‍ എന്നോടൊപ്പം ജീവിച്ച എന്‍റെ ജീവിതപങ്കാളിയുടെ യാത്രയയപ്പിലാണ് നാമിന്ന് സംബന്ധിച്ചത്. ദൈവത്തോടും മനുഷ്യരോടുമുള്ള സത്യസന്ധതയും വിശ്വസ്തതയും സ്നേഹവും എന്താണ് എന്ന് എനിക്ക് പുതിയ പാഠങ്ങള്‍ പഠിപ്പിച്ചുതന്ന ഒരാളായിരുന്നു എന്‍റെ പ്രിയ പത്നി.

ഞങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായഭിന്നതകള്‍ ഒന്നും ഉണ്ടായിട്ടില്ല. ഒരുമിച്ചു നില്‍ക്കുന്നതിനും, മനുഷ്യര്‍ക്കു വേണ്ടിയും സഭയ്ക്കു വേണ്ടിയും എളിയ കാര്യങ്ങളൊക്കെ ചെയ്യുന്നതിനും എന്‍റെ എല്ലാ ശ്രമങ്ങളിലും എനിക്ക് ഉപദേശവും മാര്‍ഗ്ഗദര്‍ശനവും എന്‍റെ പ്രിയ പത്നി നല്‍കിയിരുന്നു എന്നുള്ളത് ഞാനിപ്പോള്‍ നന്ദിയോടെ ഓര്‍ക്കുന്നു.
നമ്മുടെ ബാഹ്യമായ വിദ്യാഭ്യാസത്തേക്കാള്‍ കൂടുതലായിട്ട് വിവേകവും മനുഷ്യസ്നേഹവും നല്ല ബന്ധങ്ങളുംകൊണ്ട് പുതിയ മാതൃകകള്‍ എന്‍റെ ജീവിതത്തില്‍ എനിക്ക് കാണിച്ചുതന്നു. ഇതൊക്കെയും പരസ്യമായിട്ട് സാക്ഷ്യമായിട്ട് ഞാന്‍ പറയുകയാണ്. ദൈവത്തിന്‍റെ സന്നിധിയില്‍ അക്കാര്യത്തില്‍ എനിക്ക് വളരെയേറെ നന്ദിയുണ്ട്.

ഇന്നിവിടെ സന്നിഹിതനാകാതെ ആശുപത്രിയില്‍ കഴിയുന്ന കോട്ടയം ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്താ അഭിവന്ദ്യനായ ഈവാനിയോസ് തിരുമേനി മൂന്നു പ്രാവശ്യം രോഗ സൗഖ്യത്തിനുവേണ്ടി തൈലാഭിഷേകം നടത്തി. രണ്ടു പ്രാവശ്യവും അത്ഭുതകരമായ സൗഖ്യമുണ്ടായി. മൂന്നാം പ്രാവശ്യം ദൈവത്തിന്‍റെ ഇഷ്ടമാണ് എന്ന് ഞങ്ങള്‍ക്കും അറിയാമായിരുന്നു. എങ്കിലും തിരുമേനി തൈലാഭിഷേകം നടത്തുകയും ദേവലോകം അരമന അസി. മാനേജരായിരിക്കുന്ന ജോമോന്‍ അച്ചന്‍ പിറ്റേദിവസം വി. കുര്‍ബ്ബാന കൊടുക്കുകയും ചെയ്തു. എല്ലാതരത്തിലും ഒരുക്കത്തോടുകൂടിയാണ് ഈ പ്രിയ സഹോദരി ഇവിടെനിന്നു കടന്നുപോയത്.

ക്യാന്‍സര്‍ രോഗം ആരംഭിച്ചിട്ട് ഏഴു വര്‍ഷമായി. ഇത് ഞങ്ങള്‍ക്ക് ഒരു ആത്മീയ സമരമായിരുന്നു. ആദ്യത്തെ ഷോക്ക് അങ്ങോട്ടു കഴിഞ്ഞപ്പോള്‍, വൈദ്യന്മാരുടെ സാമര്‍ത്ഥ്യമോ മരുന്നിന്‍റെ ശക്തിയോ കൊണ്ടൊന്നുമല്ല ഈ രോഗത്തില്‍ നിന്നു കര കയറാന്‍ സാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വ്യക്തമായി. അപ്പോഴാണ് ആ ചെറിയ പുസ്തകം (‘എന്‍റെ കൃപ നിനക്കു മതി’) രചിച്ചത്. ദൈവത്തിന്‍റെ കൃപയും നമ്മുടെ മനസ്സിന്‍റെ ശക്തിയും ഒരുമിച്ചുപയോഗിച്ച്, ആറു മാസമെന്ന് ഡോക്ടര്‍മാര്‍ വിധി കല്പിച്ച ഒരു രോഗത്തെ ഏഴു വര്‍ഷത്തിലധികം മറികടന്നു എന്നുള്ളതാണ് സത്യം. അതിനിടയില്‍ ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. എളിയ കാര്യങ്ങളാണെന്നു തോന്നാം; എന്നാല്‍ ഞങ്ങളുടെ ജീവിതത്തില്‍ അത് വലിയ പ്രകാശം പരത്തിയ സന്ദര്‍ഭങ്ങളായിരുന്നു.

എല്ലാവരെയും ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. ഞാന്‍ വളരെ ദൂരത്ത് ഒരു പള്ളിയില്‍ ചെന്നു. വി. കുര്‍ബ്ബാന അണയ്ക്കുവാന്‍ എന്‍റെ കയ്യില്‍ തക്സാ ഇല്ലാതിരുന്നതുകൊണ്ട് അവിടുത്തെ അച്ചന്‍റെ തക്സാ വാങ്ങിച്ച് (ഞാന്‍ പഠിപ്പിച്ച അച്ചന്‍ പോലുമല്ല) തൂയോബോയ്ക്കു വേണ്ടി തുറന്നപ്പോള്‍ അതിനകത്ത് ചില രോഗികളുടെ പേരുകള്‍ കണ്ടു. അതില്‍ ആദ്യത്തെ പേര് ഇപ്പോള്‍ നമ്മള്‍ യാത്രയയച്ച ഈ സഹോദരിയുടേതായിരുന്നു. എന്‍റെ ഹൃദയം വളരെ കുളിര്‍ത്തു. ഇങ്ങനെ അദൃശ്യമായ സ്ഥലങ്ങളില്‍ നിന്നൊക്കെ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇതിലൂടെ രോഗം എന്നു പറയുന്നത് ഒരു അനുഗ്രഹത്തിന്‍റെ മാര്‍ഗ്ഗമാണ് എന്ന് ഒരുമിച്ചു പറയുവാന്‍ തക്കവിധമുള്ള ഒരു അനുഭവത്തിലൂടെ ദൈവം ഞങ്ങളെ കടത്തിക്കൊണ്ടുപോയി. രോഗം അനുഗ്രഹമാണ് ശാപമല്ല എന്നു നമുക്ക് പറയുവാന്‍ സാധിക്കുന്നവിധം ദൈവം കാരുണ്യപൂര്‍വ്വം ഞങ്ങളെ അനുഗ്രഹിച്ചു. അതുകൊണ്ട് വളരെ സമാധാനത്തോടു കൂടിയാണ് ഈ പ്രിയ സഹോദരി ഇവിടെനിന്ന് കടന്നുപോയത്. ഞങ്ങള്‍ എല്ലാവരും ഭവനത്തില്‍ ഒരുമിച്ച് കട്ടിലില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഞങ്ങളുടെ മദ്ധ്യത്തില്‍ നിന്ന് വളരെ ശാന്തമായി തന്‍റെ നിത്യമായ ഭവനത്തിലേക്ക് കടന്നുപോയിരിക്കുകയാണ്. നല്ല പ്രത്യാശയോടും ധൈര്യത്തോടും കൂടിയാണ് ഞാനിത് പറയുന്നത്. എനിക്ക് സങ്കടം ഉണ്ടെങ്കിലും സങ്കടത്തേക്കാള്‍ ഉപരിയായ പ്രകാശവും പ്രത്യാശയും ദൈവം നല്‍കിയിരിക്കുന്നു.

ഞങ്ങള്‍ ചികിത്സിച്ചുകൊണ്ടിരുന്ന കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് സിസ്റ്റേഴ്സും അവിടെ ചികിത്സയ്ക്കു വരുന്ന രോഗികളും എല്ലാംതന്നെ ഞങ്ങളുടെ സ്നേഹിതരായിത്തീര്‍ന്നു. അതിലൂടെ ഒത്തിരി നല്ല സ്നേഹബന്ധങ്ങള്‍ ഉണ്ടായി. ഞാന്‍ താമസിക്കുന്ന ദേവലോകത്ത് പടിഞ്ഞാറുവശത്ത് പത്തുപതിനാലു വീട്ടുകാര്‍ ഉണ്ട്. മുസ്സീങ്ങളുണ്ട്, ഹിന്ദുക്കളുണ്ട്, കത്തോലിക്കരുണ്ട്, ഓര്‍ത്തഡോക്സുകാരുണ്ട്. പക്ഷേ, ഞങ്ങളെല്ലാവരും കൂടി ഉള്ള ഒരു വലിയ കൂട്ടായ്മയുണ്ട്. അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും വന്നില്ല. ഈ രോഗമുള്ള അവസരങ്ങളിലൊക്കെ എന്നെ സഹായിക്കാനും ഭക്ഷണം തയ്യാറാക്കാനും രോഗിയെ ശുശ്രൂഷിക്കാനുമൊക്കെ ആളുകള്‍ ഉണ്ടായിരുന്നു. അതുപോലെ ഞങ്ങളുടെ രണ്ടു കുടുംബത്തിലുംപെട്ട ബന്ധുക്കള്‍ വളരെയധികം കഷ്ടപ്പെടുകയും സഹായിക്കുകയും ചെയ്തു. ഇതൊക്കെ ഒരു അവസരം കിട്ടിയതുകൊണ്ട് ഞാന്‍ നന്ദിയോടെ പറയുകയാണ്.

ഇത് എന്‍റെ ഇടവകപ്പള്ളിയാണ്. ഞാന്‍ വളരെ സ്നേഹിക്കുന്ന ഒരു പള്ളിയാണ്. എന്‍റെ ഭാര്യയും ഈ പള്ളിയെ വളരെയേറെ സ്നേഹിച്ചിരുന്നു. ഇവിടെ കബറു പണിയുന്നതിനെക്കുറിച്ച്, കബര്‍ ഭംഗിയായി സൂക്ഷിക്കുന്നതിനെക്കുറിച്ച് എനിക്ക് വലിയ താല്പര്യമില്ലാത്ത സന്ദര്‍ഭത്തില്‍പോലും അതിനെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന ആളാണ്. എന്‍റെ മാതാവും പിതാവും മരിച്ചു കഴിഞ്ഞ് ഇനി നമ്മളില്‍ ആരാണ് അടുത്തത് പോകുന്നതെന്ന് പലപ്പോഴും ചോദിക്കുമായിരുന്നു. അതുകൊണ്ട് വളരെ ഒരുക്കത്തോടുകൂടി ഈ പള്ളിയോടുള്ള ആത്മബന്ധത്തില്‍ ഈ പള്ളിയുടെ നിത്യമായ പ്രശാന്തതയിലേക്ക് ഈ സഹോദരി കടന്നുപോയിരിക്കുന്നു.

(മിസ്സിസ് മറിയം ജോര്‍ജ്ജിന്‍റെ ശവസംസ്ക്കാര ശുശ്രൂഷയില്‍ നടത്തിയ നന്ദി പ്രകടനത്തിലെ പ്രസക്ത ഭാഗങ്ങള്‍. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)