രണ്ടു വൈദികരുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി; മറ്റു രണ്ടുപേരുടേത് സുപ്രീം കോടതി വിധി പറയാൻ മാറ്റി

തിരുവല്ല∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന ഓർത്തഡോക്സ് സഭാ വൈദികരായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേട്ട് കോടതി തള്ളി. ഇതേസമയം, കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി.

ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി.മാത്യു എന്നിവരെ കഴിഞ്ഞയാഴ്ചയാണു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വൈദികർക്ക് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നു തിരുവല്ല മജിസ്ട്രേട്ട് അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ല. രണ്ടാം പ്രതി ജോബ് മാത്യുവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കും. മൂന്നാം പ്രതി ജോൺസൺ വി.മാത്യുവിനെതിരായ ആരോപണങ്ങൾ ലഘുവായി കാണാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിനായി വൈദികർ ഹൈക്കോടതിയെ സമീപിച്ചേക്കും.

ഇതേസമയം, ഫാ. ഏബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി മുൻപാകെ, കോടതി ഉത്തരവുണ്ടാവുംവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നു സംസ്ഥാന സർക്കാർ ഇന്നലെ വ്യക്തമാക്കി. ഹർജിക്കാരുടെയും എതിർകക്ഷിയുടെയും കുടുംബങ്ങള

ുടെ സ്വകാര്യത പരിഗണിച്ചു രഹസ്യവാദം അനുവദിക്കുന്നത് ഉചിതമായിരിക്കുമെന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ ആർ. ബസന്ത് രാവിലെ സുപ്രീം കോടതി കേസ് പരാമർശിച്ചപ്പോൾ അഭിപ്രായപ്പെട്ടു. എതിർപ്പില്ലെന്നു സംസ്ഥാന സർക്കാരും നിലപാടെടുത്തു.

തുടർന്ന് ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച്, ചേംബറിലാണു കേസ് പരിഗണിച്ചത്. ജാമ്യമനുവദിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. ഹർജിക്കാർക്കുവേണ്ടി തോമസ് പി.ജോസഫ്, ബെച്ചു കുര്യൻ തോമസ്, എ.കാർത്തിക്, രശ്മിത ആർ.ചന്ദ്രൻ എന്നിവരും സംസ്ഥാന സർക്കാരിനുവേണ്ടി വി.ഗിരിയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി.