ഇന്നറിയാം ഭാഗ്യശാലിയെ, ആ മെഴ്‌സിഡസ് ബെന്‍സ് ആര്‍ക്ക്?


ജോര്‍ജ് തുമ്പയില്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി ആരു സ്വന്തമാക്കാമെന്നു ഇന്നറിയാം. ഒപ്പം, 40 ഗ്രാം സ്വര്‍ണ്ണം വീതം രണ്ടു പേര്‍രെയും എറ്റവും പുതിയ ഐ ഫോണ്‍ എക്‌സ് മൂന്നു പേരെയും കാത്തിരിക്കുന്നു. ഭാഗ്യശാലികളെ കണ്ടെത്താന്‍ ഇനി അധികനേരമില്ല. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഇന്നു വിരാമമാകുന്നത്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥമാണ് റാഫിള്‍ നറുക്കെടുപ്പു നടത്തുന്നത്. ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമാണ് ബെന്‍സ് എസ്.യു.വി. വിപുലമായ സജ്ജീകരണങ്ങളാണ് നറുക്കെടുപ്പിനായി നടത്തിയിരിക്കുന്നത്. പെന്‍സില്‍വേനിയയിലെ കലഹാരി കണ്‍വന്‍ഷന്‍ സെന്ററിലാണ് ത്രിദിന ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സ് 21-നു സമാപിക്കും. അതിനു മുന്‍പായി നടത്തുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് തിരികെ വീട്ടിലേക്ക് ഓടിച്ചു പോകാനുള്ള കാര്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ലോബിയില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു ഡിസ്‌പ്ലേ ചെയ്തിരിക്കുകയാണ്. കോണ്‍ഫറന്‍സിനു മുന്നോടിയായി നടത്തിയ ഘോഷയാത്രയിലും ബെന്‍സ് കാര്‍ താരമായി അവതരിപ്പിച്ചിരുന്നു. ഭാഗ്യദേവത ആരുടെ കൂടെയാണെന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം, ഏതാനും മണിക്കൂറുകള്‍ കൂടി. ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നായി 1040 അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമേ, നിരവധി വിശ്വാസികള്‍ റാഫിളില്‍ ഭാഗ്യം മാറ്റുരക്കുന്നു. അവരുടെ ദിവസങ്ങള്‍ നീണ്ട ഉദ്വേഗത്തിനാണ് ഇന്ന് അവസാനമാവുക. അത് ആരന്നറിയാന്‍ ഇനി മണിക്കുറുകള്‍ മാത്രം.