ഓസ്ട്രേലിയ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ റീജിയനിലെ വൈദികരുടെ ഏകദിന സമ്മേളനം ജൂണ്‍ 15-ാം തീയതി വെള്ളിയാഴ്ച അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയെയും വന്ദ്യ വൈദികരേയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്‍റെ നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് സ്വീകരിക്കും. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ തിരുമേനി അധ്യക്ഷത വഹിക്കും. മെല്‍ബണ്‍ സെന്‍റ്.മേരീസ് കത്തീഡ്രല്‍ അസിസ്റ്റന്‍റ് വികാരി ഫാ.സജു ഉണ്ണൂണ്ണി ധ്യാനപ്രസംഗം നിര്‍വ്വഹിക്കും. തുടര്‍ന്ന് റീജിയന്‍-ഭദ്രാസനതല പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കും. വൈദിക സമ്മേളനത്തോട് അനുബന്ധിച്ച് ഉച്ച കഴിഞ്ഞ് 2 മണിക്ക് ഓസ്ട്രേലിയയിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള ഭദ്രാസന പ്രതിനിധികളുടേയും ഓസ്ട്രേലിയന്‍ കമ്യൂണിറ്റി സെന്‍റര്‍ പ്രതിനിധികളുടേയും യോഗം ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.