വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ്  മലങ്കരയിലേക്ക് : കുടശ്ശനാട് കത്തീഡ്രലിന്  ഇത് പുണ്യ നിമിഷം

പന്തളം : കുടശ്ശനാട് സെ. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയം  അപൂര്‍വ നിയോഗത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം  ഒരുങ്ങുന്നു. ഇടവകയുടെ മധ്യസ്ഥനായ  വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ (സെയ്ന്റ് സ്റ്റീഫന്‍)  തിരുശേഷിപ്പ് നാളെ (ഏപ്രില്‍ 7 ന്) രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍  സ്ഥാപിച്ചിരിക്കുന്ന പ്രത്യേക പേടകത്തില്‍ പ്രതിഷ്ഠിക്കും. പ്രതിഷ്ഠശുശ്രുഷകള്‍ക്ക്  ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസ്, ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ നേതൃത്വം നല്‍കും.
‘സ്‌തെഫനോസ്’ എന്ന ഗ്രീക്ക് വാക്കിന് ‘കീരീടം’ എന്നും  , ‘സഹദാ’ എന്നതിന്   ‘രക്തസാക്ഷി’ എന്നുമാണ്  അര്‍ഥം. ക്രൈസ്തവ സഭയിലെ ആദ്യ  രക്തസാക്ഷിയായ സ്‌തെഫനോസിന്റെ  ജീവചരിത്രം വിശുദ്ധ വേദപുസ്തകത്തില്‍ അപ്പോസ്‌തോല പ്രവൃത്തികളില്‍ 6 ,7  അധ്യായങ്ങളില്‍ രേഖ പ്പെടുത്തിയിട്ട് ഉണ്ട്. എ.ഡി 34 ലാണ് ക്രൈസ്തവ സഭയിലെ ആദ്യ ശെമ്മാശന്‍ കൂടിയായ അദ്ദേഹത്തെ മതപീഡനങ്ങള്‍  നടക്കുന്ന സമയത്തു  കല്ലുകള്‍ എറിഞ്ഞു ക്രൂരമായി വധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ തിരുശേഷിപ്പു  ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഗ്രീസിലെ പുരാതന ഓര്‍ത്തഡോക്‌സ് ക്രൈസ്തവ ആശ്രമമായ മൗണ്ട് അത്തൊസില്‍ നിന്നാണ് കുടശ്ശനാട് കത്തീഡ്രല്‍  ദേവാലയത്തിലേക്ക് തിരുശേഷിപ്പ് എത്തിക്കുന്നത്. 341 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിക്കപ്പെട്ട  കുടശ്ശനാട് കത്തീഡ്രലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വിശുദ്ധ സ്‌തെഫനോസിന്റെ നാമത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ദേവാലയം.
 ഒരു ദേവാലയത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയായ ‘കത്തീഡ്രല്‍’ പദവി  1984 ല്‍ സഭ ഈ ദേവാലയത്തിനു നല്‍കി.  ഏകദേശം 800 -ല്‍ പരം  കുടുംബങ്ങള്‍ അംഗങ്ങളായിട്ട് ഉള്ള ഈ ഇടവക  അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ള  വൈദീകരും, അത്മായ നേതാക്കളും  സഭയുടെ വിവിധ തലങ്ങളില്‍ അനുഗ്രഹീത  ശുശ്രുഷ നിര്‍വഹിക്കുന്നു.