നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും നടത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനത്തിനു മുന്നോടിയായി ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും നൂറു കണക്കിനു വിശ്വാസികള്‍ ഉച്ചയ്ക്ക് 2 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ സംഗമിച്ചു. ഇരുചക്ര വാഹനങ്ങളില്‍ യുവതീ യുവാക്കന്മാരും കാറുകളും അണിനിരന്ന വാഹനറാലി തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ നിന്നും ആരംഭിച്ച് റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍റര്‍ വഴി കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ എത്തിച്ചേര്‍ന്നു. ഭദ്രാസന മെത്രാപ്പോലീത്തായെയും സഭാ വൈദിക ട്രസ്റ്റി ബഹു.എം.ഒ.ജോണ്‍ അച്ചനെയും ഹാരം അണിയിച്ച് പളളിയിലേക്ക് ആനയിച്ചു. 3 മണിക്ക് പ്രാര്‍ത്ഥനായോഗം ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ.ഫാ.എബി വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ.ഫാ.ഡോ.എം.ഒ.ജോണ്‍ സഭാദിന സന്ദേശം നല്‍കി. വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍-എപ്പിസ്കോപ്പ, ഇടവക വികാരി റവ.ഫാ.ഷൈജു കുര്യന്‍, സഭാ മാനേജിംഗ് കമ്മറ്റിയംഗം ശ്രീ.കെ.എ.എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ.റോമിക്കുട്ടി മാത്യു, പ്രാര്‍ത്ഥനായോഗം ട്രഷറാര്‍ ശ്രീ.ലിജോ പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. പ്രാര്‍ത്ഥനായോഗം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.മാത്യു സ്കറിയ പ്രാര്‍ത്ഥനായോഗം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.