സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

നമ്മുടെ കര്‍ത്താവും ദൈവവുമായ യേശുമശിഹായുടെ രക്ഷാകരമായ പീഡാനുഭവത്തിലേക്കും ഉയിര്‍പ്പ് പെരുന്നാളിലേക്കും നമ്മെ നയിക്കുന്ന വലിയ നോമ്പിന്‍റെ ധന്യമായ വ്രതവഴികളിലൂടെ പരിശുദ്ധ സഭ പ്രയാണം ചെയ്യുന്ന നാളുകളിലാണ് നാമേവരും. ക്രിസ്തുവിന്‍റെ സഹനത്തിന് കൂട്ടാളികളായിരുന്നുകൊണ്ട് ക്രൂശിലെ തന്‍റെ തിരുരക്തത്താല്‍ നമ്മുടെ ആത്മശരീരമനസ്സുകളുടെ പാപമാലിന്യങ്ങളെ കഴുകി കളയുവാനും, വിശുദ്ധമായ രക്ഷിത സമൂഹമായി ലോകത്തില്‍ ഉത്തമ സാക്ഷ്യം നിര്‍വ്വഹിക്കുവാനും നമുക്ക് നമ്മെത്തന്നെ ദൈവസന്നിധിയില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാം. മാനസാന്തരത്തിന്‍റെയും, ആത്മതപനത്തിന്‍റെയും, നോമ്പുപവാസങ്ങളുടെയും, ദാനധര്‍മ്മത്തിന്‍റെയും ആത്മീയ പാഠങ്ങളെ സ്വജീവിതത്തില്‍ സ്വാംശീകരിച്ചുകൊണ്ട് ഉയിര്‍പ്പിന്‍റെ സന്തോഷവും സമാധാനവും സഭയിലും സമൂഹത്തിലും അനുഭവവേദ്യമാക്കുവാന്‍ ദൈവം തമ്പുരാന്‍ ഇടയാക്കട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കുന്നു.

ദൈവത്തെ മറന്നുള്ള ആധുനിക തലമുറയുടെ ജീവിതശൈലി മൂലമുള്ള ദുരന്തങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഭീതി ജനിപ്പിക്കത്തവിധം വെളിപ്പെട്ടുവരികയാണ്. എനിക്ക് വിശന്നു, നിങ്ങള്‍ എനിക്ക് ഭക്ഷിക്കുവാന്‍ തന്നുവോ? എന്ന ചോദ്യം മനുഷ്യന്‍റെ ദൈവീക ന്യായവിധിയുടെ അളവുകോലാണെന്ന് വിശുദ്ധ വേദം അനുശാസിക്കുന്നുവല്ലോ. അങ്ങനെയിരിക്കെ പ്രബുദ്ധ കേരളത്തില്‍ വിശപ്പിന്‍റെ വിളി സഹിക്കാനാവാതെ, ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നു എന്ന ഭീകര സത്യം നമ്മുടെ മത-ആത്മീയ-ധാര്‍മ്മിക ബോധ്യങ്ങള്‍ക്ക് സംഭവിച്ച കനത്ത ജീര്‍ണ്ണതയും അധ:പതനവുമാണ് വെളിവാക്കുന്നത്. പെറ്റമ്മ സ്വന്തം മകനെ കൊലപ്പെടുത്തുന്നതിനും, സ്വന്തം അമ്മയെ മകന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊല്ലുന്നതിനും, നാം സാക്ഷ്യം വഹിക്കുമ്പോള്‍ എത്രമാത്രം ഭയാനകമായ നിലയില്‍ നമ്മുടെ സാമൂഹിക കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് നമ്മെ അലോസരപ്പെടുത്തേണ്ട വസ്തുതയാണ്. മതത്തിന്‍റെയും ജാതിയുടെയും പേരിലുള്ള അരാജകത്വവും അക്രമവും യുദ്ധഭീഷണികളും പ്രകൃതി ദുരന്തങ്ങളും എല്ലാം മനുഷ്യന്‍ ദൈവത്തിങ്കലേക്കും മാനവീകതയിലും ദൈവസ്നേഹത്തിലും ഊന്നിയ ജീവിത ശൈലിയിലേക്കും മടങ്ങിവരേണ്ടതിന്‍റെ ആവശ്യകതയാണ് ഓര്‍മ്മപ്പെടുത്തുന്നത് എന്ന സത്യം നാം തിരിച്ചറിയണം.

വാത്സല്യമക്കളെ,

2018-ലെ കാതോലിക്കാദിനം മാര്‍ച്ച് 18-ന് ഞായറാഴ്ച മലങ്കരയിലെങ്ങും മാതൃകാപരമായ പരിപാടികളിലൂടെ ആചരിക്കുവാന്‍ നാം ഒരുങ്ങുകയാണല്ലോ. മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്‍റെയും സ്വയംശീര്‍ഷകത്വത്തിന്‍റെയും പ്രതീകമായ കാതോലിക്കേറ്റിന്‍റെ ഉത്തമ കാവല്‍ഭടന്മാരായി ഭാരതത്തിന്‍റെ ദേശീയ സഭയെന്ന അവബോധത്തോടെ ഈ ദേശത്ത് അനുഗൃഹീതമായ സാക്ഷ്യം നിറവേറ്റുക എന്ന നിയോഗമാണ് ദൈവം നമ്മെ ഭരമേല്‍പിച്ചിരിക്കുന്നത് എന്ന് നാം ഓര്‍ക്കണം. ബഹു. സുപ്രീംകോടതിയുടെ ഇപ്പോഴുണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സഭാംഗങ്ങള്‍ ഏവരും ഒന്നായിത്തീരേണ്ടത് അങ്ങേയറ്റം ആവശ്യമാണ്. പരിശുദ്ധ സഭയുടെ മക്കള്‍ മുഴുവനും ഒരേ വിശ്വാസത്തിന്‍റെ പൈതൃകം പേറുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ്. സ്പര്‍ദ്ധയും വിദ്വേഷവും വെടിഞ്ഞ് ഏക ആരാധന സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കൂടിവരുന്ന അനുഗൃഹീത മുഹൂര്‍ത്തത്തിനുവേണ്ടി മലങ്കരസഭ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്. ഈ ലക്ഷ്യത്തെ ദോഷമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കരസഭാ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകുവാന്‍ പാടില്ല; അതേസമയം, നീതി നിര്‍വ്വഹണം ഉണ്ടാകുന്നത് ഇനിയും വൈകിക്കൂടാ. പ. സഭയിലെ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാകുന്നതുവരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ആയതിനായി ഏവരുടെയും പ്രാര്‍ത്ഥനയും സഹായവും പങ്കാളിത്തവും ദൈവനാമത്തില്‍ ഉണ്ടാകണം എന്ന് നാം നിങ്ങളോട് ആവശ്യപ്പെടുന്നു.

പ്രിയരെ, പരിശുദ്ധ സഭയിലെ പരിശുദ്ധാത്മാഭിഷേകത്തിന്‍റെ ദൃശ്യപ്രതീകമായ വിശുദ്ധ മൂറോന്‍ 2018 മാര്‍ച്ച് 23-ന് നാല്‍പതാം വെള്ളിയാഴ്ച കൂദാശ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നിര്‍വ്വഹിച്ചുവരികയാണ്. ഏറെ ഭക്തിയോടും വിശുദ്ധിയോടും ഒരുക്കത്തോടും കൂടി സഭ മുഴുവന്‍ ഈ കൂദാശയുടെ അനുഗ്രഹകരമായ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിക്കേണ്ട കാലമാണിത്. മലങ്കരസഭയുടെ വളരെ പ്രധാനപ്പെട്ട ഈ സമിതിയുടെ അംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും വിശുദ്ധിയോടുംകൂടി ഈ കൂദാശയില്‍ വന്ന് സംബന്ധിക്കണം.

(2018 മാര്‍ച്ച് ഒന്നിന് കോട്ടയം പഴയസെമിനാരിയില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)