ദീപക്കാഴ്ചകളുമായി ദനഹ ആഘോഷം തുടങ്ങി..

കുന്നംകുളം: വീടുകളിലും ദേവാലയങ്ങളിലും ദീപാലങ്കാരങ്ങള്‍ ഒരുക്കി ദനഹ ആഘോഷം തുടങ്ങി. ക്രിസ്തുദേവന്റെ മാമോദീസ ചടങ്ങിനെ  പ്രാധാന്യത്തോടെയാണ് നഗരത്തിലെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. നഗരത്തില്‍ പ്രതാപത്തില്‍ നിന്നിരുന്ന അങ്ങാടികളിലാണ് ദനഹ പെരുന്നാളിന് തുടക്കം കുറിച്ചത്. വീടുകള്‍ക്ക് മുന്നില്‍ പിണ്ടി കുത്തി ചിരാതുകളില്‍ ദീപങ്ങളും മെഴുകുതിരികളും തെളിയിച്ചു. വൈദ്യുത ദീപങ്ങളാല്‍ വീടുകളും വീഥികളും അലങ്കരിച്ചു. അങ്ങാടികളിലെ ആരാധനാലയങ്ങളും ആഘോഷത്തില്‍ ദീപാലംകൃതമായി. നിറശോഭ പകരുന്ന പൂത്തിരികളും പടക്കങ്ങളുമായതോടെ ദനഹ വര്‍ണക്കാഴ്ചകളായി. അങ്ങാടികളിലെ വര്‍ണാഭമായ കാഴ്ചകള്‍ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമെത്തി. ദനഹ പെരുന്നാള്‍ ദിനമായ ശനിയാഴ്ച ഓര്‍ത്തഡോക്‌സ് പള്ളികളില്‍ രാവിലെ വെള്ളം വാഴ്വി

ന്റെ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയുണ്ടാകും. ദനഹ പ്രധാന പെരുന്നാളായി ആഘോഷിക്കുന്ന തെക്കേഅങ്ങാടി സെന്റ് മത്ഥ്യാസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാനമസ്‌കാരം, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടായി.