വരിക്കോലി പളളി വികാരിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: അഡ്വ. ബിജു ഉമ്മന്‍

വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ പട്ടാപകല്‍ നടുറോഡില്‍ വച്ച് കൊലപ്പെടുത്തുവാനുള്ള ഉദ്ദേശ്യത്തോടുകൂടി അക്രമിച്ചവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും, യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍  ആവശ്യപ്പെട്ടു.
ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന വൈദികനെ അക്രമികള്‍ പിന്‍തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടികയറിയ ഭവനത്തിലും എത്തി കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ വീണ്ടും അക്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും യഥാര്‍ത്ഥ അക്രമികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുവാന്‍ പോലീസ് ഉന്നതാധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നു.

ചിലപ്രാദേശിക നേതാക്കന്മാരുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ബന്ധപ്പെട്ട പോലീസ് ഉദ്ധ്യാഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്ന പക്ഷം മലങ്കര ഓര്‍ത്തഡോക്സ് സഭ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്‍പോട്ട് പോകും എന്നും സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സഭാസമാധാന ശ്രമങ്ങളെ അട്ടിമറിക്കുവാനുള്ള ചിലരുടെ ഗൂഡ ശ്രമമാണ് ഈ അക്രമത്തിന് പിന്നിലെന്നും അഡ്വ. ബിജു ഉമ്മന്‍   പ്രസ്താവിച്ചു.

പെരുമ്പാവൂരില്‍ റ്റി. എം. വര്‍ഗീസിനെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഈ ശ്രമത്തിന്‍റെ പിന്നിലെന്ന് സഭ സംശയിക്കുന്നതായും. അക്രമത്തില്‍ കൂടി സഭയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുവാന്‍ ആരെയും അനുവദിക്കുകയില്ലയെന്നും ഇത്തരം അക്രമപ്രവര്‍ത്തനത്തിനെതിരെ സമൂഹമന:സാക്ഷി ഒന്നായി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.