ഡബ്ലിൻ: അയർലണ്ടിൽ പ്രഥമ സന്ദർശനത്തിന് എത്തിച്ചേർന്ന മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിൻ എയർപോർട്ടിൽ ഫാ.അനിഷ് കെ.സാം, ഫാ.എൽദോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. മെയ് 12 മുതൽ 14 വരെ Ovoca Manor Retreat Centre, Co. Wicklow-ൽ വച്ച് നടത്തപ്പെടുന്ന അയർലണ്ട് ഫാമിലി കോൺഫറൻസിൽ അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകും. വിശുദ്ധന്മാരോടുള്ള മധ്യസ്ഥത എന്നതാണ് മുഖ്യ ചിന്താവിഷയം. ആരാധനകൾ, വേദപഠനം, ക്ലാസുകൾ, ആരാധനാ സംഗീത പരിശീലനം, വിവിധ സമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടത്തപ്പെടും. മെയ് 20 ശനിയാഴ്ച ലിമെറിക്ക് സെൻറ്.ജോർജ് പള്ളിയുടെ പെരുന്നാളിലും, വാട്ടർഫോർഡ് സെൻറ്.ഗ്രീഗോറിയോസ് പള്ളിയുടെ പ്രാർത്ഥനാ യോഗത്തിലും തിരുമേനി മുഖ്യ കാർമ്മികൻ ആയിരിക്കും. മെയ് 21 ഞായറാഴ്ച കോപ്റ്റിക് ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പോപ് തേവദ്രോയോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അന്നേ ദിവസം ഡബ്ലിൻ സെൻറ്.തോമസ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകയുടെ ദശവർഷ ജൂബിലി സുവനീർ തിരുമേനി പ്രകാശനം ചെയ്യും. മെയ് 24 ബുധനാഴ്ച അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ സ്വർഗ്ഗാരോഹണ പെരുന്നാൾ ശുശ്രൂഷകൾ ഡബ്ലിനിൽ നടത്തപ്പെടും.