മാർപാപ്പ പെന്തക്കൊസ്തു പാസ്റ്റർമാരുമായി കൂടിക്കാഴ്ച്ച നടത്തി

francis_pope_pentecost

വത്തിക്കാൻ: ഇറ്റലിയിലെ പെന്തക്കോസ്തു പാസ്റ്റർമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയ വാർത്ത വത്തിക്കാൻ റേഡിയോ ആണ് പുറത്തു വിട്ടത്. രണ്ടു വർഷം മുമ്പ് മാർപാപ്പ ഇറ്റലിയിലെ കസാർട്ട നഗരത്തിലെ തൻറെ ബാല്യകാല സുഹൃത്തും ഇവാഞ്ചലിക്കൽ ചർച് ഓഫ് റിക്കൺസിലിയേഷൻ സഭയുടെ പാസ്റ്ററുമായ ഗിയോവന്നി ട്രോയിറ്റിനോയുടെ സഭയിൽ സന്ദർശനം നടത്തിയ വിവരം ലോകശ്രദ്ധ നേടിയിരുന്നു.

പെന്തക്കോസ്തു സഭകളുമായി യോജിക്കേണ്ട മേഖലകളിൽ ഒന്നിച്ചു കൈകോർത്തു പ്രവർത്തിക്കാമെന്ന്‌ അന്ന് പോപ്പ് പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായിട്ടുള്ള സന്ദർശനമാണിതെന്ന് റേഡിയോ പുറത്തു വിട്ട വാർത്താകുറിപ്പിൽ പറയുന്നു.

കാസാ സാന്റാ മാർട്ടയിൽ വെച്ചാണ് മാർപാപ്പ തന്റെ ബാല്യകാല സുഹൃത്തും പാസ്റ്ററുമായ ട്രോയിറ്റിനോയുടെ നേതൃത്വത്തിൽ തന്നെ കാണാൻ വന്ന ഏഴംഗ പാസ്റ്റർമാരുടെ സംഘത്തെ സ്വീകരിച്ചത്.

പാപ്പ തന്നെ സുഹൃത്തും സഹോദരനുമായി കാണുന്നതിൽ സന്തോഷമുണ്ടെന്നും കത്തോലിക്കരും പെന്തകൊസ്തുകാരുമായുള്ള സൗഹൃദ സംഭാഷണത്തിന് വേഗം കൂട്ടണമെന്നും മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാസ്റ്റർ ട്രോയിറ്റിനോ പറഞ്ഞു.

പാസ്റ്റർമാരുടെ സന്ദർശനം തന്റെ ഹൃദയത്തെ തൊട്ടതായും ഇനി ഐക്യത്തിന്റെ പാതയിൽ മുന്നോട്ടു പോകുന്നതിനെക്കുറിച്ചു ചിന്തിക്കാമെന്നും പാപ്പയും പറഞ്ഞു.

Source