നേര്‍ച്ച
പ്രസിദ്ധമായ പള്ളിയുടെ മുമ്പിലുള്ള വഴിയില്‍ അവശയായി, വടിയൂന്നി നില്ക്കുന്ന വൃദ്ധയെ കണ്ടപ്പോള്‍ സഹതാപം തോന്നി. പോക്കറ്റില്‍ നിന്ന് ഒരു ചെറിയ തുക കൃത്യമായി എണ്ണിയെടുത്ത് അവര്‍ക്ക് കൊടുത്തു.
വല്യമ്മ വിക്കി വിക്കി പറഞ്ഞു: “മോനേ ദൈവം നിന്നെ അനുഗ്രഹിക്കും. മാതാവിന്റെ കുരിശിങ്കല്‍ നേര്ച്ചയിടാന് എന്റെ കൈയില്‍ ഒന്നുമില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കയായിരുന്നു.”
ഒരു പാവത്തിന് അല്‍പ്പം നന്മ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്തിയോടെ നടന്നുപോയ ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി.
അതാ, വല്യമ്മ കൈയില്‍ കിട്ടിയത് അപ്പാടെ വഴിയിലെ ഭണ്ഡാരക്കുറ്റിയില്‍ ഇടുന്നു. എത്രയാണെന്ന് അവര്‍ തുറന്നു നോക്കിയതു പോലുമില്ല.
– കെ. എം. ജി.


