കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു

pope-ad-deacons

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി പഠിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക കമ്മീഷനെ നിയമിച്ചു. ചരിത്രപരമായി തന്നെ സഭയെ അസ്വസ്ഥപ്പെടുത്തുന്ന വിഷയമാണിത്. വനിതകളെ പൗരോഹിത്യ ശുശ്രൂഷകളില്‍ നിയോഗിക്കുന്നതിനെ യാഥാസ്ഥിക വിഭാഗം എന്നും എതിര്‍ത്തിരുന്നു. ഏഴ് വനിതകളും, ആറ് പുരുഷന്മാരുമടങ്ങുന്ന കമ്മീഷന്‍ സഭയുടെ ചരിത്രത്തില്‍ വനിതകള്‍ വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റി ആഴത്തില്‍ പഠിക്കുന്നതാണ്.
വൈദികര്‍ക്കു താഴെയാണ് ഡീക്കന്മാരുടെ സ്ഥാനം. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് ഇവര്‍ക്ക് അനുമതി ഇല്ലെങ്കിലും മറ്റു പല ശുശ്രൂഷകളും നടത്താന്‍ അനുവാദമുണ്ട്. വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിനെപ്പറ്റി പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാമെന്ന് മേയില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.ഇക്കാര്യത്തില്‍ തനിക്ക് തുറന്ന സമീപനമാണുള്ളതെന്ന് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.
സഭയുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്ക് തീര്‍ത്തും കറവാണെന്നും, അവരെ ഡീക്കന്മാരായി നിയോഗിക്കുന്നത് പല തീരുമാനങ്ങളിലും അഭിപ്രായം പറയാന്‍ അവര്‍ക്ക് അവസരം ലഭ്യമാക്കുമെന്നും ഈ നീക്കത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. വനിതകളെ പൗരോഹിത്യ പദവിയിലേക്ക് പരിഗണിക്കുന്ന കാര്യം മാര്‍പാപ്പ പരിഗണിക്കുന്നില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. നിലവില്‍ കത്തോലിക്കാ സഭയിലെ പുരോഹിതരും, ഡീക്കന്മാരും പുരുഷന്മാരാണ്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണെങ്കിലും, ഡിക്കന്മാര്‍ക്ക് വിവാഹിതരാകാം.

ജോണ്‍ കൊച്ചുകണ്ടത്തില്‍